ജോലിഭാരത്താൽ നെട്ടോട്ടമോടി അംഗൻവാടി ജീവനക്കാർ
text_fieldsമലപ്പുറം: ജോലിഭാരം കൊണ്ട് നെട്ടോട്ടമോടുന്ന അംഗൻവാടി ജീവനക്കാർ മതിയായ ജോലിപരിരക്ഷയോ ആനുകൂല്യങ്ങളോ ലഭിക്കാതെ ദുരിതത്തിൽ. കുട്ടികളുടെ പഠത്തിനു പുറമെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികളുടെയും സർവേകളുടെയും ഉത്തരവാദിത്തം അംഗൻവാടി ജീവനക്കാരുടെ തലയിലിടുന്നത് തുടരുകയാണ്. 'കുടുംബങ്ങളിലേക്ക് അംഗൻവാടി' പേരിൽ കഴിഞ്ഞാഴ്ച കിട്ടിയ ഉത്തരവാണ് ഇവരുടെ പുതിയ ഉത്തരവാദിത്തം. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തങ്ങളുടെ പരിധിയിലുള്ള ഗർഭിണികളുടെയും വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുകയും വേണ്ട മാർഗനിർദേശങ്ങളും സഹായം ചെയ്യുന്നതുമാണ് പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി ഒരു ദിവസം കുറഞ്ഞത് 20 പേരെയെങ്കിലും വിളിച്ച് വിവരങ്ങൾ ശേഖരിക്കണമെന്നാണ് ഉത്തരവ്. നിലവിൽ നിരവധി പദ്ധതികളുമായി മുന്നോട്ടു പോവുമ്പോഴാണ് വീണ്ടും ഉത്തരവാദിത്തങ്ങൾ നൽകുന്നത്.
വേതന വർധനയും പെൻഷൻ ആനുകൂല്യങ്ങളും മോഹനവാഗ്ദാനമായി തുടരുമ്പോൾ എടുത്താൽ പൊങ്ങാത്ത ജോലി രീതിയിലെങ്കിലും ഇളവ് നൽകണമെന്ന അപേക്ഷയിലാണ് മിക്ക ജീവനക്കാരും. ഏകദേശം 14 ലക്ഷത്തോളം അംഗൻവാടികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനം, കുട്ടികള്‍, ഗര്‍ഭിണികള്‍, കൗമാരക്കാര്‍ എന്നിവര്‍ക്കുള്ള പോഷകാഹാര വിതരണം, ആരോഗ്യ പരിപാലനം തുടങ്ങിയവ അംഗൻവാടികള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ലഭ്യമായ വിവരമനുസരിച്ച് സംസ്ഥാനത്ത് 33,115 അംഗൻവാടികളിലായി 66,101 ജീവനക്കാർ സേവനം ചെയ്യുന്നുണ്ട്. അംഗൻവാടിക്കാരുടെ ഓണറേറിയം കേന്ദ്ര-സംസ്ഥാന സർക്കാറുകളും പഞ്ചായത്തും കൂടി ചേർന്നാണ് നൽകുന്നത്.
അംഗൻവാടി വർക്കർക്ക് 12,000 രൂപയും ഹെൽപർമാർക്ക് 8000 രൂപയാണ് നിലവിൽ നൽകുന്നത്. ന്യായമായ രീതിയിൽ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം വാതിലുകൾ മുട്ടാറുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. നിരന്തരമായ നിവേദനങ്ങളും ആവശ്യങ്ങളും ഉന്നയിച്ചിട്ടും മറ്റു സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യത്തിന്റെ അടുത്തുപോലും എത്താതെ കഷ്ടപ്പെടുകയാണ് ഈ മേഖല.
പെൻഷൻ കാത്ത് ആയിരങ്ങൾ
അംഗൻവാടി വർക്കർമാർക്ക് പ്രതിമാസ പെൻഷൻ 2000 രൂപയായും ഹെൽപർമാർക്ക് 1500 രൂപയായും ഉയർത്തിയെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ വിരമിച്ചവർക്ക് പോലും ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന ആരോപണമുണ്ട്. 60 വയസ്സ് തികഞ്ഞവർക്ക് 1600 രൂപ ക്ഷേമ പെൻഷൻ നൽകുമ്പോഴാണ് അംഗൻവാടി ജീവനക്കാർക്ക് 1500ഉം 2000വും പെൻഷൻ നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. അതും മാസാമാസം ക്ഷേമനിധിയിൽ വിഹിതം അടച്ചവർക്ക് മാത്രം.
