സുല്ലമുസ്സലാം സയൻസ് കോളജിലെ ഇൻഡോർ സ്റ്റേഡിയം തുറന്നു
text_fieldsഅരീക്കോട്: അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിൽ ആധുനികരീതിയിൽ നിർമാണം പൂർത്തിയാക്കിയ ഇൻഡോർ സ്റ്റേഡിയം വയനാട് എം.പി രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.
പ്രശ്നങ്ങളെ പേടിക്കാതെ ജീവിക്കാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്ന് രാഹുൽ ഗാന്ധി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഡൽഹിയിൽ ഉള്ളവർ പലതും പറഞ്ഞു പേടിപ്പിക്കും. അതിൽ പേടിക്കേണ്ട കാര്യമില്ല. അവർതന്നെ അവിടെ ഭയപ്പെട്ടാണ് ജീവിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യു.ജി.സിയുടെ ഭാഗിക ധനസഹായത്തോടെ 1.1 കോടി ചെലവിലാണ് സ്റ്റേഡിയം പൂർത്തിയാക്കിയത്. 11,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇൻഡോർ പരിശീലന ഹാളിൽ നാല് ബാഡ്മിന്‍റൺ കോർട്ടുകളും, ഒരു ബാസ്‌കറ്റ്‌ബാൾ കോർട്ടും ഒരു വോളിബാൾ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ യോഗ, ജിംനാസ്റ്റിക്സ്, ജൂഡോ, വുഷു ഉൾപ്പെടെയുള്ളവക്കുള്ള സൗകര്യങ്ങളും പുതിയ സ്റ്റേഡിയത്തിലുണ്ട്. ഉദ്ഘാടന ചടങ്ങിന് ശേഷം രാഹുൽ ഗാന്ധിയും ഫിസിക്സ് വിഭാഗം അധ്യാപകനായ അബ്ദുൽ റഹൂഫുമായും വിദ്യാർഥികളുമായും ബാഡ്മിന്‍റൺ കളിച്ചത് വലിയ ആവേശമാണ് ഉണ്ടാക്കിയത്. ചടങ്ങിൽ കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരവും വിതരണം ചെയ്തു.
കോളജ് മാനേജർ പ്രഫ. എൻ.വി. അബ്ദുറഹിമാൻ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എം.പി, പി.കെ. ബഷീർ എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ, കോളജ് പ്രിൻസിപ്പൽ ഡോ. പി. മുഹമ്മദ് ഇല്യാസ്, വൈസ് പ്രിൻസിപ്പൽ ഡോ. മുസ്തഫ ഫാറൂഖ്, വി.എസ്. ജോയ്, അജീഷ് എടാലത്ത്, കെ. ഭാസ്കരൻ, എ.ഡബ്ല്യൂ. അബ്ദുറഹ്മാൻ, പി.പി. സഫറുല്ല, ഡോ. വി.പി. സക്കീർ ഹുസൈൻ, എം. സുൽഫിക്കർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.