ശേഖരിച്ച മാലിന്യം നീക്കം ചെയ്യാനാവാതെ അങ്ങാടിപ്പുറം പഞ്ചായത്ത്
text_fieldsഅങ്ങാടിപ്പുറം: കുറ്റമറ്റ രീതിയിൽ മാലിന്യ സംസ്കരണം നടക്കാതെ ഗുരുതര പ്രതിസന്ധിയിൽ അങ്ങാടിപ്പുറം പഞ്ചായത്ത്. വാടകക്കെടുത്ത സ്ഥലം നിറഞ്ഞ് ഇനി സംഭരണം സാധ്യമല്ലാത്ത വിധം പ്രതിസന്ധിയിലാണ്. വീടുകളിൽനിന്ന് ശേഖരിക്കുന്ന ഖരമാലിന്യം വലമ്പൂരിൽ സ്ഥലം വാടകക്കെടുത്താണ് സംഭരിക്കുന്നത്. ഇവിടെ കേന്ദ്രത്തിലെ സ്ഥലം തികയാതെ പരിസരം മാലിന്യം നിറഞ്ഞു കവിഞ്ഞു.
ഇനി സംഭരിച്ചു സൂക്ഷിക്കാനാവില്ല. വീടുകളിൽനിന്ന് ചാക്കുകളിലാക്കി റോഡ് വക്കുകളിൽ കൊണ്ടുവന്നു വെച്ചവ ശേഖരിക്കാൻ ഹരിതകർമ സേനക്കും സാധ്യമാവുന്നില്ല. കൂടുതൽ സ്ഥലം വാടകക്കെടുത്ത് സംഭരണ കേന്ദ്രത്തിന്റെ വിസ്തൃതി വർധിപ്പിക്കാൻ പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങൾക്കും ഭൂമി വിലക്ക് വാങ്ങി സ്വന്തം സംഭരണ കേന്ദ്രം ആരംഭിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കും ഉദ്യോഗസ്ഥ പിന്തുണ ലഭിക്കുന്നില്ല. ദേശീയപാത കടന്നു പോകുന്നതിനാൽ നഗരസഭയുടെ സ്വഭാവമുള്ള അങ്ങാടിപ്പുറത്ത് സർക്കാർ നിർദേശിച്ചത് പ്രകാരമുള്ള മാലിന്യ സംസ്കരണത്തിനുള്ള സൗകര്യമോ വിഭവങ്ങളോ ഇല്ല.
ഒട്ടേറെ പരാതികൾക്ക് ശേഷമാണ് ഹരിതകർമ സേന സംവിധാനമുണ്ടായത്. ഇപ്പോഴും സമയബന്ധിതമായി മുഴുവൻ വീടുകളിലും സേന എത്തുന്നില്ല. മഴയും വെയിലുമേൽക്കാത്ത സ്ഥലത്ത് പാഴ്വസ്തുക്കൾ വേർതിരിച്ച് കൈമാറണം.
ഇതിന് ആവശ്യത്തിന് സൗകര്യവും ജീവനക്കാരും വേണം. ഗ്രാമ പ്രദേശങ്ങളിൽ മാലിന്യത്തിന്റെ അളവു കൂടിയതിനാലും വേണ്ട ആസൂത്രണമില്ലാത്തതിനാലും കാര്യമായി ഒന്നും നടക്കുന്നില്ല. മഴക്കാലത്തിന് മുമ്പ് പൊതു സ്ഥലത്തെ മാലിന്യനീക്കവും പരാജയമാണ്.
മാലിന്യ സംസ്കരണത്തിൽ പിന്നിലായ സംസ്ഥാനത്തെ 35 ഓളം പഞ്ചായത്തുകളുടെ കൂട്ടത്തിലാണ് അങ്ങാടിപ്പുറമെന്നും പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബോർഡ് യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ പരമാവധി വീടുകളിൽനിന്ന് യൂസേഴ്സ് ഫീ പിരിക്കാനാണ് നോക്കിയതെന്നും മാലിന്യനീക്കം വേണ്ടവിധം നടന്നില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മാലിന്യം കുന്നുകൂടിയത് ക്ലീൻകേരള കമ്പനിയുടെ അലംഭാവം മൂലം -പഞ്ചായത്ത്
അങ്ങാടിപ്പുറം: സംസ്ഥാന സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയുടെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഖരമാലിന്യ സംസ്കരണം അവതാളത്തിലാവാൻ കാരണമെന്ന് പഞ്ചായത്ത് ഭരണസമിതി. ക്ലീൻ കേരള കമ്പനിയാണ് ഖര മാലിന്യം കൊണ്ടുപോകേണ്ടത്. ഈ സ്ഥാപനം ഗുരുതര വീഴ്ച വരുത്തിയാലും മറ്റൊരു സ്ഥാപനത്തിനും കരാർ ഏൽപിക്കാൻ പഞ്ചായത്തിന് അനുമതിയില്ല.
അതേസമയം മാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യമാണ് ആദ്യം വേണ്ടതെന്നും വേർതിരിച്ച് വലിയ ചാക്കുകളിൽ അടുക്കിയിട്ടവ പെട്ടെന്ന് നീക്കാമെന്നും എം.സി.എഫിൽ ഇത്തരം സൗകര്യം ഇല്ലാത്തതാണ് അങ്ങാടിപ്പുറത്തെ പ്രശ്നമെന്നും ക്ലീൻ കേരള കമ്പനി പ്രതിനിധികൾ പറഞ്ഞു. ഇത് പരിഹരിക്കുന്നുണ്ട്. ബാക്കിയുള്ളവ താമസമില്ലാതെ നീക്കാനാവുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.