കുരുക്കഴിക്കണം ആതുരാലയ നഗരത്തിൽ
text_fieldsആശുപത്രിനഗരമെന്നും ക്ഷേത്രനഗരമെന്നും പെരിന്തൽമണ്ണയെയും അങ്ങാടിപ്പുറത്തെയും വിശേഷിപ്പിക്കാറുണ്ട്. കേരളത്തിൽ ഏതൊരു ചെറുകിട, ഇടത്തരം പട്ടണങ്ങളിലുംകാണാത്ത രീതിയിൽ ജീവൻ തുടിക്കുന്ന ശരീരവുമായി അംബുലൻസുകൾ ചീറിപ്പായുന്ന കാഴ്ച ഇവിടെ മാത്രമാണ്. കാഴ്ചപ്പാടില്ലാത്ത ഭരണസംവിധാനവും ചുവപ്പുനാടയുംഅനിവാര്യമായി നടപ്പാവേണ്ട റോഡ്, പശ്ചാത്തല വികസനം മുരടിപ്പിക്കുന്നു. വർഷങ്ങളായി ജനങ്ങളുടെ മുറവിളികളാണ് എങ്ങുമെത്താതെ പോവുന്നത്. ‘കുരുക്കഴിക്കണം,ആതുരാലയ നഗരത്തിൽ’ മാധ്യമം പരമ്പര ഇന്നുമുതൽ.
ജീവനും കൊണ്ടോടുന്ന പാതകൾ
സ്പെഷാലിറ്റിയും സൂപ്പർ സ്പെഷാലിറ്റിയും അടക്കം ചെറുതും വലുതുമായി 13 ആശുപത്രികളാണ് പെരിന്തൽമണ്ണ നഗരസഭ പരിധിയിൽ. ഇവക്ക് പുറമെയാണ് താഴെക്കോട് പഞ്ചായത്ത് പരിധിയിൽ വരുന്ന ഇ.എം.എസ് സഹകരണ ആശുപത്രിയും അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിൽവരുന്ന എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയും. നിരന്തരം ജീവനുമായി ആംബലൻസുകൾ ചീറിപ്പായുന്ന പ്രദേശം. ചുരുങ്ങിയ ചുറ്റളവിൽ 800ന് അടുത്ത് ഡോക്ടർമാരുള്ള ഐ.എം.എയുടെ വലിയ യൂനിറ്റ്. എന്നാൽ,ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് പെരിന്തൽമണ്ണ നഗരവും പരിസരങ്ങളും.
കഴിഞ്ഞ 20 വർഷമായി തേടുന്നതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം. കോഴിക്കോട്-പാലക്കാട് ദേശീയപാത കടന്നുപോവുന്ന നഗരമെന്ന നിലയിൽ രാവും പകലും തിരക്കൊഴിയാത്ത ഗതാഗതമാണ് ഇതുവഴി. ഇടക്കാലത്ത് 2009ൽ മാനത്തുമംഗലം മുതൽ പൊന്ന്യാകുർശ്ശി വരെ നീളുന്ന ബൈപാസിന് ഭൂമിയെടുത്ത് പുതിയ റിങ് റോഡിന്റെ ഒരു ഭാഗം നിർമിച്ചതും പ്രതിദിനം 16 തവണ അടച്ചിട്ടിരുന്ന അങ്ങാടിപ്പുറത്തെ റെയിൽവേ ഗേറ്റിന്റെ സ്ഥാനത്ത് മേൽപാലം പണിതതുമാണ് ഇക്കാലയളവിലെ പ്രധാന വികസനം.
എന്നാൽ, കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലെങ്കിലും പെരിന്തൽമണ്ണയിലെ മുഖ്യവികസന വിഷയം രൂക്ഷമായ ഗതാഗതക്കുരുക്കിനും നിരത്ത് സ്തംഭവനത്തിനുമുള്ള പരിഹാരവും അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനവുമായിരുന്നു. ഇടത്തരം, വലിയ ടൗണുകളാൽ കോർത്തിണക്കപ്പെട്ട് കിടക്കുന്നതാണ് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മലപ്പുറം ജില്ലയിൽ വരുന്നഭാഗം.
