പട്ടികജാതി ക്ഷേമ ഫണ്ട് തിരിമറി: പ്രതി കീഴടങ്ങി
text_fieldsഅരീക്കോട്: അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി ഭവന നിർമാണ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ പ്രതി അരീക്കോട് പൊലീസിൽ കീഴടങ്ങി. കണ്ണൂർ ജില്ല പട്ടികജാതി അസിസ്റ്റൻറ് വികസന ഓഫിസറും മുൻ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസറുമായ മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ അരുണോദയം വീട്ടിൽ സുരേഷ് കുമാറാണ് (53) കീഴടങ്ങിയത്.
ഇയാളെ സർവിസിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അരീക്കോട് എസ്.എച്ച്.ഒ ലൈജുമോെൻറ നേതൃത്വത്തിൽ കേസ് അന്വേഷിച്ചുവരുകയായിരുന്നു. പട്ടികജാതി ക്ഷേമ ഫണ്ടിൽനിന്ന് വീടു നിർമാണത്തിനായി ഒരു ഗുണഭോക്താവിന് പരമാവധി നാലുലക്ഷം രൂപയാണ് നൽകുക. എന്നാൽ, ഇത്തരത്തിൽ നിരവധിപേർക്ക് ലഭിക്കേണ്ട തുക സുരേഷ് കുമാർ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകാതെ തെൻറ കുടുംബാംഗങ്ങളുടെയും മറ്റും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
70 ലക്ഷം രൂപക്ക് മുകളിൽ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിലെ ഇ ഹൗസിങ് പദ്ധതിയിലാണ് തട്ടിപ്പ് നടത്തിയത്. പ്രതിയെ അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫിസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അരീക്കോട് എസ്.എച്ച്.ഒ ലൈജു മോൻ പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.