അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിനോടുള്ള അവഗണന; കുഴിയടച്ച് എം.എൽ.എയുടെ പ്രതിഷേധം
text_fieldsകൊളത്തൂർ: സംസ്ഥാന നിയമസഭയിൽ പലതവണ സബ്മിഷൻ ഉന്നയിച്ചിട്ടും ചോദ്യങ്ങൾ ചോദിച്ചിട്ടും 15ലധികം തവണ വകുപ്പുമന്ത്രിക്ക് കത്ത് നൽകിയിട്ടും അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ വേറിട്ട സമരം. ഈ റൂട്ടിൽ വെങ്ങാട്-എടയൂർ ജങ്ഷൻ മുതൽ ഓണപ്പുടവരെയുള്ള റോഡിലെ കുഴിയടച്ചുകൊണ്ടായിരുന്നു മങ്കട എം.എൽ.എ ജനകീയ സമരമുറ നടപ്പാക്കിയത്. കുഴിയടക്കൽ സമരത്തിന്റെ ഉദ്ഘാടനം വെങ്ങാട്-എടയൂർ ജങ്ഷനിൽ എം.എൽ.എ നിർവഹിച്ചു.
റോഡ് പൂർണമായും ബി.എം ആൻഡ് ബി.സി ചെയ്യുന്നതിന് 18 കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയത്. എങ്കിലും 2023 -24 വാർഷിക ബജറ്റിൽ 100 രൂപ ടോക്കൺ പ്രൊവിഷൻ മാത്രമാണ് സർക്കാർ വകയിരുത്തിയത്. വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും 2022 ഒക്ടോബർ 29ന് അങ്ങാടിപ്പുറത്ത് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുകയുമുണ്ടായി. പ്രധാന പ്രവൃത്തി എന്ന അടിസ്ഥാനത്തിൽ ആദ്യം മൂന്ന് കോടി രൂപ അനുവദിക്കുകയും ബി.എം പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തു. കൂടാതെ കേന്ദ്ര സർക്കാർ സി.ഐ. ആർ.എഫ് ഫണ്ടിൽ കൊളത്തൂരിൽ രണ്ട് പാലം നിർമിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് ഭരണാനുമതിയായിട്ടുണ്ട്. പക്ഷേ, പണി പൂർത്തീകരിച്ചാൽ മാത്രമേ പണം നൽകൂ എന്നതുകൊണ്ട് പ്രവൃത്തി ആരംഭിക്കാനായില്ല. ഇതോടെ കൊളത്തൂർ പൊലിസ് സ്റ്റേഷൻപടി കേന്ദ്രീകരിച്ച് സമരം സംഘടിപ്പിച്ചിരുന്നു. ഇതേതുടർന്നാണ് സെപ്റ്റംബർ 12ന് അഞ്ച് കോടി അനുവദിച്ച് പി.ഡബ്ല്യു.ഡി ഉത്തരവ് നൽകിയത്. പുത്തനങ്ങാടി പള്ളിപ്പടി മുതൽ പാലച്ചോട് മഖാം വരെയുള്ള പ്രവർത്തനത്തിന് ടെൻഡർ നൽകിയിട്ടുണ്ട്. എട്ട് കോടി രൂപ സംസ്ഥാന സർക്കാറിൽ നിന്നും 10 കോടി രൂപ കേന്ദ്ര സർക്കാറിൽ നിന്നും ലഭ്യമായെങ്കിൽ മാത്രമാണ് റോഡ് ഗതാഗത യോഗ്യമാക്കാനാവുകയുള്ളൂ.
ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഫണ്ട് വരട്ടെ എന്നിട്ട് നോക്കാമെന്ന മറുപടിക്ക് കാത്തുനിൽക്കാനാവില്ലെന്നും പണി തുടങ്ങാനുള്ള ഫണ്ട് ലഭിക്കുന്നതുവരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് വഴിതടയൽ സമരം വരെ നടത്തുമെന്നും മഞ്ഞളാം കുഴി അലി എം.എൽ.എ പറഞ്ഞു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കരീം, മണ്ഡലം ലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ്, കെ.പി. ഹംസ, സഹൽ തങ്ങൾ, അഡ്വ. വി. മൂസ്സക്കുട്ടി, മുജീബ് വെങ്ങാട്, സൈഫുദ്ദീൻ കളത്തിങ്ങൽ, വീരാൻ ഹാജി, ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് അംഗം റഹ്മത്തുന്നിസ, പഞ്ചായത്ത് അംഗങ്ങളായ കലമ്പൻ വാപ്പു, അബ്ബാസ് വാതുകാട്ടിൽ, ജോർജ്, സി.പി. സൈദ്, അറഫ ഉനൈസ്, എം.ടി. ഹംസ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.