സമൂഹമാധ്യമങ്ങൾ വഴി ബന്ധം സ്ഥാപിച്ച് 11 ലക്ഷം തട്ടിയെടുത്തു; ദമ്പതികൾ അറസ്റ്റിൽ
text_fieldsഅരീക്കോട് (മലപ്പുറം): സമൂഹമാധ്യമങ്ങൾ വഴി ബന്ധം സ്ഥാപിച്ച് യുവാവിൽനിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല സ്വദേശികളായ റാഷിദ (38), ബൈജു (42) എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോൻ അറസ്റ്റ് ചെയ്തത്. അരീക്കോട് കടുങ്ങല്ലൂർ സ്വദേശിയായ യുവാവിൽനിന്നാണ് മുഖ്യപ്രതിയായ റാഷിദ പണം തട്ടിയത്.
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതി തൃശൂരിലെ അനാഥാലയത്തിലാണ് താമസിക്കുന്നതെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിച്ചു. അർബുദരോഗ ബാധിതയാണെന്നും ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പണമാവശ്യമുണ്ടെന്നും പറഞ്ഞാണ് യുവതിയും ഭർത്താവും പണം തട്ടിയെടുത്തത്. മകളുടെ ഫോട്ടോ കാണിച്ചാണ് ഇരുവരും ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പ് മനസ്സിലായതോടെ അരീക്കോട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എസ്.ഐ അഹ്മദ്, എ.എസ്.ഐ രാജശേഖരൻ, വനിത ഓഫിസർ ജയസുധ എന്നിവരാണ് പ്രതികളെ തിരുവനന്തപുരത്തെത്തി പിടികൂടിയത്. വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.