പരിയാപുരത്തെ ഡീസൽ ചോർച്ച; നടപടിയില്ലെങ്കിൽ പ്രത്യക്ഷ സമരം
text_fieldsഅങ്ങാടിപ്പുറം: പരിയാപുരത്ത് ടാങ്കർ ലോറി മറിഞ്ഞ് വലിയതോതിൽ ഡീസൽ ചോർച്ചയുണ്ടായി 12 ദിവസം കഴിഞ്ഞിട്ടും പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം കണ്ടെത്താൻ അധികൃതർക്ക് കഴിയാത്ത സാഹചര്യത്തിൽ വസ്തുതകൾ ജില്ല കലക്ടറെ ബോധിപ്പിക്കും. ജനകീയ സമിതി ഭാരവാഹികൾ നാട്ടുകാർ ഒപ്പിട്ട നിവേദനവും സമർപ്പിക്കും.
അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങും. കലക്ടർ സ്ഥലം സന്ദർശിക്കണമെന്നും സർക്കാർ വകുപ്പുകളെയും ത്രിതല പഞ്ചായത്തുകളെയും ഏകോപിപ്പിച്ച് കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
സമീപത്തെ എല്ലാ കിണറുകളിലെയും ജലം പരിശോധിക്കുക, നഷ്ടപരിഹാരം നൽകുക, വീടുകളിലും സ്ഥാപനങ്ങളിലും 24 മണിക്കൂറും വെള്ളം കിട്ടത്തക്ക വിധം ടാങ്ക് സ്ഥാപിച്ച് പൈപ്പ് ലൈൻ കണക്ഷൻ നൽകുക, പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുവരെ സ്ഥലവാസികൾക്ക് ടാങ്കറുകളിൽ വെള്ളമെത്തിക്കുക, ടാങ്കർ മറിഞ്ഞ അപകടാവസ്ഥയിലുള്ള പുളിങ്കാവ്-പരിയാപുരം റോഡിൽ അടിയന്തരമായി സിഗ്നൽ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. 20,000 ലിറ്റർ ഡീസലാണ് മണ്ണിൽ കലർന്നത്. ഇതിനകം നാലുകിണറുകളിൽ ഡീസൽ സാന്നിധ്യം കണ്ടെത്തി. ദിനംപ്രതി എത്തുന്ന ഡീസൽ കിണറ്റിൽനിന്ന് മാറ്റാനുള്ള സംവിധാനം ഒരുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
ജലജീവൻ പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കം
അങ്ങാടിപ്പുറം: കിണറുകളിൽ ഡീസൽ കലർന്ന വീടുകളിലേക്ക് പ്രത്യേക പൈപ്പ് ലൈൻ വലിക്കാനുള്ള ജലജീവൻ പദ്ധതിക്ക് തുടക്കമായി. ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പ് നീട്ടൽ പ്രവർത്തികൾ നേരത്തേ നടന്നുവരുന്ന ഭാഗമാണിത്. നിർമാണ പ്രവൃത്തികൾ വാർഡ് അംഗം അനിൽ പുലിപ്ര ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ ഏലിയാമ്മ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.