കുരിക്കലമ്പാടുകാർക്ക് ഇനി കുന്നിൻചെരുവിലിരുന്ന് പഠിക്കേണ്ട; മൊബൈൽ ടവർ സ്ഥാപിച്ചു
text_fieldsഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ കുരിക്കലമ്പാട് പ്രദേശവാസികൾക്ക് ആശ്വാസമായി പുതിയ മൊബൈൽ ടവർ സ്ഥാപിച്ചു. ഭാരതി എയർടെൽ കമ്പനിയുടെ ടവറാണ് കൊത്തംപാറയിൽ വ്യാഴാഴ്ച നാടിന് സമർപ്പിച്ചത്.
ടവർ ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ പഠനത്തിനും മറ്റും കുട്ടികൾ ബുദ്ധിമുട്ടുന്നതായ വാർത്ത 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുശേഷമാണ് നടപടി. ടവറിെൻറ ഉദ്ഘാടനം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ജിഷ നിർവഹിച്ചു.
പ്രദേശത്തെ വിദ്യാർഥികൾ കുന്നിൻ ചെരിവിലും റബർ തോട്ടങ്ങളിൽ ഉൾപ്പെടെ എത്തിയായിരുന്നു ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. രാത്രിസമയങ്ങളിൽ ക്ലാസുകൾ കേൾക്കാനും സാധിച്ചിരുന്നില്ല. ഇത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. നാട്ടുകാർക്ക് പരസ്പരം വിവരങ്ങൾ കൈമാറുന്നതിനും മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്തത് തടസ്സമായിരുന്നു.
വൈകിയാണെങ്കിലും മൊബൈൽ ടവർ വന്നതിൽ സന്തോഷം ഉണ്ടെന്നും എയർടെൽ കമ്പനിയോട് നന്ദിയുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. കുരിക്കലമ്പാട് ഒന്നരകിലോമീറ്റർ പരിധിയിൽ ടവറിലെ നെറ്റ്വർക്ക് പരിധി ലഭിക്കും. ആധുനിക രീതിയിൽ ആണ് ടവർ പൂർത്തിയാക്കിയതെന്ന് ഭാരതി എയർടെൽ അധികൃതർ പറഞ്ഞു. സമർപ്പണ ചടങ്ങിൽ നിയുക്ത വാർഡ് അംഗം എം. ശിവകുമാർ (സത്യൻ) അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജോ ആൻറണി, എയർടെൽ ഏരിയ മാനേജർ അൻവർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ഹസ്നത്ത് കുഞ്ഞാണി, പാവണ്ണ അംഗം അനിത, കെ.കെ. കുഞ്ഞാണി, പി.കെ. അബ്ദുല്ല, കെ രാധാകൃഷ്ണൻ, പി. ശരീഫ് മുസ്ലിയാർ, റിഷാദ് പൂവത്തിക്കൽ, എ.കെ.എ. ഇസ്ഹാക്ക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.