അരീക്കോട് സ്റ്റേഡിയം: സിന്തറ്റിക് ടർഫ് പ്രായോഗികമല്ല, പുൽത്തകിടി ഒരുക്കും –മന്ത്രി
text_fieldsഅരീക്കോട്: 2012ൽ പ്രവൃത്തി ആരംഭിച്ച് വിവിധ കാരണങ്ങളാൽ പദ്ധതി പ്രവർത്തനം തടസ്സപ്പെട്ടുകിടക്കുന്ന അരീക്കോട് ബാപ്പുസാഹിബ് സ്മാരക സ്റ്റേഡിയത്തിെൻറ നിർമാണപ്രവൃത്തികൾ പുനരാരംഭിക്കുന്നു.
സ്റ്റേഡിയത്തിെൻറ രണ്ടാം ഘട്ടം നിർമാണം സംബന്ധിച്ച് പി.കെ. ബഷീർ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് കായിക മന്ത്രി ഇ.പി. ജയരാജൻ നൽകിയ മറുപടിയിലാണ് സ്റ്റേഡിയം പ്രവൃത്തി സംബന്ധിച്ച പരാമർശമുണ്ടായത്. 2016 ജനുവരിയിൽ യു.ഡി.എഫ് ഭരണകാലത്താണ് 4.46 കോടിയുടെ ഭരണാനുമതി രണ്ടാംഘട്ട പ്രവൃത്തികൾക്ക് ലഭിച്ചത്.
സിന്തറ്റിക് ടർഫ് സ്ഥാപിക്കാൻ സർക്കാർ അംഗീകൃത ഏജൻസിയായ സിൽക്ക് മുഖേന ദർഘാസ് ക്ഷണിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നെങ്കിലും ദർഘാസിൽ പങ്കെടുത്ത ഒരു കരാറുകാരൻ പ്രീ ക്വാളിഫിക്കേഷൻ വ്യവസ്ഥകൾ ചോദ്യംചെയ്ത് ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്തു. തുടർന്ന് ഹൈകോടതി ദർഘാസ് സ്റ്റേ ചെയ്തു. ഇതോടെ നടപടികൾ തടസ്സപ്പെട്ടു.
2019ലെ പ്രളയത്തിൽ സ്റ്റേഡിയത്തിലെ ഇപ്പോഴുള്ള കെട്ടിടത്തിെൻറ ഒന്നാംനില വെള്ളത്തിനടിയിലായി. ഇതോടെ സ്റ്റേഡിയത്തിൽ സിന്തറ്റിക് ടർഫ് പ്രായോഗികമല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടി.
ഇതോടെ ഒന്നരക്കോടി ചെലവിൽ പുൽത്തകിടിയും ജലസേചന സൗകര്യവും സമയബന്ധിതമായി സ്റ്റേഡിയത്തിൽ ഒരുക്കാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായാണ് മന്ത്രി ജയരാജൻ സബ്മിഷനുള്ള മറുപടിയിൽ വ്യക്തമാക്കിയത്.
ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്റ്റേഡിയം പ്രവൃത്തിക്ക് ജീവൻവെക്കുന്നത്. നേരത്തേ, എം.ഐ. ഷാനവാസ് എം.പിയായിരിക്കെ ലഭിച്ച പ്രാദേശിക വികസന ഫണ്ട്, പി.കെ. ബഷീർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട്, പവർ ഗ്രിഡ് കോർപറേഷെൻറ സാമൂഹിക ബാധ്യതാ ഫണ്ട്, സംസ്ഥാന സർക്കാർ ഫണ്ട്, അരീക്കോട് ഗ്രാമപഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് ഒന്നാംഘട്ട നിർമാണം പൂർത്തിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.