പരിയാപുരത്ത് ലൈഫ് മിഷൻ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു
text_fieldsഅങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ 18ാം വാർഡ് പരിയാപുരം കിഴക്കേ മുക്കിൽ താമസിക്കുന്ന ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ ഒന്നിന് മുകളിലേക്ക് ശനിയാഴ്ച രാത്രി മണ്ണിടിഞ്ഞു. കനത്ത മഴയിൽ മണ്ണും വെള്ളവും വീട്ടിലേക്ക് കുത്തിയൊലിച്ചെത്തി. പരിയാപുരത്തെ ടി. ശൈലജയുടെ വീടിന്റെ അടുക്കളയിലേക്ക് മുകളിൽനിന്ന് മണ്ണിടിഞ്ഞ് ചളിയും വെള്ളവും കയറി. ഗർഭിണിയായ മകൾ അടക്കം മൂന്ന് പേരായിരുന്നു വീട്ടിൽ. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് പിഞ്ചുകുട്ടികൾ അടക്കമുള്ള വീട്ടുകാർ ഇവിടെ താമസിക്കുന്നത്.
മലയിടിച്ചിൽ ഭീഷണിയിൽനിന്ന് സംരക്ഷണം നൽകാൻ സുരക്ഷഭിത്തി കെട്ടാൻ സർക്കാർ തയാറാകണമെന്ന് കുടുംബങ്ങളും വിവിധ സംഘടനകളും നിരവധി തവണ ആവശ്യപ്പെട്ടതാണ്. അങ്ങാടിപ്പുറം പഞ്ചായത്ത് മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് അനുയോജ്യമല്ലാത്ത സ്ഥലത്ത് 26 കുടുംബങ്ങൾക്ക് വീടുവെച്ച് നൽകിയത്. അപകടഭീഷണി കാരണം 16ൽ 10 കുടുംബങ്ങളും മഴക്കാലത്ത് ഇവിടെ താമസിക്കുന്നില്ല.
ശനിയാഴ്ച മണ്ണും വെള്ളവും ഒലിച്ചിറങ്ങി വീട് അപകടഭീഷണിയിലായ കാര്യം റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ മാറിത്താമസിക്കാൻ നിർദേശിച്ചു. എന്നാൽ, മാറിത്താമസിക്കാൻ വഴിയില്ലാതെ കുടുംബങ്ങൾ ഇവിടെ തുടരുകയാണ്. ശക്തമായി പെയ്യുന്ന മഴയിൽ മുകളിൽനിന്ന് വെള്ളവും മണ്ണും കുത്തിയൊലിച്ചുവന്ന് വീടുകൾ തകർച്ചഭീഷണി നേരിടുന്ന സ്ഥിതിയുണ്ടെന്ന് വാർഡ് അംഗം അനിൽ പുലിപ്ര പറഞ്ഞു. ജില്ല ദുരന്തനിവാരണ അതോറിറ്റി, കലക്ടർ അടക്കമുള്ള ആളുകൾക്ക് പരാതി നൽകിയിട്ടും ശാശ്വത പരിഹാരം കാണാൻ ആരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ലെന്ന് കുടുംബങ്ങൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.