അങ്ങാടിപ്പുറത്ത് ശേഖരിച്ച മാലിന്യം കുന്നുകൂടിയ നിലയിൽ
text_fieldsഅങ്ങാടിപ്പുറം: വീടുകളിൽനിന്ന് ശേഖരിച്ച് കുന്നുകൂട്ടിയിട്ട അങ്ങാടിപ്പുറം പഞ്ചായത്തിലെ മാലിന്യം മഴക്ക് മുമ്പ് നീക്കിയില്ലെങ്കിൽ ബാധ്യതയാവുമെന്ന് ആശങ്ക. വീടുകളിൽനിന്ന് ഹരിതകർമസേന ശേഖരിച്ച് വലമ്പൂരിൽ വാടകക്കെടുത്ത സ്ഥലത്ത് തള്ളിയ മാലിന്യം ചാക്കുകളിൽ കിടന്ന് ദ്രവിച്ച് വീണ്ടും പരന്നു കിടക്കുകയാണ്. ഇവ പൊരിവെയിലിൽ ഹരിതകർമ സേന അംഗങ്ങൾ വീണ്ടും ചാക്കുകളിലാക്കുകയാണ്. വെയിലും മഴയും ഏൽക്കാത്ത സ്ഥലത്താണ് ഇത്തരം പ്രവർത്തനം നടക്കേണ്ടത്. എന്നാൽ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റ അന്നുമുതൽ ഉയരുന്നതാണ് ഈ ആവശ്യം.
40 ലോഡിന് മുകളിൽ നിലവിൽ ഇവിടെ മാലിന്യം കിടക്കുന്നുണ്ട്. അങ്ങാടിപ്പുറത്ത് വീടുകളിൽ നിന്ന് സമയത്ത് മാലിന്യം നീക്കുന്നില്ല. ഇനി ശേഖരിച്ച് എം.സി.എഫിൽ കൊണ്ടുവന്നിട്ടാലുള്ള സ്ഥിതിയാണ് ഇത്. മുൻഭരണസമിതി തുടർന്ന അതേ നിസംഗതയാണ് നിലവിലെ ഭരണസമിതിക്കും. ചെറിയ ഷെഡാണ് സംഭരണ കേന്ദ്രത്തിൽ. അതിനു പരിസരം മുഴുവൻ മാലിന്യം പരന്നു കിടക്കുകയാണ്. ഒരാഴ്ച ഒരു ലോഡ് മാലിന്യം ഇവിടെനിന്ന് നീക്കി. മാസങ്ങൾ കൂടുമ്പോഴാണ് വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നത്.
പരിമിതമായ വാർഡുകളിലേ മാലിന്യം നീക്കുന്നുള്ളൂ. അതേസമയം ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്താതെയും അനുവദിച്ച ഫണ്ട് മുഴുവൻ ചെലവിടാൻ അവസരം നൽകാതെയും സർക്കാർ തുടരുന്ന അവഗണനക്കിടയിലാണിത്. നിലമ്പൂർ ആസ്ഥാനമായ ഏജൻസിയാണ് മാലിന്യ നീക്കം കരാറെടുത്തത്. മാസത്തിൽ ഒന്നോ രണ്ടോ ലോഡ് നീക്കും. ഇത്ര തന്നെ മാലിന്യം ഒാരോ ആഴ്ചയും ഇവിടെ വരും. ആദ്യഘട്ടത്തിൽ മാലിന്യം വെയിലും മഴയുമേൽക്കാതെ എം.സി.എഫിൽ സംഭരിക്കണം. ഇക്കാര്യങ്ങൾ മുഖ്യ അജണ്ടയാക്കി പഞ്ചായത്ത് ഭരണസമിതി യോഗം വിളിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.