അരീക്കോട് താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ അത്യാഹിത വിഭാഗം ആരംഭിച്ചു
text_fieldsഅരീക്കോട്: താലൂക്ക് ആശുപത്രിയിൽ വർഷങ്ങൾക്ക് ശേഷം 24 മണിക്കൂർ അത്യാഹിത വിഭാഗം ആരംഭിച്ചു. 10 വർഷം മുമ്പാണ് പ്രാഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ പിന്നീടുള്ള വികസനം പേരിലും ഫ്ലക്സ് ബോർഡുകളിലും മാത്രമായി ഒതുങ്ങി. ഇതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ ‘മാധ്യമ’വും പല തവണ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നെലെയാണ് കഴിഞ്ഞ വർഷം ആർദ്രം പരിപാടിയുടെ ഭാഗമായി ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രിയിൽ സന്ദർശനം നടത്തിയത്. ഈ സമയം പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. തുടർന്ന് ആശുപത്രിയിൽ ഉടൻ അത്യാഹിത വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ വിവിധ ഉത്തരവുകൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചെങ്കിലും അത്യാഹിത വിഭാഗം യാഥാർഥ്യമായില്ല. ഇതിനെതിരെ വലിയ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച മുതൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം ആരംഭിച്ചത്.
മൂന്ന് ഷിഫ്റ്റുകളിലായി അത്യാഹിത വിഭാഗത്തിൽ മാത്രം ഒരു ഡോക്ടർ, നഴ്സ്, നഴ്സിങ് അസിസ്റ്റൻറ്, അറ്റൻഡർ എന്നിവരാണ് ഉണ്ടാവുക. നേരത്തെ ഉണ്ടായിരുന്ന രണ്ടു നേരത്തെ ഒ.പി രാത്രി എട്ടുവരെ തുടരും.
ഇത് പ്രദേശത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. ഇതോടെ രാത്രികാലങ്ങളിൽ എന്ത് സംഭവിച്ചാലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ഈ മേഖലയിലെ സാധാരണക്കാർക്ക് ഇനിമുതൽ സൗജന്യമായി ചികിത്സ ലഭിക്കും. ആദ്യഘട്ടത്തിൽ അത്യാഹിത വിഭാഗത്തിൽ ചെറിയ സൗകര്യങ്ങൾ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തി അത്യാഹിത വിഭാഗം വിപുലീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.