കരിങ്കല്ലത്താണിക്കും പെരിന്തൽമണ്ണക്കും ഇടയിലാണ് വലിയ ടൗണില്ലാത്തത്. പെരിന്തൽമണ്ണ നഗരസഭ പരിധിയോട് ചേർന്നാണ് ക്ഷേത്ര നഗരമായി വിശേഷിപ്പിക്കുന്ന അങ്ങാടിപ്പുറം ടൗൺ. അവിടന്നങ്ങോട്ട് കോഴിക്കോട് ജില്ല അതിർത്തി വരെ ഇടവിട്ട് ഇടത്തരം ചെറുപട്ടണങ്ങളാണ്. അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ടൗണുകളിൽ കടക്കാതെ ദേശീയപാതയിലൂടെ ചരക്കുവാഹനവും വലിയ യാത്ര വാഹനങ്ങളും കടന്നുപോവാനുള്ള റോഡ് സൗകര്യമുണ്ടെങ്കിൽ ആശുപത്രി നഗരത്തിന് ആശ്വസിക്കാമെന്ന നിഗമനത്തിലാണ് 2009ൽ ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് എന്ന ആശയം ജനിക്കുന്നത്.
അങ്ങാടിപ്പുറം പഞ്ചായത്തിലെ ഓരാടംപാലം മുതൽ പെരിന്തൽമണ്ണ നഗരസഭയിലെ മാനത്തുമംഗലം വരെ നിലവിൽ റോഡില്ലാത്ത ഭാഗത്ത് ഭൂമി ഏറ്റെടുത്ത് 24 മീറ്റർ വീതിയിൽ പുതുതായി 4.1 കി.മീ റോഡ് നിർമാണമായിരുന്നു ആശയം. 2010ൽ അന്നത്തെ വി.എസ്. സർക്കാർ ഇതിനായി 10 കോടി രൂപയും അനുവദിച്ചു.
കൊല്ലം 13 കഴിയുമ്പോഴും കടലാസിലുറങ്ങുകയാണ് ഈ പദ്ധതി. വലമ്പൂർ ഏഴുകണ്ണിയിൽ റെയിൽവേ ക്രോസ് ചെയ്ത് വേണം റോഡുനിർമിക്കാൻ. ഇവിടെ റെയിൽവേ പാളത്തിന് മുകളിലൂടെയാണ് റോഡ് വരേണ്ടത്. കുറഞ്ഞത് 250 കോടി രൂപയെങ്കിലും ഉണ്ടെങ്കിലേ ഭൂമി ഏറ്റെടുത്ത് റോഡ് യാഥാർഥ്യമാക്കാനാവൂ എന്നതിനാൽ 2016ലും 2021ലും അധികാരമേറ്റ ഇടത് സർക്കാറിന് പെരിന്തൽമണ്ണയിലെയോ ഇതുവഴി യാത്ര ചെയ്യുന്നവരുടെയോ പ്രയാസം വലിയ വിഷയമായിട്ടില്ല.
നാട്ടുകാരോ സംഘടനകളോ വിഷയമാക്കുമ്പോൾ പെരിന്തൽമണ്ണയിലെയും മങ്കടയിലെയും എം.എൽ.എമാരും ഏറ്റുപിടിക്കുമെന്നല്ലാതെ അവർക്കും ഇത് മുഖ്യ വികസന പ്രശ്നമായി തോന്നിയിട്ടില്ല. മെനക്കെട്ട് ഇറങ്ങിയാൽ സർക്കാർ ഭാഗത്തുനിന്നും ചലനമുണ്ടാവണം. അല്ലെങ്കിൽ കാണുന്നവരും അറിയുന്നവരും എന്ത് വിചാരിക്കുമെന്ന ചിന്തയിലാണ് ജനപ്രതിനിധികൾ. എന്താണ് പെരിന്തൽമണ്ണയിലെ യും ദേശീയപാതയിലെയും ഗതാഗതക്കുരുക്കിനുള്ള പരിഹാരമെന്ന് സർക്കാർ വകുപ്പുകളോ ഉദ്യോഗസ്ഥരോ ഇനി പരിശോധിക്കേണ്ടാത്ത വിധം ഇതുവഴി യാത്ര ചെയ്യുന്നവർക്കെല്ലാം ബോധ്യമാണ്. പരിഹാരമാണ് വേണ്ടത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.