അപേക്ഷകൾ നീങ്ങുന്നില്ലെന്ന് ഉദ്യോഗാർഥികൾ: ആർ.ഡി.ഡി ഓഫിസിനെതിരെ പരാതി പ്രളയം
text_fieldsമലപ്പുറം: ഓരോ ഫയലും ഓരോ ജീവിതമാണ്. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയാണിത്. എന്നാൽ, സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജീവനക്കാർക്ക് ഇത് ബാധകമല്ലെന്നാണ് അധ്യാപകരും ഉദ്യോഗാർഥികളും പറയുന്നത്. നിരവധി തവണയാണ് ഉദ്യോഗാർഥികളും അധ്യാപകരും പ്രശ്ന പരിഹാരത്തിനായി ഓഫിസ് കയറിയിറങ്ങുന്നത്. പ്രശ്നപരിഹാരം കാണാതെ കാലതാമസം വരുത്തിയും അവ്യക്തമായ മറുപടി നൽകിയും തിരിച്ചയക്കുകയാണ്.
എയ്ഡഡ് അധ്യാപക നിയമനത്തിനുള്ള അപ്രൂവൽ, ഓഡിറ്റ്, പെൻഷൻ, എയ്ഡഡ് ഗെസ്റ്റ് അധ്യാപകരുടെ ശമ്പള ബിൽ, ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് പാറ്റേൺ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നത് റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയമാണ്.
കഴിഞ്ഞ ജില്ല വികസന സമിതിയിലും ഈ ഓഫിസിനെതിരെ എം.എൽ.എമാർ പരാതി ഉന്നയിച്ചിരുന്നു. വിവിധ സെക്ഷനുകളിലായി നൂറുക്കണക്കിന് ഫയലുകൾ തീർപ്പാക്കാനുണ്ട്.
മൂന്ന് മാസത്തിനുള്ളിൽ ഫയൽ തീർപ്പാക്കണമെന്ന സർക്കാർ നിർദേശമുണ്ടെങ്കിലും മൂന്നുവർഷമായിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
ജീവനക്കാരുടെ ക്ഷാമം
ജോലിക്ക് അനുസൃതമായി ആർ.ഡി.ഡി ഓഫിസിൽ ജീവനക്കാരില്ലെന്ന് അധികൃതർ പറയുന്നു. മലപ്പുറം, പാലക്കാട് ജില്ലകളിലെ 408 സ്കൂളുകൾ മലപ്പുറം ആർ.ഡി.ഡിക്ക് കീഴിലാണ്. പത്ത് ക്ലർക്ക് ഉൾപ്പെടെ 15 ജീവനക്കാരാണ് രണ്ട് ജില്ലക്കും കൂടിയുള്ളത്. ഈ വർഷത്തേത് ഒഴികെ എല്ലാ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവും അപ്രൂവ് ചെയ്തിട്ടുണ്ടെന്നും ഇവർ അറിയിച്ചു.
മൂന്നുവർഷമായിട്ടും നിയമന അംഗീകാരമില്ല
ജില്ലയിലെ ഒരു പ്രമുഖ എയ്ഡഡ് സ്കൂളിലെ വിവിധ വിഷയങ്ങളിലെ അധ്യാപകരുടെ അഭിമുഖം 2019ൽ കഴിഞ്ഞിരുന്നു. എന്നാൽ, മൂന്നുവർഷം കഴിഞ്ഞിട്ടും നിയമനത്തിലുള്ള അപ്രൂവൽ നൽകിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് ആർ.ഡി.ഡി നോമിനി വഴിയാണ് അഭിമുഖം നടത്തിയത്. എന്നാൽ, അഭിമുഖ രേഖ മലപ്പുറം ആർ.ഡി.ഡിയിലെ ഉദ്യോഗസ്ഥർ അംഗീകരിക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. നിരവധി തവണ ഓഫിസ് കയറിയറിങ്ങി എന്നല്ലാതെ വ്യക്തമായ മറുപടി ലഭിക്കുന്നില്ല. കൂടാതെ എയ്ഡഡ് സ്കൂളുകളിലെ ഹയർ സെക്കൻഡറി ഗെസ്റ്റ് അധ്യാപകരുടെ ശമ്പളം അനുവദിക്കുന്നതിലും കാലതാമസമുണ്ടെന്നും ഇവർ പറയുന്നു.
ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ്
ഹയർ സെക്കൻഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ കാര്യായലത്തിൽ ക്രമക്കേടിനെ തുടർന്ന് വിജിലൻസ് പരിശോധന നടത്തിയിരുന്നു. അഞ്ച് ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഇവർ സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ഇവർക്കെതിരെയുള്ള അച്ചടക്ക നടപടി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.