ആധുനിക സൗകര്യങ്ങളോടെ പുത്തൻ രൂപത്തിൽ അംഗൻവാടികൾ
text_fieldsമലപ്പുറം: നഗരസഭയിലെ മുഴുവൻ അംഗൻവാടികളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കി മോഡേൺ സ്മാർട്ട് അംഗൻവാടികളാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. അംഗൻവാടികളിൽ എയർ കണ്ടീഷൻ, സ്മാർട്ട് ടിവി, സോഫ്റ്റ് ഫ്ലോറിങ്സ്, സ്റ്റുഡൻസ് ഫ്രന്റ്ലി പെയിന്റിങ്സ്, ക്രിയേറ്റിവ് സോൺ, സൗണ്ട് സിസ്റ്റം, സ്റ്റോറേജ് ബിന്നുകൾ എന്നിവ നൽകി മുഴുവൻ അംഗൻവാടികളും ആധുനിക കാലഘട്ടത്തിനനുസൃതമായി പരിഷ്കരിക്കുന്ന പദ്ധതിയാണ് നടപ്പാക്കിയത്.
64 അംഗൻവാടികളുടെയും അകവും പുറവും ഒരേ രീതിയിലുള്ള കളർ കോഡുകളും ചിത്രങ്ങളും നൽകുകയും മുഴുവൻ അംഗൻവാടികളുടെയും പുറംഭാഗം ട്രെയിൻ ബോഗി മോഡൽ ആക്കിയും സ്ഥല വ്യത്യാസമില്ലാതെ ഉയർന്ന സൗകര്യങ്ങൾ ഒരുക്കിയ രാജ്യത്തെ ആദ്യത്തെ തദ്ദേശ സ്വയംഭരണസ്ഥാപനമായി മലപ്പുറം മാറി.
ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് നഗരസഭ പദ്ധതി പൂർത്തിയാക്കപ്പെടുന്നത്. നഗരസഭയുടെ സ്വന്തം വിഹിതവും കേന്ദ്രസർക്കാറിന്റെ ഫണ്ടും ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം മുഴുവൻ അംഗൻവാടികളിലും എയർകണ്ടീഷൻ സൗകര്യങ്ങൾ ഒരുക്കുന്നത്. ആദ്യഘട്ടം പണി പൂർത്തിയായ ആറ് സ്മാർട്ട് അംഗൻവാടികളുടെ ഉദ്ഘാടനം ബുധനാഴ്ച നഗരസഭാധ്യക്ഷൻ മുജീബ് കാടേരി നിവർവഹിക്കും.
രാവിലെ പത്തിന് ചീരങ്ങൻമുക്ക് അംഗൻവാടി, 11ന് തട്ടാറ അംഗൻവാടി, 12ന് ചെറുപറമ്പ് അംഗൻവാടി, രണ്ടിന് വടക്കേപ്പുറം അംഗൻവാടി, മൂന്നിന് മേൽമുറി പൊടിയാട് അംഗൻവാടി എന്നിവിടങ്ങളിലാണ് ഉദ്ഘാടനങ്ങൾ. ശനിയാഴ്ച വൈകീട്ട് മേൽമുറി പടിഞ്ഞാറേമുക്കിൽ മുനിസിപ്പൽ തല സ്മാർട്ട് അംഗൻവാടി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.