ചേതനയറ്റ് നുഫൈൽ; സങ്കടമടക്കാനാകാതെ നാട്
text_fieldsഅരീക്കോട്: ഒരാഴ്ച മുമ്പ് എല്ലാവരോടും യാത്ര പറഞ്ഞ് മടങ്ങിയ മകൻ ചേതനയറ്റ് ത്രിവർണ പതാകയിൽ പുതച്ചെത്തിയപ്പോൾ ഉമ്മ ആമിനക്കും കുടുംബാംഗങ്ങൾക്കും സങ്കടമടക്കാനായില്ല. ലഡാക്കിൽ മരിച്ച സൈനികൻ കുനിയിൽ സ്വദേശി കെ.ടി. നുഫൈലിന് കുടുംബവും നാടും വിടയേകിയ നിമിഷം കണ്ണീർക്കാഴ്ചകളുടേതായി.
പൊട്ടിക്കരഞ്ഞെത്തിയ മാതാവ് ആമിനയും ഭാര്യ മിൻഹയും സഹോദരങ്ങളും കണ്ടുനിന്നവരുടെയും കണ്ണുനിറച്ചു. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം ജന്മനാടായ കുനിയിലിൽ എത്തിച്ചത്. നൂറുകണക്കിന് യുവാക്കളുടെ അകമ്പടിയോടെ വിലപയാത്ര കടന്നുപോയി.
സൈനികനെ അവസാനമായി കാണാൻ വൻ ജനാവലിയാണ് എത്തിയത്. 11 മണി കഴിഞ്ഞിട്ടും പൊതുദർശനസ്ഥലത്ത് ജനക്കൂട്ടത്തിന്റെ നിര നീണ്ടതോടെ മൃതദേഹം മതാചാരചടങ്ങുകൾക്കായി വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ ഒരിക്കൽ കൂടി പ്രിയപ്പെട്ടവർക്ക് കാണാൻ അവസരം നൽകി. തുടർന്ന് വീട്ടിൽനിന്ന് ഹൃദയഭേദകമായ രംഗങ്ങളോടെ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഖബറടക്കത്തിനായി ഇരപ്പക്കുളം ജുമാമസ്ജിദിലേക്ക്. സൈന്യം ഔദ്യോഗിക നടപടി പൂർത്തിയാക്കി പതാക ബന്ധുക്കൾക്ക് കൈമാറി. കേരള പൊലീസും ഗാർഡ് ഓഫ് ഓണർ നൽകി.
ചെറുപ്പം മുതലുള്ള നുഫൈലിന്റെ ആഗ്രഹമായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകണമെന്ന്. ആഗ്രഹപ്രകാരം ഹയർസെക്കൻഡറി പഠനശേഷം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. ഒടുവിൽ ആ യൂനിഫോമിൽ തന്നെ ലോകത്തോട് വിടപറഞ്ഞു.
വിതുമ്പലോടെ പതാക ഏറ്റുവാങ്ങി; നെഞ്ചോട് ചേർത്ത് ആമിനുമ്മ
അരീക്കോട്: സൈനികൻ കെ.ടി. നുഫൈലിന്റെ ഭൗതികശരീരത്തിൽ പുതച്ച ദേശീയപതാക സൈനിക ഉദ്യോഗസ്ഥർ കുടുംബത്തിന് കൈമാറി. പള്ളിയിലെത്തി സൈനിക നടപടി പൂർത്തിയാക്കിയ ശേഷമാണ് നയബ് സുബേദാർ സെബാസ്റ്റ്യൻ വീട്ടിലെത്തി മാതാവ് ആമിനക്ക് പതാക കൈമാറിയത്. വിതുമ്പലോടെ അവർ ഏറ്റുവാങ്ങി. ഭാര്യ മിൻഹ ഫാത്തിമയും മറ്റു കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.