ഈ വീട്ടിൽ അറബിയാണ് കുടുംബവിഷയം
text_fieldsമലപ്പുറം: അറബിഭാഷയെ അഭിമാനത്തോടെ നെഞ്ചിലേറ്റി ജീവിതയാത്ര നടത്തുന്ന ഒരുഅധ്യാപകനും കുടുംബവുമുണ്ട് അരീക്കോട്ട്. പിതാവും മാതാവും മക്കളും മരുമക്കളുമെല്ലാം അറബിഭാഷയെ ജീവിതത്തോട് ചേർത്തുപിടിച്ച കുടുംബം. അരീക്കോട് സ്വദേശിയും അധ്യാപകനുമായ ആന്തൂരത്തൊടി മുഹമ്മദ് റഫീഖും കുടുംബവുമാണ് അറബിഭാഷയെ അത്രമേൽ സ്നേഹിക്കുന്നത്.
അടിമുടി അറബികുടുംബമാണ് തിരൂർക്കാട് എ.എം ഹൈസ്കൂൾ അറബി അധ്യാപകനായ റഫീഖിന്റേത്. ഭാര്യയും മക്കളും മരുമക്കളുമെല്ലാം അറബി വിഷയത്തിനൊപ്പമാണ് ജീവിതസഞ്ചാരം. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് അധ്യാപികയാണ് ഭാര്യ പി. ഹസന. മക്കളായ അബ്ദുല്ല, അബ്ദുറഹ്മാൻ, അബ്ദുൽ വഹാബ്, ഫാത്തിമ ജുമാൻ എന്നിവരും അറബി അധ്യാപകരാണ്. മക്കളും അവരുടെ ഇണകളും അറബിഭാഷയിൽ ബിരുദാനന്തര ബിരുദധാരികളുമാണ്. മരുമകൻ ഹയർ സെക്കൻഡറി സ്കൂളിൽ പഠിപ്പിക്കുന്നതും അറബിതന്നെ. ആൺകുട്ടികൾ മൂന്നുപേരും ഖുർആൻ സമ്പൂർണമായി മനഃപാഠമാക്കിയ ഹാഫിദുകൾകൂടിയാണ്.
10ാം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ച നാല് മക്കളെയും തുടർപഠനത്തിന് അറബിക് കോളജിൽ അയക്കാൻ റഫീഖ് മാസ്റ്റർക്ക് രണ്ടാമതൊരാലോചന വേണ്ടിവന്നില്ല. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിലെ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽനിന്ന് അടുത്ത വർഷം വിരമിക്കാനിരിക്കുന്ന റഫീഖിന്റെ ഭാര്യ ഹസന കോളജിലെ തന്റെ ശിഷ്യന്മാർകൂടിയായ മൂന്ന് മക്കൾക്കും ഇണകളെ കണ്ടെത്തിയതും അതേ കോളജിലെ അറബിഭാഷ വിദ്യാർഥിനികളിൽനിന്നായിരുന്നു.
ഡിസംബർ 18 ലോക അറബിക് ദിനത്തിൽ മറ്റൊരു സന്തോഷംകൂടി വന്നെത്തിയിരിക്കുയാണ് ഇവരുടെ കുടുംബത്തിൽ. മൂത്തമകൻ അബ്ദുല്ല അറബിക് സാഹിത്യത്തിൽ അറബിക്ദിനത്തിൽ ഡോക്ടറേറ്റ് നേടാനിരിക്കുകയാണ്. ഫാറൂഖ് കോളജിൽനിന്ന് ഡോ. കെ.പി. അബ്ബാസിന്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കുന്നത്. സ്കൂൾ കലോത്സവങ്ങളിൽ കലാപ്രതിഭ ഉൾപ്പെടെ നിരവധി പുരസ്കാരം നേടിയ വ്യക്തിയാണ് അബ്ദുല്ല.
സഹോദരങ്ങളും അറബിക് കലോത്സവങ്ങളിൽ വിവിധയിനങ്ങളിൽ മികവ് തെളിയിച്ചു. സി.ബി.എസ്.ഇ ന്യൂഡൽഹി അറബിക് ടെക്സ്റ്റ് ബുക്ക് കമ്മിറ്റി മെംബറായും അബ്ദുല്ലയെ തിരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.