അപേക്ഷകൾ കെട്ടിക്കിടക്കുന്നു; വില്ലേജ് ഓഫിസുകളിൽ വിജിലൻസ് പരിശോധന
text_fieldsമലപ്പുറം: വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫിസുകളിലേക്ക് അയക്കുന്ന ഓൺലൈൻ അപേക്ഷകൾക്ക് മറുപടി ലഭിക്കാൻ കാലതാമസം വരുന്നെന്ന വ്യാപക പരാതിയിൽ ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷന്റെ ഭാഗമായാണ് മലപ്പുറത്തും പരിശോധന നടന്നത്.
ഒഴൂർ, കരുവാരകുണ്ട്, നിലമ്പൂർ, എടയൂർ, പള്ളിക്കൽ, ചേലേമ്പ്ര എന്നീ ആറ് വില്ലേജ് ഓഫിസുകളിലാണ് പരിശോധന നടന്നത്. അപേക്ഷകൾക്ക് സർക്കാർ നിർദേശിച്ച സമയത്തിനുള്ളിൽ മറുപടി നൽകണമെന്ന് ഉത്തരവുണ്ട്. ഭൂരിഭാഗം അപേക്ഷകളുടെ മറുപടിയും ഒരാഴ്ചക്കുള്ളിൽ തന്നെ നൽകേണ്ടവയാണ്. എന്നാൽ പലയിടത്തും ഒരു മാസത്തിലേറെയായി അപേക്ഷകൾ കെട്ടിക്കിടന്നതായി വിജിലൻസ് കണ്ടെത്തി.
രേഖകൾ ആവശ്യപ്പെട്ടുള്ള അപേക്ഷകൾ നൽകാൻ സാധിച്ചില്ലെങ്കിൽ അപേക്ഷകനെ നേരിട്ട് വിളിച്ച് വൈകുന്നതിന്റെ കാര്യം ബോധ്യപ്പെടുത്തണം. എന്നാൽ ഈ നിർദേശവും പല വില്ലേജുകളിലും പാലിക്കപ്പെടുന്നില്ലെന്ന് വ്യക്തമായി. പരിശോധന നടത്തിയ എല്ലാ വില്ലേജ് ഓഫിസുകളിലും നൂറിൽ കൂടുതൽ അപേക്ഷകൾക്ക് കൃത്യമായ മറുപടി നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതായി വിജിലൻസ് വിഭാഗം ‘മാധ്യമ’ത്തോട് പറഞ്ഞു. നിലമ്പൂർ വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റിന്റെ പക്കൽനിന്ന് രേഖയിൽപ്പെടാത്ത 1270 രൂപ പിടികൂടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കണ്ടെത്തിയ അപാകതകൾ റിപ്പോർട്ടാക്കി വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. മലപ്പുറം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിൽ സ്പെഷൽ സെൽ ഡിവൈ.എസ്.പി രമേഷ്, ഇൻസ്പെക്ടർമാരായ ശശീന്ദ്രൻ മേലയിൽ, ജ്യോതീന്ദ്രകുമാർ, സെപ്റ്റോ ജോൺ, രാജേഷ് കുമാർ, എസ്.ഐമാരായ ശ്രീനിവാസൻ, മോഹന കൃഷ്ണൻ, സജി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.