വിട്ടുനൽകിയ ഭൂമി രണ്ടു വർഷം കഴിഞ്ഞിട്ടും ഏറ്റെടുത്തില്ല; കുരുക്കിലമർന്ന് പുത്തലം ജങ്ഷൻ
text_fieldsഅരീക്കോട്: പുത്തലം അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മുല്ലപ്പള്ളി മഹല്ല് കമ്മിറ്റി വിട്ടു നൽകിയിട്ടും ഭൂമി ഏറ്റെടുത്ത് റോഡ് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പും നിർമാണ കമ്പനിയും തയാറാവുന്നില്ലെന്ന് പരാതി. ഏകദേശം രണ്ടര വർഷം മുമ്പാണ് എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയുടെ നവീകരണം ആരംഭിക്കുന്നത്.
പാതയിൽ മുക്കം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗതാഗത തിരക്ക് നേരിടുന്നത് പുത്തലം ജങ്ഷനിലാണ്. ഇത് നേരിട്ടറിഞ്ഞ മഹല്ല് കമ്മിറ്റി റോഡ് നിർമാണ സമയത്താണ് പള്ളിയുടെ മുൻ ഭാഗത്തെ സ്ഥലം വിട്ടുനൽകിയത്.
ഇതോടെ പുത്തലം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിച്ചതെന്ന് മഹല്ല് സെക്രട്ടറി മുഹമ്മദ് നാണി ‘മാധ്യമ’ത്തോട് പറഞ്ഞു.ഓരോ ദിവസം കഴിയുംതോറും ജങ്ഷനിലെ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. ഇതുകാരണം ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ദുരിതത്തിലാണ്.
തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീധന്യ നിർമാണ കമ്പനിയാണ് പാതയുടെ നവീകരണം ഏറ്റെടുത്തത്. അരീക്കോട് പഞ്ചായത്തിൽ വിവിധയിടങ്ങളിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ട്. ഇത് പരിഹരിക്കാൻ നിർമാണ കമ്പനി അധികൃതരോട് നിരന്തരം പറയുന്നുണ്ടെങ്കിലും നടപടിയില്ലെന്ന് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട പറഞ്ഞു.
അരീക്കോട്, കൊണ്ടോട്ടി, മഞ്ചേരി, എടവണ്ണ, മൈത്ര ഭാഗങ്ങളിൽനിന്ന് ഒരുമിച്ചാണ് ഈ ജങ്ഷനിലേക്ക് വാഹനങ്ങൾ എത്തുന്നത്. മൂന്ന് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾക്ക് ഒരേസമയം കടന്നു പോകാൻ കഴിയാത്തതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. പുത്തലം അങ്ങാടിയിൽനിന്ന് ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് പലപ്പോഴും സൗത്ത് പുത്തലം മുതൽ അരീക്കോട് അങ്ങാടിവരെ നീളുന്ന കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.