സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം തട്ടിയയാൾ അറസ്റ്റിൽ
text_fieldsഅരീക്കോട്: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടിയയാൾ യുവാവ് പിടിയിൽ. പെരിന്തൽമണ്ണ നോട്ടത്ത് വീട്ടിൽ ശ്രീരാഗിനെയാണ് (22) അരീക്കോട് എസ്.എച്ച്.ഒസി.വി ലൈജു മോൻ അറസ്റ്റ് ചെയ്തത്. കുനിയിൽ സ്വദേശിയിൽനിന്നാണ് വ്യാജ സീലും അനുബന്ധ രേഖകളും കാണിച്ച് ഇയാൾ പണം തട്ടിയത്.
പരാതിക്കാരൻ സൈന്യത്തിൽ ചേരാൻ ഫിസിക്കൽ ടെസ്റ്റ് ഉൾപ്പെടെ പൂർത്തിയായിരുന്നു. ഇതിനിടയിലാണ് മുക്കത്തെ ജിം സെൻററിൽ വെച്ച് പ്രതിയുമായി പരിചയപ്പെടുന്നത്.
തുടർന്ന് താൻ സൈന്യത്തിൽ ചേർന്നതായും ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും പണം കൊടുത്താൽ ഉടൻ ജോലിക്ക് കയറാമെന്നും പ്രതി യുവാവിനെ വിശ്വസിപ്പിക്കുകയായിരുന്നു. 2020 മുതൽ വിവിധ സമയങ്ങളിലായി മൂന്നര ലക്ഷത്തിലധികം രൂപയാണ് പരാതിക്കാരൻ കൈമാറിയത്.
രണ്ടുവർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വഞ്ചിക്കപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് അരീക്കോട് പൊലീസിൽ പരാതി നൽകി.
തുടർന്നുള്ള അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി വ്യക്തമായതിനെ തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ശ്രീരാഗിനെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് അരീക്കോട് പൊലീസിന് കൈമാറുകയായിരുന്നു.
പ്രതിയും അയൽവാസിയും ചേർന്ന് സമാന രീതിയിൽ നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയതായാണ് വിവരം.
പരാതിക്കാരനായ കുനിയിൽ സ്വദേശിയിൽനിന്ന് ലഭിച്ച തുക മഹാരാഷ്ട്ര സ്വദേശികളായ മൂന്നുപേരുടെ അക്കൗണ്ടുകളിലേക്ക് എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
തുടർനടപടികൾ പൂർത്തിയാക്കിയ പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.ഐമാരായ സുബ്രഹ്മണിയൻ, അമ്മദ്, എ.എസ്.ഐ സുഹാൻ, സി.പി.ഒമാരായ വിനോദ്, അസറുദ്ദീൻ, എന്നിവരാണ് തുടർ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.