അങ്ങാടിപ്പുറത്ത് ഹരിതകർമസേന പ്രവർത്തനം വ്യവസ്ഥാപിതമാക്കുന്നു
text_fieldsഅങ്ങാടിപ്പുറം: പഞ്ചായത്തിൽ ഹരിതകർമ സേനയുടെ പ്രവർത്തനം വ്യവസ്ഥാപിതമാക്കാൻ നടപടി തുടങ്ങി. മുഴുവൻ വളന്റിയർമാരും ഒന്നോ രണ്ടോ വാർഡിൽ ഒന്നിച്ച് മാലിന്യമെടുക്കുകയും തൊട്ടടുത്ത ദിവസങ്ങളിൽ അവ സംഭരണ കേന്ദ്രത്തിൽവെച്ച് വേർതിരിക്കുകയും ലോഡ് തികയുന്ന മുറക്ക് അതിലെ റിജക്റ്റഡ് വേസ്റ്റ് ക്ലീൻ കേരള കമ്പനി വഴി കയറ്റി അയക്കുകയും ചെയ്യുന്നരീതി അവലംഭിക്കും. ഇതുവരെ ചെയ്തുവന്നത് മൊത്തം മാലിന്യം ശേഖരിക്കുകയും അവ സംഭരണ കേന്ദ്രത്തിൽ കൊണ്ടുവന്നിടുകയും വേർതിരിച്ചവ അവിടെനിന്ന് കൊണ്ടുപോവാൻ പാകത്തിൽ തയാറാക്കി വെക്കാതെ കൂട്ടിയിടുകയും ചെയ്യുകയായിരുന്നു.
വീടുകളിൽനിന്ന് ശേഖരിച്ച മാലിന്യം പ്ലാസ്റ്റിക് അടക്കമുള്ളവ വേർതിരിച്ചാൽ ബാക്കിയുള്ളവക്ക് കി.ഗ്രാം കണക്കാക്കി ഹരിതകർമ സേനക്ക് പണം കിട്ടും. പ്ലാസ്റ്റിക് അടക്കം പാഴ് വസ്തുക്കൾ റിജക്ടറ്റഡ് മാലിന്യം കി.ഗ്രാമിന് 10.50 രൂപ കണക്കാക്കി ക്ലീൻ കേരള കമ്പനിക്ക് അങ്ങോട്ട് പണം കൊടുക്കണം. വേർതിരിക്കാതെ ഇവ കയറ്റി അയച്ചുവന്നപ്പോൾ സംഭവിച്ചത് ഹരിത കർമസേനക്ക് കിട്ടേണ്ട വരുമാനം കുറയുകയും മൊത്തം മാലിന്യം തൂക്കി അതിന് 10.50 രൂപ കിലോക്ക് കണക്കാക്കിയപ്പോൾ പഞ്ചായത്തിന് ഭീമമായ ചെലവുവരികയും ചെയ്തു.
വേർതിരിച്ച് ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഇതര മാലിന്യത്തിന് വില ലഭിക്കും. എന്നാൽ ആ വസ്തുക്കൾക്ക് കൂടി തൂക്കി ഭാരം കണക്കാക്കി പഞ്ചായത്ത് അങ്ങോട്ട് വില നൽകി വരികയായിരുന്നു. ഹരിതകർമ സേനയുടെ പ്രവർത്തനം വ്യവസ്ഥാപിതമായി ക്രമീകരിക്കാൻ ഭരണസമിതിക്ക് താൽപര്യം കുറവായിരുന്നു.
ജില്ലയിൽ ഒരു പഞ്ചായത്തിലും ഇല്ലാത്ത വിധം വീടുകളിൽനിന്ന് ശേഖരിച്ച ലോഡ് കണക്കിന് മാലിന്യം വെയിലും മഴയുംകൊണ്ട് പകർച്ച രോഗഭീഷണി പരത്തുന്ന വിധത്തിൽ കിടക്കുകയാണ് അങ്ങാടിപ്പുറം പഞ്ചായത്തിൽ. ഹരിതകർമ സേവനക്കു കൂടി വരുമാനം ലഭിക്കുന്നതാണ് വേർതിരിച്ച് റജക്റ്റഡ് മാലിന്യം കെട്ടുകളാക്കി നൽകുന്നത്. ഇത് വൻകിട സിമന്റ് കമ്പനികളിലേക്കാണ് കൊണ്ടുപോവുന്നത്. വേർതിരിക്കാതെ കൊണ്ടുപോയാൽ, കൊടുക്കുന്നേടത്ത് ഇവ വേർതിരിച്ച് റിജക്റ്റഡ് മാലിന്യം വേർതിരിക്കുകയും ബാക്കിയുള്ളതിന് അവർ വില കണക്കാക്കി സ്വന്തമാക്കുകയും ചെയ്യും. ജില്ലയിലെ എ ഗ്രേഡ് പഞ്ചായത്തായ അങ്ങാടിപ്പുറത്ത് ഇത്തരം കാര്യങ്ങൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ മുതിരാതിരുന്നതിന്റെ ഫലമാണ് സംഭരണ കേന്ദ്രത്തിൽ വൻതോതിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.