പാടം പോലെ ഒരു മൈതാനം!
text_fieldsഅരീക്കോട്: പൊതുപരിപാടികൾക്ക് വിട്ടുനൽകി അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയവും മൈതാനവും പാടംപോലെ ഉഴുതു മറിച്ചതായി പരാതി. 12 വർഷങ്ങൾക്ക് മുമ്പാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം എന്ന ലക്ഷ്യത്തോടെ കോടികൾ ചിലവഴിച്ച് സ്റ്റേഡിയത്തിൽ വികസനത്തിന് തുടക്കമിട്ടത്. തുടർന്ന് ആധുനിക രീതിയിലുള്ള പവലിയനും ചുറ്റുമതിലും നവീകരണ പ്രവൃത്തികളും നടത്തി. എന്നാൽ, പിന്നീടുള്ള വികസനം വാഗ്ദാനങ്ങളിലും ഫ്ലക്സ് ബോർഡുകളിലും ഒതുങ്ങി.
ഇതോടെ കാൽപന്ത് പെരുമയുള്ള അരീക്കോട്ട് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം എന്നത് സ്വപ്നത്തിൽ ഒതുങ്ങി. മൈതാനത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് പി.കെ. ബഷീർ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് പരാതികൾ നൽകിയെങ്കിലും പരിഗണന ലഭിച്ചില്ലെന്ന് നാട്ടുകാരും ഫുട്ബാൾ പ്രേമികളും പറയുന്നു.
ഓരോതവണ വിഷയം അവതരിപ്പിക്കുമ്പോഴും വേഗത്തിൽ പരിഹാരം കാണാമെന്ന് ജനപ്രതിനിധികൾ പറയുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിലവിൽ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം സാമൂഹികവിരുദ്ധരുടെ താവളമായി. കോടികൾ ചെലവഴിച്ചു നിർമിച്ച പവലിയൻ സാമൂഹികവിരുദ്ധർ അടിച്ചു തകർത്തു. മൈതാനത്തിന് ഇരുമ്പ് തൂൺകൊണ്ട് നൽകിയ സുരക്ഷ പൂർണമായും തുരുമ്പെടുത്തു.അതേസമയം, പരിമിതികൾക്കിടയിലും ഒരുകൂട്ടം ഫുട്ബാൾ താരങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബാൾ പരിശീലനം ഉൾപ്പെടെ നടക്കുന്നുണ്ട്. എന്നാൽ, പൊതുപരിപാടികൾക്ക് സ്റ്റേഡിയം അനുമതി നൽകിയത് ഇതിനും തിരിച്ചടിയായി.
ഫുട്ബാൾ മത്സരങ്ങളും പരിശീലനവും നടക്കേണ്ട മൈതാനം നിലവിൽ സാമൂഹിക-സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ സമ്മേളന വേദിയായി മാറി. ഇത്തരം പരിപാടികൾക്ക് അനുമതി നൽകുന്നതോടെ മൈതാനത്ത് പലയിടങ്ങളിലും കുഴിയെടുത്ത് നാശന്മുഖമായത്. നിലവിൽ, കായികതാരങ്ങൾക്ക് മൈതാനത്ത് പരിശീലനത്തിന് ഇറങ്ങാനാവാത്ത സ്ഥിതിയാണ്. മൈതാനത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ നേരത്തെ വാർത്തകൾ നൽകിയിരുന്നു.
കഴിഞ്ഞ ദിവസം മൈതാനത്ത് കാർണിവൽ തുടങ്ങാൻ വാഹനമെത്തിയത് പ്രതിഷേധത്തിനിടയാക്കി. അധികാരികൾ ഇടപ്പെട്ട് സ്റ്റേഡിയത്തിന്റെ പുനർനിർമാണം വേഗത്തിലാക്കണമെന്നാണ് പൊതുജനാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.