പണി കുറക്കാൻ തന്ന ഫോണും 'പണി' തന്നു
എല്ലാ വിവരങ്ങളും രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നത് ഒഴിവാക്കാൻ അംഗൻവടി ജീവനക്കാർക്ക് നൽകിയ സ്മാർട്ട് ഫോൺ 'എട്ടിന്റെ പണിയാണ്' ഇവർക്ക് സമ്മാനിച്ചത്. ഇന്റർനെറ്റ് വേഗക്കുറവും ഫോണിന്റെ ഗുണമേന്മക്കുറവും പലപ്പോഴും ജീവനക്കാരുടെ ജോലികൾ നിരന്തരം തടസ്സപ്പെടുത്തുകയാണ്. കൂടാതെ ഫോണിൽ രേഖപ്പെടുത്തുന്ന എല്ലാ വിവരങ്ങളും വീണ്ടും പഴയപോലെ രജിസ്റ്ററിലും സൂക്ഷിക്കണമെന്ന നിർദേശം ഇവർക്ക് ഇരട്ടി പ്രഹരമായി. ഇതിൽ ഏതെങ്കിലും ഒരു സംവിധാനം മാത്രമാക്കി ചരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
കണക്കില്ലാത്ത കണക്കെടുപ്പ്
പോഷകാഹാര വിതരണം, കുട്ടികളുടെ കണക്കെടുപ്പ്, ഗർഭിണികളുടെ കണക്ക്, പെൻഷൻ വാങ്ങുന്നവരുടെ കണക്ക് തുടങ്ങി സർക്കാറിന് ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കുന്നത് അംഗൻവാടികൾ വഴിയാണ്. പ്രസവത്തിന് ആശുപത്രിയിൽ പോകുന്നതിന് വാഹനം ഏർപ്പാടാക്കിയതിന്റെ വിവരം വരെ ശേഖരിച്ച് സർക്കാറിലേക്ക് എത്തിക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും ഇവരെ നിയോഗിക്കുകയും ആനുകൂല്യം നൽകുന്ന സമയത്ത് ഇവർ സർക്കാർ ജീവനക്കാരല്ലെന്ന ന്യായം പറയുന്നതും പതിവാണ്.
അവധിയിലും 'വിധി'യില്ല
കിട്ടുന്ന ഓണറേറിയം നിത്യചെലവിന് തികയുന്നതല്ല. അതിനിടക്ക് രോഗിയും കൂടെ ആയാൽ ചികിത്സക്കും അവരുടെ കുടുംബത്തിന്റെ ചെലവിനും മാർഗങ്ങളില്ലാതെ വിഷമിക്കുകയാണ് പലരും. ഇവർക്ക് ചികിത്സക്ക് ധനസഹായവും മാരകരോഗം മൂലം ചികിത്സ നടത്തേണ്ടി വരുന്നവർക്ക് ചികിത്സ കാലാവധി വരെ ഓണറേറിയത്തോടു കൂടിയ അവധി അനുവദിക്കാനും ശാരീരിക-മാനസിക അസ്വസ്ഥതകൾ മൂലം പ്രയാസപ്പെടുന്ന ജീവനക്കാരെ ഓണറേറിയത്തോടുകൂടിയോ പെൻഷനോടുകൂടിയോ വളന്ററി റിട്ടയർമെന്റ് നൽകാനും അടിയന്തര നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്. വര്‍ഷത്തില്‍ ആകെ 20 കാഷ്വല്‍ ലീവുകളാണ് അംഗൻവാടി ജീവനക്കാര്‍ക്കുള്ളത്. ഇതിനു പുറമെ ലീവ് എടുത്താല്‍ ശമ്പളത്തിൽനിന്ന് പിടിക്കും. മാത്രമല്ല മെഡിക്കല്‍ ലീവ് പോലും നിയമപരമായി തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.