അങ്ങാടിപ്പുറത്ത് മാലിന്യം നിറഞ്ഞ് അഴുക്കുചാലുകൾ
text_fieldsഅങ്ങാടിപ്പുറം: ഹരിത കർമ സേനയെ ഉപയോഗിച്ച് വ്യവസ്ഥാപിതമായി മാലിന്യനീക്കം നടത്താത്തതിന് അങ്ങാടിപ്പുറം പഞ്ചായത്തിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് പിന്നാലെ അഴുക്കുചാൽ പ്രശ്നവും. വൈലോങ്ങരയിലും പഞ്ചായത്തിലെ ഇടത്തരം കവലകളിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നടത്തേണ്ട അഴുക്കുചാൽ നവീകരണം നടത്താത്തതിനാൽ അഴുക്കുചാലുകൾ മിക്കയിടത്തും മാലിന്യം നിറഞ്ഞ് വെള്ളമൊഴുകാൻ കഴിയാത്ത സ്ഥിതിയിലാണ്. വൈലോങ്ങരയിൽ മഴക്കുമുമ്പേ അഴുക്കുചാലുകൾ വൃത്തിയാക്കിയില്ലെങ്കിൽ റോഡിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെടുമെന്ന് വ്യാപാരികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
മുൻ വർഷങ്ങളിൽ അതത് പഞ്ചായത്ത് അംഗങ്ങൾ മുൻകൈ എടുത്ത് അഴുക്കുചാലുകളിലെ മാലിന്യ നീക്കത്തിന് നടപടിയെടുത്തിരുന്നു. വൈലോങ്ങരയിൽ വളാഞ്ചേരി റോഡിലേയും കോട്ടക്കൽ റോഡിലേയും കുത്തിയൊലിച്ച് വരുന്ന മഴവെള്ളം പോകുന്ന പ്രധാനപെട്ട അഴുക്കുചാലിലാണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. അങ്ങാടിപ്പുറം പഞ്ചായത്തിലെ അഴുക്കുചാലുകൾ ശുചീകരിക്കാത്തത് പരക്കെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
വീടുകളിൽനിന്നും കടകളിൽനിന്നും മാലിന്യവും പാഴ് വസ്തുക്കളും ശേഖരിക്കേണ്ട ചുമതല പഞ്ചായത്തിനാണെങ്കിലും അങ്ങാടിപ്പുറത്ത് ഇത് വ്യവസ്ഥാപിതമായി നടക്കുന്നില്ല. മാലിന്യ സംഭരണ കേന്ദ്രത്തിൽ 50 ലോഡോളം മാലിന്യം കുന്നുകൂട്ടിയിട്ടിട്ടുണ്ടെന്നും നീക്കാൻ നടപടിയില്ലെന്നുമാണ് ദിവസങ്ങൾ മുമ്പ് പഞ്ചായത്തിനെതിരെ വന്ന പരാതി. സമാന രൂപത്തിലാണ് മാലിന്യം നിറഞ്ഞ അഴുക്കുചാലുകളെക്കുറിച്ചുള്ള പരാതിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.