മികച്ച അധ്യാപകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കെ. ഷൗക്കത്തലി ഇനി ഓർമ
text_fieldsഅരീക്കോട്: നിശ്ശബ്ദനായ മനുഷ്യസ്നേഹി ഡോ. ഷൗക്കത്തലിയുടെ വിയോഗം അരീക്കോടിന് തീരാനഷ്ടമായി. രോഗബാധിതനായി ഒരുവർഷത്തോളമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലാണ് മരിച്ചത്. അരീക്കോട്ടെ ആദ്യകാല എൻജിനീയർമാരുടെ കൂട്ടത്തിൽ ആദ്യമായി ബിരുദാനന്തര ബിരുദമെടുത്തു. മുംബൈ ഐ.ഐ.ടിയിൽനിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി. തുടർന്ന് കോഴിക്കോട് റീജനൽ എൻജിനീയറിങ് കോളജിൽ അധ്യാപകനും എച്ച്.ഒ.ഡിയുമൊക്കെയായി സേവനമനുഷ്ഠിച്ചു. പിന്നീട് സൗദി അറേബ്യയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയുടെ വൈ സ്ഡീൻ വരെയായി ഈ അരീക്കോട്ടുകാരൻ സേവനം അനുഷ്ഠിച്ചിരുന്നു.
1996ൽ രൂപവത്കൃതമായ അരീക്കോട് മലബാർ ഇസ്ലാമിക് കൾചറൽ ആൻഡ് എജുക്കേഷനൽ സൊസൈറ്റിയുടെ സ്ഥാപക ചെയർമാൻ ഉൾപ്പെടെ നിരവധി മേഖലയിൽ നിറസാന്നിധ്യമായിരുന്നു. സൗദിയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിൽ പ്രഫസറായി ദീർഘകാലം ജോലി ചെയ്ത സമയത്ത് അരീക്കോട്ടെ പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊണ്ടു. പിന്നീട് നാട്ടിലെത്തിയ ശേഷം കോഴിക്കോട് എ.ഡബ്ല്യൂ.എച്ചിൽ എൻജിനീയറിങ് കോളജിന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചു. സലഫി ആദർശ പ്രബോധനത്തിന്റെ വാക്താവായിരുന്ന ഡോ. ഷൗക്കത്തലി.
അരീക്കോട് മലബാർ ഇസ്ലാമിക് കൾചറൽ ആൻഡ് എജുക്കേഷനൽ സൊസൈറ്റി എന്ന വിദ്യാഭ്യാസ ജീവകാരുണ്യ സംഘടന രൂപവത്കരിച്ചപ്പോൾ അതിന്റെ സ്ഥാപക ചെയർമാനായതും പബ്ലിക് സ്കൂൾ, പാവപ്പെട്ടവർക്കായുള്ള വീട് നിർമ്മാണം എന്നിവക്ക് നേതൃത്വം നൽകിയതും ഡോ. ഷൗക്കത്തലിയായിരുന്നു. തന്റെ സമ്പാദ്യവും അറിവും നിശ്ശബ്ദമായി അർഹരായവരിൽ എത്തിക്കാൻ എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. ഖുർആൻ വിജ്ഞാന സദസ്സുകളിൽ ഖുർആനിലെ പല വെളിപ്പെടുത്തുകളും ശാസ്ത്രീയമായി വിദ്യാർഥികൾക്ക് വിശകലനം ചെയ്ത് കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. അരീക്കോട് താഴത്തങ്ങാടി വലിയ ജുമാഅത്ത് പള്ളിയിൽ നടന്ന നമസ്കാരത്തിനും ഖബറടക്കത്തിലും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. തുടർന്ന് അരീക്കോട് അങ്ങാടിയിൽ അനുശോചന യോഗവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.