‘ഗൃഹലക്ഷ്മി’യിൽ വിജയഗാഥ രചിച്ച് അനിത
text_fieldsതാനൂർ: താനാളൂർ പഞ്ചായത്തിലെ കുണ്ടുങ്ങലിൽ കുടുംബശ്രീയുടെ ‘വെൽകം’അയൽക്കൂട്ടത്തിൽ അംഗമായിരുന്ന അനിത ജയപ്രകാശ് കുടുംബശ്രീക്ക് കീഴിൽ വ്യക്തിഗത സംരംഭമായി തുടങ്ങിയ ഗൃഹലക്ഷ്മി ഇന്ന് ജില്ലയിലെ തന്നെ മികച്ച സംരംഭമായി വളർന്നു. ഭക്ഷ്യധാന്യങ്ങൾ പൊടിച്ച് പാക്ക് ചെയ്തു വിൽക്കുക എന്ന ഉദ്ദേശ്യത്തോടെ ഫ്ലോർമിൽ അടക്കമുള്ള യൂനിറ്റിന് തുടക്കമിടുമ്പോൾ അനിതയോടൊപ്പം ഉണ്ടായിരുന്നത് നാലുപേർ മാത്രമായിരുന്നു.
പ്രവർത്തന മൂലധനത്തിന്റെ കുറവും പ്രാദേശികമായി കടകളിൽ വിതരണം ചെയ്തിരുന്ന ഉത്പന്നങ്ങളുടെ പണം പിരിച്ചെടുക്കുന്നതിലുള്ള പ്രയാസങ്ങളും മുന്നോട്ടുള്ള പോക്കിൽ തടസ്സം തീർത്തിരുന്നു ആദ്യഘട്ടത്തിൽ. എന്നാൽ അത്തരം പ്രതിബന്ധങ്ങളെയെല്ലാം തട്ടിമാറ്റി മികവുറ്റ വനിതാ സംരംഭകയായി വളർന്നിരിക്കുകയാണ് അനിത.
ജില്ലാതലത്തിലെ മികച്ച പ്രകടനത്തിന് കുടുംബശ്രീയുടെ പുരസ്കാരങ്ങളടക്കം ലഭിച്ച അനിതയുടെ യൂനിറ്റ് ഇന്ന് 12 ഓളം കുടുംബങ്ങളുടെ ജീവിതമാർഗം കൂടിയാണ്. തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിലെ ഒട്ടുമിക്ക മാളുകളിലും സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിലും ഗൃഹലക്ഷ്മി എത്തിയതോടെ ഉൽപാദനം വർധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. മസാലപ്പൊടികൾ, കൂവപ്പൊടി, നവര, കമ്പം ഉൾപ്പെടെയുള്ള വിവിധ ധാന്യപ്പൊടികളുമാണ് പ്രധാനമായും ഗൃഹലക്ഷ്മി വിപണിയിലെത്തിക്കുന്നത്.
പിന്തുണയുമായി ഭർത്താവ് എടപ്പയിൽ ജയപ്രകാശ്, എം.ടെക് ബിരുദധാരിയായ മകൾ അഞ്ജന, എം.ബി.എ പൂർത്തിയാക്കിയ മകൻ അർജുനുമടങ്ങുന്ന കുടുംബം ഗൃഹലക്ഷ്മിയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ധാരാളമുള്ള പ്രദേശത്തെ കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകാൻ കഴിയുന്ന സംരംഭകയായി വളരണമെന്ന ആഗ്രഹമാണ് അനിത പങ്കുവെക്കുന്നത്.
കുടുംബശ്രീയുടെ അകമഴിഞ്ഞ പിന്തുണ
കുടുംബശ്രീ സംരംഭം എന്ന നിലയിൽ കുടുംബശ്രീ മിഷനും ഇതര സർക്കാർ സംവിധാനങ്ങളും അകമഴിഞ്ഞ പിന്തുണയാണ് നൽകിയിട്ടുള്ളതെന്ന് അനിത സാക്ഷ്യപ്പെടുത്തുന്നു. കൂടുതൽ വനിതകൾ കുടുംബശ്രീ സംവിധാനത്തിലൂടെ പുതിയ സംരംഭങ്ങളുമായി മുന്നിട്ടിറങ്ങണമെന്നും താൽക്കാലിക പ്രതിസന്ധികളിൽ പതറാതെ കഠിനാധ്വാനം ചെയ്താൽ വിജയം സുനിശ്ചിതമാണെന്നും അനിത പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.