ബാപ്പയുടെ വഴിയിൽ മകനും; കേരള പ്രീമിയർ ലീഗിൽ ഫഹദ് ജാബിറിന് അരങ്ങേറ്റം
text_fieldsഅരീക്കോട്: പിതാവിന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ എഫ്.സി അരീക്കോടിന് വേണ്ടി കേരള പ്രീമിയർ ലീഗിൽ ആദ്യ അരങ്ങേറ്റം നടത്തി സി. ജാബിറിന്റെ മകൻ ഫഹദ് ജാബിർ. പതിനാറാം വയസ്സിൽ കേരള പ്രീമിയർ ലീഗിലൂടെയാണ് തുടക്കം കുറച്ചിരിക്കുന്നത്. പിതാവിന്റെ പാതയിൽ മികച്ച ഫുട്ബാൾ താരമാകണമെന്നായിരുന്നു ചെറുപ്പം മുതൽ ആഗ്രഹം. ഇതിനായി കഠിനപരിശ്രമം നടത്തി ഒടുവിൽ എഫ്.സി അരീക്കോടിന്റെ അക്കാദമിയിൽ എത്തുകയായിരുന്നു. അഞ്ച് വർഷമായി അക്കാദമിയിൽ പരിശീലനം നേടി മികച്ച പ്രകടനം കാഴ്ച വെച്ച ശേഷമാണ് ഈ പതിനാറുകാരൻ എഫ്.സി അരീക്കോട് അക്കാദമിയുടെ പ്രഫഷണൽ ക്ലബായ എഫ്.സി അരീക്കോടിലൂടെ കേരള പ്രീമിയർ ലീഗിലേക്ക് എത്തിയത്. കേരള പൊലീസിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച മുൻ ഇൻറർനാഷനൽ താരം സി. ജാബിർ അരീക്കോടൻ ഫുട്ബാളിന്റെ തീരാനഷ്ടമാണ്.
ബുധനാഴ്ച കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗിൽ ലൂക്കാ സോക്കർ ക്ലബ്-എ.എഫ്.സി അരീക്കോട് മത്സരത്തിൽ മധ്യനിരയിൽ നിന്ന് മികച്ച പ്രകടനമാണ് ഫഹദ് ജാബിർ കാഴ്ച വെച്ചത്.
പിതാവിനെ പോലെ തന്നെ മികച്ച ഒരു ഭാവി ഫഹദിനുമുണ്ടെന്ന് എഫ്സി അരീക്കോട് സി.ഒ. റാഷിദ് നാലകത്ത് പറഞ്ഞു. വലിയ പ്രതീക്ഷയുണ്ടെന്ന് എഫ്.സി അരീക്കോട് ചെയർമാൻ കാഞ്ഞിരാല അബ്ദുൽ കരീമും പറഞ്ഞു. എടവണ്ണ ഐ.ഒ.എച്ച്.എസിലെ പ്ലസ് ടു വിദ്യാർഥിയാണ് തെരട്ടമ്മൽ സ്വദേശിയായ ഫഹദ്. മാതാവ്: കെ.സി. നസീമ. സഹോദരങ്ങൾ: ഫിദ ജാബിർ, റിൻന്ത ജാബിർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.