ഏറനാട്ടിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയിൽ
text_fieldsഅരീക്കോട്: ഏറനാട് നിയോജകമണ്ഡലത്തിലെ 29 ബൂത്തുകളിൽ സമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് പൂർത്തിയായില്ല. രാവിലെ ഏഴിന് എല്ലായിടങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. എന്നാൽ ചിലയിടങ്ങളിൽ അൽപ സമയം വോട്ടിങ് മെഷീൻ തകരാറിലായത് ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് എല്ലായിടങ്ങളിലും മികച്ച രീതിയിൽപോളിങ് നടക്കുകയും ചെയ്തിരുന്നു. തുടർന്ന് 12 ഓടെയാണ് പല ബൂത്തുകളിലും മന്ദഗതിയിലേക്ക് കടന്നത്. 29 ബൂത്തുകളിൽ ആറുമണി കഴിഞ്ഞിട്ടും വോട്ടെടുപ്പ് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. വൈകീട്ട് ആറിന് മുമ്പ് പോളിങ് ബൂത്തിൽ എത്തിയ വോട്ടർമാർക്ക് ഉദ്യോഗസ്ഥർ ടോക്കൺ നൽകുകയായിരുന്നു.
എടവണ്ണ എട്ട്, ഊർങ്ങാട്ടിരി ഏഴ്, കാവനൂർ ആറ്, അരീക്കോട് മൂന്ന്, ചാലിയാർ രണ്ട്, കുഴിമണ്ണ രണ്ട്, കീഴുപറമ്പ് ഒന്ന് എന്നിങ്ങനെയണ് രാത്രി വൈകി പോളിങ് പൂർത്തിയായ ബൂത്തുകളുടെ എണ്ണം. ഇവിടെയെല്ലാം ആറ് കഴിഞ്ഞിട്ടും നൂറിൽ കൂടുതൽ വോട്ടർമാരാണ് വോട്ട് ചെയ്യാനുണ്ടായിരുന്നത്. കാവനൂർ പഞ്ചായത്തിലെ ചെങ്ങര ബൂത്തിൽ രാത്രി 10 കഴിഞ്ഞിട്ടും വോട്ടെടുപ്പ് തുടർന്നു. ഇവിടെ 200ൽ കൂടുതൽ പേരാണ് ആറിനുശേഷം വോട്ട് ചെയ്യാനുണ്ടായിരുന്നത്.
സാധാരണ രീതിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ വോട്ടെടുപ്പ് വൈകാറില്ലെന്ന് യു.ഡി.എഫ് ഏറനാട് മണ്ഡലം ചെയർമാൻ ഗഫൂർ കുറുമാടൻ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം ലഭിക്കാത്തതും വി.വി പാറ്റിൽ വോട്ട് ചെയ്ത ശബ്ദം പുറത്ത് വരാൻ വൈകിയതുമാണ് മണ്ഡലത്തിൽ ഇത്രയും കൂടുതൽ സ്ഥലങ്ങളിൽ വോട്ടെടുപ്പ് രാത്രിയിലേക്ക് കടക്കാൻ ഇടയായതെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് രാത്രിയിലേക്ക് കടന്നതോടെ എല്ലായിടങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
രാവിരുണ്ടിട്ടും തീരാതെ ജനവിധി
- ആത്മവിശ്വാസത്തോടെ മുന്നണികൾ
കൊണ്ടോട്ടി: അതിരാവിലെ മന്ദഗതിയിൽ ആരംഭിച്ച വോട്ടെടുപ്പിന് ഉച്ചക്ക് ശേഷം വേഗമേറിയെങ്കിലും കൊണ്ടോട്ടിയിൽ ജനവിധി പെട്ടിയിലാകാൻ ഏറെ സമയമെടുത്തു. രാത്രി എട്ടോടെയാണ് മണ്ഡലത്തിൽ പോളിങ് പൂർത്തിയായത്. വിവിധ ഭാഗങ്ങളിലായി 10ഓളം ബൂത്തുകളിൽ ആറിന് ശേഷവും വോട്ടെടുപ്പ് നടന്നു.
ആദ്യം ഇഴഞ്ഞു നീങ്ങിയ വോട്ടെടുപ്പ് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് ജനങ്ങൾ ബൂത്തുകളിലേക്ക് ഒഴുകിയെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. കൊണ്ടോട്ടി നഗരസഭ, വാഴയൂർ, പുളിക്കൽ, ചെറുകാവ്, വാഴക്കാട്, ചീക്കോട്, മുതുവല്ലൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 171 ബൂത്തുകളിലാണ് വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ചിലയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ തകരാറിലായതൊഴികെ കാര്യമായ പ്രശ്നങ്ങളില്ലാതെ സമാധാനപരമായാണ് വോട്ടെടുപ്പ് പൂർത്തിയായത്. എല്ലായിടത്തും പുലർച്ചെ 5.30 ഓടെ മോക് പോൾ ആരംഭിച്ചു. 50 വോട്ടുകൾ രേഖപ്പെടുത്തിയ ശേഷം രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി. നഗര പ്രദേശങ്ങളിലെ ബൂത്തുകളിൽ രാവിലെ മുതൽ പുരുഷ വോട്ടർമാരുടെ തിരക്കായിരുന്നു. ഗ്രാമാന്തരങ്ങളിൽ മന്ദഗതിയിലായിരുന്നു തുടക്കമെങ്കിലും 10 ഒാടെ വോട്ടിങ്ങിനു ചൂടുപിടിച്ചു. ജുമുഅ നമസ്കാര സമയം മുതൽ വനിത വോട്ടർമാരുടെ തിരക്കായിരുന്നു. വൈകുന്നേരം നാലിനു ശേഷം നൂറുകണക്കിന് വോട്ടർമാരാണ് വരിയിലുണ്ടായിരുന്നത്. ആറുവരെ വരിയിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കി.
ഒളവട്ടൂർ പനച്ചിക പള്ളിയാളി സ്കൂളിൽ ആറിന് ശേഷം വരിനിന്ന 249 പേർക്കും ഒളവട്ടൂർ എച്ച്.ഐ.ഒ.എച്ച്.എസ്. സ്കൂളിൽ 60 പേർക്കും ടോക്കൺ നൽകി. വെണ്ണായൂർ എ.യു.പി. സ്കൂളിൽ നൂറോളം പേർ ആറിന് ശേഷമാണ് വോട്ട് ചെയ്തത്. പൂച്ചാൽ മദ്റസയിൽ 200ഓളം പേർ വൈകി വോട്ടു ചെയ്തു. പേങ്ങാട് എ.യു.പി സ്കൂളിലും ആറിനുശേഷം നൂറോളം പേർ വരിയിലുണ്ടായിരുന്നു. പുളിക്കൽ അങ്ങാടി 99 ബൂത്തിൽ 200 ടോക്കണും തടത്തിൽ പറമ്പ് ജി.എച്ച്.എസ്.എസ് ബൂത്ത് 105ൽ 140 ടോക്കണുകളും നൽകി. ജനങ്ങൾ വിധികുറിച്ചതോടെ കണക്കുകൾ വിശകലനം ചെയ്യുന്നതിലേക്ക് തിരിഞ്ഞിരിക്കുകയാണ് നേതാക്കളും അണികളും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗിനെ പിന്തുണച്ച മണ്ഡലമാണ് കൊണ്ടോട്ടി. 2019ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി 39,313 വോട്ടുകളുടെയും 2021 ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി 21,433 വോട്ടുകളുടെയും ലീഡാണ് കൊണ്ടോട്ടിയിൽ നിന്ന് നേടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.