കുറ്റിയടിച്ചു; മൂന്നു മാസം കൊണ്ട് കൃഷ്ണൻകുട്ടിയുടെ സ്വപ്ന വീട് യാഥാർഥ്യമാകും
text_fieldsഅരീക്കോട്: കാവനൂർ സ്വദേശി കാസിം നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിെൻറ കുറ്റിയടിക്കൽ കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫ് നിർവഹിച്ചു.
അരീക്കോട് ഗ്രാമപഞ്ചായത്തിലെ ചെമ്പറമ്പ് സ്വദേശി കൃഷ്ണൻകുട്ടിക്കും കുടുംബത്തിനുമാണ് അരീക്കോട് ജനമൈത്രി പൊലീസിെൻറയും കാവനൂർ സ്വദേശി കാസിമിെൻറയും നേതൃത്വത്തിൽ ആറര ലക്ഷം രൂപ ചെലവിൽ വീട് ഒരുങ്ങുന്നത്. കാറ്റടിച്ചാൽ നിലംപൊത്താവുന്ന അവസ്ഥയിലുള്ള വീട്ടിലായിരുന്നു കൃഷ്ണൻകുട്ടിയും ഭാര്യയും മൂന്നു മക്കളും വർഷങ്ങളായി താമസിച്ചിരുന്നത്. ഈ സ്ഥലത്ത് തന്നെയാണ് പുതിയ വീട് നിർമിക്കുന്നത്. മൂന്നു മാസംകൊണ്ട് വീടു പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഏറെനാളായി അടച്ചുറപ്പുള്ള വീട് എന്ന മോഹം ഇപ്പോഴാണ് ഇവർക്ക് പൂവണിയുന്നത്. തെൻറ മക്കൾക്ക് സ്കൂളിൽ പഠിക്കുന്ന കൂട്ടുകാരെ പോലും വീട്ടിലേക്ക് ക്ഷണിക്കാൻ മടിയായിരുന്നു എന്ന് കൃഷ്ണൻകുട്ടിയുടെ ഭാര്യ ഷീജ ആനന്ദ കണ്ണീരോടെ 'മാധ്യമ'ത്തോട് പറഞ്ഞു. ഏറെ നാളത്തെ സ്വപ്നമാണ് പൂവണിയാൻ ഒരുങ്ങുന്നതെന്നും വളരെയധികം സന്തോഷവും നന്ദിയും ഉണ്ടെന്നും കൃഷ്ണൻകുട്ടിയും പറഞ്ഞു. ഈ കുടുംബത്തെ കണ്ടെത്തി വീട് നിർമിച്ചു നൽകാൻ കാരണമായ പൊലീസിനെയും വീട് നിർമിച്ചു നൽകാൻ തയാറായ കാസിമിനെയും സുഹൃത്തുക്കളെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫും പറഞ്ഞു.
കുറ്റിയടിക്കൽ ചടങ്ങിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അബ്ദു ഹാജി, മുഹമ്മദ് കാസീം, അരീക്കോട് സബ് ഇൻസ്പെക്ടർ വിമൽ, സിവിൽ പൊലീസ് ഓഫിസർ സലീഷ്, അബ്ദുറഹിമാൻ (നന്മ കൂട്ടായ്മ) തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.