സിവിൽ സർവിസിൽ മലപ്പുറത്തെ ആദ്യ റാങ്കുകാരിയായി അപർണ
text_fieldsമലപ്പുറം: പെൺകുട്ടികൾ തിളങ്ങിയ ഈ വർഷത്തെ സിവിൽ സർവിസ് പരീക്ഷയിൽ മലപ്പുറത്തിനടുത്ത് മുണ്ടുപറമ്പ് കാവുങ്ങൽ ബൈപാസിലെ പാർവണം വീട്ടിൽ അപർണ ജില്ലയിലെ ആദ്യറാങ്കുകാരിയായി. 475-ാം റാങ്കാണ് ലഭിച്ചത്.
പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് കഴിഞ്ഞ ശേഷം 2020 ജൂണിലാണ് സിവിൽ സർവിസിനുള്ള ഒരുക്കം തുടങ്ങിയത്. ആദ്യശ്രമത്തിൽ തന്നെ നേടാനായതിന്‍റെ സന്തോഷത്തിലാണ് അപർണയും കുടുംബവും.
പൊലീസ് സബ് ഇൻസ്പെക്ടറായ അച്ഛൻ അനിൽകുമാറാണ് ഹൈസ്കൂൾ പഠനകാലത്ത് സിവിൽ സർവിസ് സ്വപ്നത്തിലേക്ക് നടത്തിയതെന്ന് അപർണ പറഞ്ഞു. ഒതുക്കുങ്ങൽ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപികയായ അമ്മ കെ. ഷീബയും പ്രചോദനമേകി. ഒന്നാം ക്ലാസ് മുതൽ പത്ത് വരെ എം.എസ്.പി. ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു പഠനം. എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു പഠന ശേഷം എം.ബി.ബി.എസിന് ചേർന്നു. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവിസിനെക്കുറിച്ച് കാര്യമായി ചിന്തിച്ച് തുടങ്ങിയത്.
ഡൽഹിയിലുള്ള സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിന് കീഴിൽ ഓൺലൈനായി പഠിക്കുകയായിരുന്നു ആദ്യം. 2020 ജൂൺ മുതലായിരുന്നു പരിശീലനം. ഓപ്ഷണൽ വിഷയമായി സോഷ്യോളജിയാണ് എടുത്തത്. തിരുവനന്തപുരത്തായിരുന്നു അഭിമുഖ പരിശീലനം.
പുസ്തക വായനയിൽ അത്രയധികം തൽപരയല്ലെങ്കിലും പഠനത്തിന്‍റെ ഭാഗമായി വായന ശീലമാക്കിയിരുന്നതായി അപർണ പറഞ്ഞു. സഞ്ചാര സാഹിത്യമായിരുന്നു പ്രത്യേകിച്ച് വായിച്ചത്. അനിയത്തി മാളവിക ഡൽഹി യൂനിവേഴ്സിറ്റിയിൽ ബി.എസ്.സി കെമിസ്ട്രി പഠിക്കുകയാണ്. തിരുവനന്തപുരത്തുള്ള അപർണ വീട്ടിലെത്താൻ കാത്തിരിക്കുകയാണ് നാട്ടുകാരും അധ്യാപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.