പൊന്നാനിയിലെ പുരാതന ഗുഹ; സത്യമറിയാൻ ഖനന നടപടികളുമായി പുരാവസ്തു വകുപ്പ്
text_fieldsപൊന്നാനി: പൊന്നാനി ഹാർബറിന് സമീപം കാന നിർമാണത്തിനിടെ പുരാതന ഗുഹ കണ്ടെത്തിയ സംഭവത്തിൽ പുരാവസ്തു വകുപ്പ് ഖനന നടപടികൾ ആരംഭിച്ചു. കർമ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണ ഭാഗമായി പഴയ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്ക് ചാൽ നിർമാണത്തിനായി കുഴിയെടുക്കുന്നതിനിടയിലാണ് ചെങ്കല്ല് കൊണ്ട് നിർമിച്ച ആർച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്.
പഴയ ഇരുനില കെട്ടിടമായിരുന്നെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആർച്ചാണ് നിർമിച്ചിരിക്കുന്നത്. നിർമാണത്തിന് ഏകദേശം നൂറ് വർഷത്തിനടുത്ത് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അടിത്തറയിലെ മണ്ണ് നീക്കി ഖനനം നടത്തിയാൽ മാത്രമേ, ആർച്ചിന്റെയും ഗുഹയുടെയും യഥാർഥ വസ്തുത അറിയൂവെന്നതിനാലാണ് ഖനനം ആരംഭിച്ചത്.
കോഴിക്കോട് പഴശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫിസർ കെ. കൃഷ്ണരാജിന്റെ മേൽനോട്ടത്തിൽ രണ്ട് ഉദ്യോഗസ്ഥരും, ആറ് തൊഴിലാളികളുമാണ് ഖനനം നടത്തുന്നത്. ആദ്യഘട്ടത്തിൽ കസ്റ്റംസ് ഓഫിസ് കെട്ടിടത്തിന്റെ മുൻവശത്ത് വലിയ കുഴിയെടുത്ത് കെട്ടിടത്തിന് താഴെ എത്ര ആർച്ചുകളുണ്ടെന്ന് കണ്ടെത്തും.
തുടർന്ന് ഒരു ആർച്ചിൽ മാത്രം പൂർണമായും ഖനനം നടത്തി ഗുഹയായിരുന്നോ, വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമായിരുന്നോ എന്ന് മനസ്സിലാക്കും. രണ്ടാഴ്ചയോളം നടപടികൾ തുടരും. തുടർന്ന് പുരാവസ്തു ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും. പി. നന്ദകുമാർ എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഖനനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.