അരീക്കോട്ട് മഹാശില സംസ്കാര അവശിഷ്ടങ്ങൾ കണ്ടെത്തി
text_fieldsഅരീക്കോട്: ഉഗ്രപുരത്ത് മഹാശിലായുഗ സംസ്കാരത്തിലേതെന്ന് കരുതുന്നഅവശിഷ്ടങ്ങൾ കണ്ടെത്തി. ഉഗ്രപുരം പെരുമ്പറമ്പിലെ ആനക്കല്ലിങ്കൽ വീട്ടിൽ രമേഷിന്റെ പറമ്പിൽനിന്നാണ് നന്നങ്ങാടികളും സൂക്ഷ്മശില ഉപകരണങ്ങളും കണ്ടെടുത്തത്. വീടിന് കുഴിയെടുക്കുമ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഫാറൂഖ് കോളജിലെ ചരിത്ര വിഭാഗം അധ്യാപക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
50 സെന്റീമീറ്റർ അകലത്തിൽ രണ്ട് നന്നങ്ങാടികളാണ് കണ്ടെത്തിയത്. ഇരുമ്പ് യുഗ-പ്രാക് ചരിത്രകാലത്തെ മൺപാത്ര സാങ്കേതികവിദ്യ ദൃശ്യമാവുന്ന നന്നങ്ങാടികളിൽ ചെറിയ മൺകലങ്ങൾ ഒഴികെ മറ്റൊന്നിന്റെയും സാന്നിധ്യമില്ല. ഈ പ്രദേശത്തിനടുത്ത് തന്നെ ഒരു മുനിയറയും കണ്ടെത്തിയിരുന്നു. ഇരുമ്പുയുഗ കാലത്തും മധ്യകാലത്തും വ്യാപകമായ കുടിപ്പാർപ്പുകൾ പ്രദേശത്തുണ്ടായിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് പര്യവേക്ഷണത്തിൽ തെളിഞ്ഞതെന്ന് ഫാറൂഖ് കോളജ് ചരിത്ര വകുപ്പ് മേധാവി ഡോ. ടി. മുഹമ്മദലി പറഞ്ഞു. പല പറമ്പുകളിലും പ്രാചീനകാലത്തെ കൽത്തുളകൾ കാണാൻ സാധിച്ചു. മധ്യകാലഘട്ടത്തിലേതെന്ന് തോന്നിപ്പിക്കുന്ന തിളങ്ങുന്ന മൺപാത്ര കഷണങ്ങളും കണ്ടെടുത്തു. അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടത്താൻ ഒരുങ്ങുകയാണ് ഫാറൂഖ് കോളജ് ചരിത്ര വിഭാഗം അധ്യാപകരും ഗവേഷണ വിദ്യാർഥികളും. അതിനായുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം വീണ്ടും സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളജ് ചരിത്ര വിഭാഗത്തിലെ ഡോ. സി.എ. അനസ്, ഡോ. യു. ഷുമൈസ്, ഗവേഷകയായ കെ. ഷബ്ന എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.