അങ്ങാടിപ്പുറത്ത് ഭരണസമിതിയിൽനിന്ന് സി.പി.എം അംഗങ്ങൾ ഇറങ്ങിപ്പോയി
text_fieldsഅങ്ങാടിപ്പുറം: പഞ്ചായത്തിൽ വിവിധ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത ഭരണസമിതി നിലപാടിനെതിരെ സി.പി.എം അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തെരുവുവിളക്കുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുക, ഹരിത കർമസേന പ്രവർത്തനം കാര്യക്ഷമമാക്കുക, സേവനങ്ങൾ കാലതാമസം കൂടാതെ നൽകുക, സർക്കാർ അനുവദിച്ച ഫണ്ട് ലാപ്സാക്കാതെ ചെലവഴിക്കുക, ടൗൺ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവക്ക് പരിഹാരം കണ്ടിട്ടില്ല. ആവശ്യങ്ങളിൽ നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ് യു.ഡി.എഫ് ഭരണ സമിതിയെന്ന് സി.പി.എം കുറ്റപ്പെടുത്തി. ഇക്കാര്യം ഉന്നയിച്ചശേഷം ഭരണസമിതി യോഗത്തിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി.
പ്രതിപക്ഷ അംഗങ്ങളായ കെ.ടി. നാരായണൻ, ഷിഹാദ് പേരയിൽ, കോറാടൻ റംല, അനിൽ പുലിപ്ര, ജൂലി പോളി, പി. രത്നകുമാരി, പി. വിജയകുമാരി വാഹിദ ബാപ്പുട്ടി, ഖദീജ അസീസ് എന്നിവരാണ് യോഗത്തിൽനിന്ന് പ്രതിഷേധിച്ചത്. പുതിയ ഭരണസമിതി ചുമതല ഏറ്റത് മുതൽ ഉള്ളതാണ് ക്ഷേത്ര നഗരിയിലെ മാലിന്യപ്രശ്നം. അതേസമയം, തെരുവുവിളക്ക് അറ്റകുറ്റപ്പണിയും പുതിയവ സ്ഥാപിക്കലും ഊർജിതമായി നടക്കുന്നതായി വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അറിയിച്ചു. മാലിന്യം നീക്കുന്നതിൽ ചില വീഴ്ചകളും പോരായ്മകളും ഉണ്ട്. വേണ്ടത്ര ഭൂമി ഇല്ല. ഭൂമി വാങ്ങാൻ നടപടി ആരംഭിച്ചു. ഇപ്പോൾ വാടക സ്ഥലത്താണ് മാലിന്യം വേർതിരിക്കൽ കേന്ദ്രം. മാലിന്യം നീക്കാൻ കരാറെടുത്ത വർ ഇടക്കാലത്ത് നിർത്തിപ്പോയി.
സ്വന്തമായി വാഹനം വാങ്ങാൻ നടപടി പൂർത്തിയായി. സേവനങ്ങൾ വൈകുന്നതിൽ സർക്കാറാണ് കുറ്റക്കാർ. ഇപ്പോഴും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. നികത്താൻ നടപടി സ്വീകരിക്കുന്നില്ലെന്നും ഭരണ സമിതി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.