അടുക്കളയിൽ അഗ്നിബാധ; പൊലീസിന്‍റെ ഇടപെടൽ വൻ അപകടം ഒഴിവാക്കി
text_fieldsഅരീക്കോട്: നടുവിലങ്ങാടി കൊട്ടാര കടവിൽ വീടിന്റെ അടുക്കളയിൽ തീപിടിത്തം. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.കൊട്ടാര കടവിൽ താമസിക്കുന്ന സുബൈദയുടെ വീടിന്‍റെ അടുക്കളയിലാണ് സംഭവം. ഈ സമയം വീട്ടുകാർ ഉണ്ടായിരുന്നില്ല. വീട്ടിൽനിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് പ്രദേശവാസികളാണ് കണ്ടത്.
തുടർന്ന് അരീക്കോട് പൊലീസിലും മുക്കം അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ പ്രദേശവാസികൾ തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അരീക്കോട് പൊലീസ് സംഭവസ്ഥലത്തെത്തി ജനൽ വാതിൽ തകർത്തും വീടിന്‍റെ അടുക്കള വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയുമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വലിയ രീതിയിൽ അടുക്കളയിൽ തീ പടർന്ന് പിടിച്ചിരുന്നു. അടുക്കളയിൽ റീഫിൽ ചെയ്ത് വെച്ച രണ്ട് സിലിണ്ടർ പാചകവാതകവും ഉണ്ടായിരുന്നു. ഇതിലേക്ക് തീ പടരും മുമ്പ് അരീക്കോട് പൊലീസ് നടത്തിയ കൃത്യമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.
മുക്കത്തുനിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും എത്തി. മോട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെയും പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ഫ്രിഡ്ജ്, ഓവൻ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ പൂർണമായി നശിച്ചു. അരീക്കോട് എസ്.എച്ച്.ഒ അബാസ് അലിയുടെ നേതൃത്വത്തിൽ എസ്. ഐ കെ.ജി. ജിതിൻ, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ ഷിനോജ്, പ്രദേശവാസികൾ എന്നിവരടങ്ങുന്ന സംഘമാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.