കടുങ്ങല്ലൂർ പുഴയിൽ നീർനായുടെ ആക്രമണം; മൂന്ന് കുട്ടികൾക്ക് പരിക്ക്
text_fieldsഅരീക്കോട്: അരീക്കോട് കടുങ്ങല്ലൂർ പുഴയിൽ നീർനായുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ പുഴയിൽ കുളിക്കുന്നതിന് ഇടയിലാണ് കുട്ടികൾക്കുനേരെ നീർനായ്ക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. കാലിൽ ഗുരുതര പരിക്കേറ്റ ഇവരെ കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആക്രമണത്തിൽ ഒരു കുട്ടിയുടെ കാൽപാദം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഗുരുതര പരിക്കും മറ്റുള്ള രണ്ട് കുട്ടികൾക്ക് നിസ്സാര പരിക്കും ഏറ്റിടുണ്ട്. വെള്ളിയാഴ്ചയും സമാനരീതിയിൽ ചെറുപാലത്തിങ്ങലിലും ഒരാൾക്ക് നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പുഴയിൽ നീർനായ് ശല്യം രൂക്ഷമായതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അരീക്കോട്ടും പരിസര പ്രദേശങ്ങളിലെ ചാലിയാർ പുഴയിലും നീർനായ് ശല്യം രൂക്ഷമാണ്. പ്രഭാത സമയങ്ങളിൽ നീർനായ് എടശ്ശേരി കടവ് പാലത്തിന് സമീപം കൂട്ടമായി നിൽക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. വിഷയത്തിൽ അടിയന്തരമായി നടപടി വേണമെന്ന് വാർഡ് അംഗം ഷിംജിത മുസ്തഫ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.