പുറപ്പാടെഴുന്നള്ളത്തോടെ തിരുമാന്ധാംകുന്നിൽ പൂരാഘോഷത്തിന് തുടക്കം
text_fieldsഅങ്ങാടിപ്പുറം: 11 ദിവസം നീളുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന് പുറപ്പാടെഴുന്നള്ളത്തോടെ തുടക്കമായി. ആദ്യദിവസത്തെ രണ്ട് എഴുന്നള്ളത്തിനും ഭക്തരുടെ വലിയ തിരക്കനുഭവപ്പെട്ടു. 2020ലും 2021ലും ഭക്തരുടെ സാന്നിധ്യമില്ലാതെ നിയന്ത്രണങ്ങളോടെയാണ് ഉത്സവം നടത്തിയത് എന്നതിനാൽ ഇത്തവണ കാത്തിരിപ്പിനൊടുവിൽ എത്തിയ പൂരമെന്ന സവിശേഷത കൂടിയുണ്ടായിരുന്നു.
രാവിലെ പത്തിനും രാത്രി 8.30നും വടക്കേ നടയിറങ്ങി നടന്ന ആറാട്ടെഴുന്നള്ളത്തിന് നിരവധി ഭക്തർ സാക്ഷികളായി. ഗുരുവായൂർ ദേവസ്വത്തിന്റെ ജൂനിയർ മാധവൻ, ജൂനിയർ വിഷ്ണു, ഗോപീകൃഷ്ണൻ എന്നീ ഗജവീരന്മാർ അണിനിരന്നു. ഭഗവതിയുടെ തിടമ്പേറ്റിയത് ജൂനിയർ മാധവനാണ്. കോമരങ്ങളായ എടപ്പറ്റ ഗോവിന്ദൻ നായർ, മകൻ ഗോവിന്ദൻകുട്ടി, എരവിമംഗലം ശ്രീധരൻ, കാപ്പ് നാരായണൻകുട്ടി എന്നിവരും എഴുന്നള്ളത്തിന് അകമ്പടിയായി. ദേവസ്വം മാനേജർ സി.സി. ദിനേശ്, അസിസ്റ്റൻറ് മാനേജർ എ.എം. ശിവപ്രസാദ്, കാവുട നായർ കേശവൻകുട്ടി മേനോൻ, അടികൾ, ക്ഷേത്ര ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എഴുന്നള്ളത്ത്. തന്ത്രി പന്തലക്കോടത്ത് നാരായണൻ മ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു പുറപ്പാട് പൂജ.
പൂരം പുറപ്പാട് ചടങ്ങുകൾ രാവിലെ എട്ടിന് നങ്ങ്യാർകൂത്തോടെയാണ് ആരംഭിച്ചത്. കൂത്തുപുറപ്പാടും പന്തീരടിപൂജക്കും ശേഷമാണ് ആദ്യ ആറാട്ടിനുള്ള എഴുന്നള്ളത്ത് നടന്നത്. 11ന് കൊട്ടിക്കയറ്റത്തിൽ കല്ലൂർ ഉണ്ണികൃഷ്ണന്റെ പ്രമാണത്തിൽ പഞ്ചാരിമേളവും തുടർന്ന് ഉച്ചപൂജയും ശ്രീഭൂതബലിയും നടന്നു. വൈകീട്ട് നാലിന് ക്ഷേത്രാങ്കണത്തിൽ നടന്ന നാദസ്വരം, പാഠകം, ഏഴിന് പോരൂർ ഉണ്ണികൃഷ്ണനും കല്ലൂർ ഉണ്ണികൃഷ്ണനും ചേർന്നൊരുക്കിയ ഡബിൾ തായമ്പക എന്നിവ ആസ്വദിക്കാനും മേളപ്രേമികളുടെ വലിയ തിരക്കനുഭവപ്പെട്ടു. രാത്രി 9.30ന് കൊട്ടിയിറക്കത്തിൽ ആറാട്ടുകടവിൽ അങ്ങാടിപ്പുറം ഇന്ദ്രജിത്ത് ദേവന്റെ തായമ്പകയും കൊട്ടിക്കയറ്റത്തിൽ നടന്ന പാണ്ടിമേളവും ശ്രദ്ധേയമായി. തുടർന്ന് അത്താഴപൂജ, ശ്രീഭൂതബലി, കളമ്പാട്ട് എന്നിവയോടെ പൂരം ഒന്നാം നാൾ സമാപിച്ചു.
തിരുമാന്ധാകുന്നിൽ ഇന്ന്
- രാവിലെ 8.00 നങ്ങ്യാർകൂത്ത്
- 8.30 പന്തീരടിപൂജ
- 9.30 കൊട്ടിയിറക്കം
- (മൂന്നാം ആറാട്ട്)
- 3.00 ചാക്യാർകൂത്ത്
- വൈകീട്ട് 4.00 ഓട്ടന്തുള്ളൽ
- 5.00 നാദസ്വരം, പാഠകം
- 5.30 എറണാകുളം രസിക അവതരിപ്പിക്കുന്ന സംഗീത സമന്വയം
- രാത്രി 8.30 തായമ്പക, കേളി,
- കൊമ്പ് പറ്റ്
- 9.30 കൊട്ടിയറക്കം
പൂരനഗരി പൂർണമായും പൊലീസ് നിരീക്ഷണത്തിൽ
അങ്ങാടിപ്പുറം: തിരുമാന്ധാകുന്ന് ഭഗവതിക്ഷേത്രത്തിൽ പൂരനഗരിയിൽ ജാഗ്രതയോടെ പൊലീസും ആരോഗ്യവിഭാഗവും. പെരിന്തൽമണ്ണ സി.ഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ 125 പൊലീസുകാരാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ളത്. ഇതിന് പുറമെ മഫ്ടിയിൽ പൂരപ്പറമ്പിലും ക്ഷേത്രാങ്കണത്തിലും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പൂരപ്പറമ്പിൽ പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ശ്രീശൈലം ഹാളിന് മുന്നിലാണ് പൊലീസ് എയ്ഡ് പോസ്റ്റ്. മംഗല്യ ഓഡിറ്റോറിയത്തിൽ ആരോഗ്യ പരിപാലനത്തിന് ആരോഗ്യ വകുപ്പിന്റെയും ഇ.എം.എസ് ആശുപത്രിയുടെയും പ്രത്യേക സ്റ്റാളുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.