ഗവ. കോളജുകളിലെ പ്രിൻസിപ്പൽ നിയമനം: പരിഗണനയിലെന്ന് സർക്കാർ
text_fieldsമലപ്പുറം: ജില്ലയിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒഴിഞ്ഞുകിടക്കുന്ന പ്രിൻസിപ്പൽമാരുടെ തസ്തികകളിൽ നിയമനം നടത്തുന്നത് പരിഗണനയിലാണെന്ന് സർക്കാർ. ജില്ലയിലെ ഒമ്പത് സർക്കാർ കോളജുകളിൽ ഒരിടത്ത് മാത്രമാണ് സ്ഥിരം പ്രിൻസിപ്പലുള്ളത്. ഗവ. കോളജുകളിൽ പ്രിൻസിപ്പൽമാരില്ലാത്തത് സംബന്ധിച്ച് ജൂലൈ 14ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. വിഷയം നിയമസഭയിൽ ഉന്നയിച്ച പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചത്.
പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാൻ സ്ഥാപനങ്ങളിലെ വൈസ് പ്രിൻസിപ്പൽ, സീനിയർ അധ്യാപകർ എന്നിവർക്ക് പ്രിൻസിപ്പലിെൻറ സാമ്പത്തിക അധികാരത്തോടുകൂടിയ പൂർണ അധിക ചുമതല നൽകിയിട്ടുണ്ട്. കൂടാതെ, വിവിധ സർക്കാർ കോളജുകളിലെ 11 അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
മലപ്പുറം ഗവ. വനിത കോളജ് (ബോട്ടണി) - ഒന്ന്, ഗവ. കോളജ് താനൂർ (ഇലക്ട്രോണിക്സ്) - ഒന്ന്, ഗവ. കോളജ് തിരൂർ (മലയാളം, അറബിക്) - രണ്ട്, ഗവ. കോളജ് മങ്കട (ഗണിതം, പൊളിറ്റിക്കൽ സയൻസ്) - രണ്ട്, ഗവ. കോളജ് കൊണ്ടോട്ടി (അറബിക്, ഹോട്ടൽ മാനേജ്മെൻറ്, ട്രാവൽ ആൻഡ് ടൂറിസം) - അഞ്ച് എന്നീ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. നിലവിലുള്ള അധ്യാപക ഒഴിവുകളിൽ പി.എസ്.സിയിൽനിന്ന് നിയമന ശിപാർശ ലഭിക്കുന്ന അടിസ്ഥാനത്തിൽ സ്ഥിരം അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒമ്പത് സർക്കാർ കോളജുകളിൽ മലപ്പുറം ഗവ. കോളജിൽ മാത്രമാണ് സ്ഥിരം പ്രിൻസിപ്പലുള്ളത്. മിക്ക കോളജുകളിലും പ്രിൻസിപ്പൽമാരില്ലാതായിട്ട് രണ്ട് വർഷവും അതിലധികവുമായി.
വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പെരിന്തൽമണ്ണ പി.ടി.എം കോളജ്, തിരൂർ തുഞ്ചൻ കോളജുകളിലും അധിക ചുമതല നൽകിയിരിക്കുകയാണ്. താനൂർ, നിലമ്പൂർ, മലപ്പുറം വനിത കോളജുകൾ സ്വന്തം കെട്ടിടത്തിലേക്ക് ഇതുവരെ മാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.