ജനസംഖ്യയിലും ഭൂവിസ്തൃതിയിലും മുമ്പിൽ; അങ്ങാടിപ്പുറം പഞ്ചായത്ത് വിഭജിക്കണമെന്ന് ആവശ്യം
text_fieldsഅങ്ങാടിപ്പുറം: ജനസംഖ്യ വർധനവ്, ഭൂവിസ്തൃതി, നഗരവത്കരണം തുടങ്ങി എല്ലാ ഘടകങ്ങളിലും ജില്ലയിൽ മുന്നിട്ട് നിൽക്കുന്ന അങ്ങാടിപ്പുറം പഞ്ചായത്ത് വിഭജിക്കണമെന്ന് ആവശ്യം.
രണ്ടു വില്ലേജുകളിലായി 70,000ന് മുകളിലാണ് ഇവിടത്തെ ജനസംഖ്യ. പുതിയ തദ്ദേശ സ്ഥാപനങ്ങളുടെ രൂപവത്കരണത്തിന് സർക്കാർ ആലോചിച്ച ഘട്ടങ്ങളിലെല്ലാം പരിഗണനാപട്ടികയിൽ ഉൾപ്പെട്ടതാണ് അങ്ങാടിപ്പുറം.
2010 ലും പിന്നീട് 2015ലും ഏറ്റവും ഒടുവിൽ 2020ലും ഈ ആവശ്യം ഉയർന്നിരുന്നു. അന്നെല്ലാം പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി നടക്കാതെ പോയി.
കീഴാറ്റൂർ, വെട്ടത്തൂർ, മങ്കട, പുഴക്കാട്ടിരി, പുലാമന്തോൾ പഞ്ചായത്തുകളും പെരിന്തൽമണ്ണ നഗരസഭയുമാണ് അങ്ങാടിപ്പുറം പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്നത്. കഴിഞ്ഞ മൂന്നു തദ്ദേശ വാർഡ് വിഭജന ഘട്ടത്തിലും പരമാവധി വാർഡുകൾ ഉൾപ്പെടുന്ന പഞ്ചായത്താണ് അങ്ങാടിപ്പുറം. നിലവിലെ 23 വാർഡ് ഇത്തവണ 24 ആവും. അതേസമയം സമീപ പഞ്ചായത്തുകളിലുള്ളതിനേക്കാൾ ഓരോ വാർഡിലും ഇവിടെ പരമാവധി വോട്ടർമാരാണ്.
മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ സേവനം ചെയ്ത് ഇവിടെ എത്തുന്ന ജീവനക്കാർ ഭൃവിസ്തൃതിയും ജനസംഖ്യയും കാരണം ഇരട്ടി ജോലി ചെയ്യേണ്ട സ്ഥിതിയാണ്. അത് കാരണമാണ് ഓൺലൈൻ ട്രാൻസ്ഫർ ക്രമത്തിലുള്ള അപേക്ഷയിൽ അങ്ങാടിപ്പുറത്തേക്ക് കൂടുതൽ സമീപത്തുള്ളവർ പോലും സന്നദ്ധരാവാത്തത്.
സംസ്ഥാന സർക്കാറും തദ്ദേശ വകുപ്പും വകുപ്പിലെ മുൻകാലങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരുമാണ് ഈ സ്ഥിതിക്ക് കാരണം. അതേസമയം ന്യായമായി സാധാരണക്കാർക്ക് ലഭിക്കേണ്ട സേവനങ്ങൾ അകാരണമായി മുടങ്ങുകയോ കാലതാമസം വരികയോ ചെയ്യുന്നുണ്ട്. കോഴിക്കോട്-പാലക്കാട് ദേശീയപാത കടന്നു പോവുന്നത് കൊണ്ടും ക്ഷേത്രനഗരമായ അങ്ങാടിപ്പുറം ടൗൺ ഉൾപ്പെടുന്നത് കൊണ്ടും മറ്റു തദ്ദേശ സ്ഥാപനങ്ങളെ അപേക്ഷിച്ച് വ്യാപാര സമുച്ഛയങ്ങളും കച്ചവടാവശ്യാർഥമുള്ള കെട്ടിടങ്ങളും കൂടുതലാണ്. പഞ്ചായത്ത് വിഭജനത്തിന് സർക്കാർ മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.