ഫുട്ബാളിനെ നെഞ്ചേറ്റിയ യു. മുഹമ്മദിന്റെ വിയോഗം തീരാനഷ്ടം
text_fieldsഅരീക്കോട്: അരീക്കോട്ടേ പഴയകാല ഫുട്ബാൾ താരം യു. മുഹമ്മദിന്റെ വിയോഗം നാടിന് തീരാനഷ്ടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12 ഓടെയാണ് അന്ത്യം. ഊർങ്ങാട്ടിരി പഞ്ചായത്തിലെ തെരട്ടമ്മൽ ഉഴുന്നൻ കുഞ്ഞാലാൻ ഹാജി-മൂർഖൻ ബിയ്യകുട്ടി ഉമ്മയുടെയും മൂത്ത മകനായി 1952ലാണ് ജനനം.
ഫുട്ബാളിന്റെ ഈറ്റില്ലമായ നാട്ടിലും ഫുട്ബാളിനെ നെഞ്ചിലേറ്റിയ കുടുംബത്തിലെ അംഗമായത് കൊണ്ടുതന്നെ പ്രാദേശിക ഫുട്ബാളിലൂടെയാണ് യു. മുഹമ്മദിന്റെ ഫുട്ബാൾ ജീവിതം ആരംഭിക്കുന്നത്. 1970-80 കാലഘട്ടത്തിൽ കെ.എസ്.ആർ.ടി.സിയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഫഷനൽ ഫുട്ബാൾ രംഗത്തേക്കുള്ള കടന്നുവരവ്. മദ്രാസിൽ നടന്ന വിറ്റൽ ട്രോഫിക്കുള്ള മത്സരത്തിൽ കെ.എസ്.ആർ.ടി.സിയും അക്കാലത്തെ രാജ്യത്തെ പ്രമുഖ ഫുട്ബാൾ ക്ലബായ മുഹമ്മദൻസും തമ്മിൽ വാശിയേറിയ മത്സരമാണ് നടന്നത്. ഈ മത്സരത്തിലെ യു. മുഹമ്മദ് മിന്നും പ്രകടനം കാഴ്ചവെച്ചു. തുടർന്ന് അദ്ദേഹത്തെ അന്നത്തെ കാലത്ത് മുഹമ്മദൻസിലേക്ക് വിളിക്കുന്നത്.
എന്നാൽ, കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം ജോലി ഒഴിവാക്കാൻ അദ്ദേഹം തയാറായിരുന്നില്ല. പിതാവിന്റെ നിർദേശത്തെ തുടർന്നാണ് പിന്നീട് മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിലേക്ക് എത്തുകയും അവിടെ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എന്നാൽ, ഇതിനിടയിൽ പ്രാദേശിക മത്സരത്തിലുണ്ടായ പരിക്കുമൂലം കാലിന് സർജറിക്ക് വിധേയമാക്കി പിന്നീട് കൂടുതൽ കാലം ഒന്നും അദ്ദേഹത്തിന് ഫുട്ബാൾ മേഖലയിൽ തിളങ്ങാൻ സാധിച്ചില്ല. ഇതിനിടയിൽ അരീക്കോട്, തെരട്ടമ്മൾ എന്നീ ഫുട്ബാൾ ഗ്രാമങ്ങൾക്ക് വേണ്ടി പുറം നാടുകളിൽ നിരവധി പ്രാദേശിക മത്സരങ്ങൾക്കും അദ്ദേഹം നിരവധിതവണ ബൂട്ട് കെട്ടി.
ഫുട്ബാൾ കാലത്തിനുശേഷം സാമൂഹിക രാഷ്ട്രീയ കായിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു. ഇതിന് ഇടയിൽ അരീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം നടന്ന കുടുംബ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കുകയും ഉഴുന്നൻ കുടുംബ അസോസിയേഷൻ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഈ സമയം കുടുംബാംഗങ്ങളോടും മറ്റും വലിയ രീതിയിൽ അടുത്ത് ഇടപഴകുമ്പോഴും ഇത് അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് കുടുംബാംഗങ്ങളും കരു
തിയില്ല.
ഇതിനുശേഷമാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷ വിയോഗം. ചൊവ്വാഴ്ച പുലർച്ച മുതൽ വീട്ടിൽ പൊതുദർശനത്തിൽ വെച്ച മൃതദേഹം ഉച്ചക്ക് ഒരുമണിയോടെ തെരട്ടമ്മൽ ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഫുട്ബാൾ താരങ്ങൾ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലുള്ള നിരവധി പേരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.