പൊന്നാനിയിൽ വീണ്ടും തെരുവുനായ് അക്രമണം
text_fieldsപൊന്നാനി: തെരുവുനായ് നിയന്ത്രണത്തിനുള്ള പദ്ധതികൾ വൈകുന്നതിനിടെ പൊന്നാനിയിൽ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. പൊന്നാനി തെക്കേപ്പുറത്ത് അഞ്ചുപേരെ നായ് കടിച്ച് പരിക്കേൽപിച്ചു. പുതുവീട്ടിൽ ദിൽഷാദ് (19), വെള്ളയിൽ റൈഹാനത്ത് (39) ഉൾപ്പെടെ അഞ്ചുപേരെയാണ് കടിച്ചത്. തിങ്കളാഴ്ച രാവിലെ കോളജിലേക്ക് പോകുന്നതിനിടെയാണ് ദിൽഷാദിനുനേരെ അക്രമമുണ്ടായത്. ദിൽഷാദിന് ദേഹമാസകലം പരിക്കേറ്റു. തുടർന്ന് ദിൽഷാദിന്റെ അയൽവാസി റൈഹാനത്തിനെയും നായ് കടിച്ചു. പരിക്കേറ്റ ദിൽഷാദിനെ തൃശൂർ മെഡിക്കൽ കോളജിലും റൈഹാനത്തിനെ തിരൂർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പകൽസമയങ്ങളിൽ പോലും പൊന്നാനി ഉൾപ്പെടെയുള്ള നഗരങ്ങളിലെ പ്രധാന റോഡുകളിൽ പോലും തെരുവുനായ്ക്കൾ കൂട്ടമായി എത്തുന്നത് ജീവന് ഭീഷണിയായി മാറുകയാണ്. പൊന്നാനി ശ്വാനസൗഹൃദ നഗരസഭയാക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങിയതോടെ തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പൊതുജനം. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ശ്വാനസൗഹൃദ നഗരസഭ പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്. നഗരസഭയിലെ പൊന്നാനി-പള്ളപ്രം ദേശീയപാത, ചന്തപ്പടി, നായരങ്ങാടി, ഓംതൃക്കാവ്, ആനപ്പടി, തൃക്കാവ്, എം.എൽ.എ റോഡ്, പുഴമ്പ്രം, ബിയ്യം, കടവനാട് മേഖലകളിലെല്ലാം തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്. പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. 30 വർഷം മുമ്പ് നഗരസഭയും ജേസീസും ചേർന്ന് പൊന്നാനിയെ പേവിമുക്ത നഗരമാക്കി പ്രഖ്യാപിച്ചിരുന്നു.
കടിയേറ്റവർക്ക് സാമ്പത്തികസഹായം വൈകുന്നു; എ.ബി.സി പദ്ധതിക്ക് 10 ലക്ഷം വകയിരുത്തി
പൊന്നാനി: നഗരസഭയിൽ തെരുവുനായ് നിയന്ത്രണപദ്ധതി വൈകുന്നതിനുപുറമെ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവർക്കുള്ള സാമ്പത്തികസഹായ വിതരണവും വൈകുന്നു. ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ ആവശ്യത്തിന് ഫണ്ടില്ലാത്തതാണ് സഹായ വിതരണം വൈകാനിടയാക്കുന്നത്.
നിലവിൽ 12 അപേക്ഷയാണ് ഫണ്ടില്ലാത്തതിനാൽ കെട്ടിക്കിടക്കുന്നത്. തെരുവുനായ് ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് ഫണ്ടനുവദിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർതലത്തിൽ തീരുമാനങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല. ഇതിനാലാണ് ദുരിതാശ്വാസനിധിയിൽനിന്ന് നാമമാത്ര തുക നൽകുന്നത്.
അതേസമയം, പൊന്നാനിയിൽ തെരുവുനായ് പ്രജനന നിയന്ത്രണ പരിപാടി ആരംഭിക്കാൻ 10 ലക്ഷം രൂപ ഭരണസമിതി വകയിരുത്തി. എ.ബി.സി പദ്ധതിക്ക് ഈശ്വരമംഗലം മൃഗാശുപത്രി കോമ്പൗണ്ടിൽ കെട്ടിടമൊരുക്കാനും അനുബന്ധ സാധനസാമഗ്രികൾ വാങ്ങാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.