അരീക്കോട് താലൂക്ക് ആശുപത്രിയിൽ താൽക്കാലിക അത്യാഹിത വിഭാഗം ഉടൻ -ആരോഗ്യ മന്ത്രി
text_fieldsഅരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം താൽക്കാലിക നിലയിൽ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആർദ്രം പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച അരീക്കോട് താലൂക്ക് ആശുപത്രി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പ്രതിദിനം 1200 രോഗികൾ ഇവിടെ ഒ.പിയിൽ എത്തുന്നുണ്ട്. അവർക്ക് കിടത്തി ചികിത്സ കൂടി ഒരുക്കാനുള്ള സൗകര്യങ്ങൾ വൈകാതെ നടപ്പാക്കും.
ആദ്യഘട്ടമെന്ന നിലയിൽ അത്യാഹിത വിഭാഗം ഉടൻതന്നെ ആരംഭിക്കും. പിന്നീട് സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അത്യാഹിത വിഭാഗത്തിന് ശേഷം ഗൈനക്കോളജി വിഭാഗം, ഡയാലിസിസ് ഉൾപ്പെടെ ഒരു താലൂക്ക് ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ നടപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് ആശുപത്രിക്ക് കിഫ്ബിയിൽനിന്ന് പണം അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയാൽ സ്റ്റാഫ് പാറ്റേൺ നടത്തി പദ്ധതി പൂർത്തീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ നിരവധി തവണ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. 10 വർഷം മുമ്പ് താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും കാര്യമായ വികസനങ്ങൾ ഒന്നും നടന്നിരുന്നില്ല. തുടർന്ന് വലിയ പ്രതിഷേധങ്ങൾക്കും ഇടയായിരുന്നു.
ആശുപത്രിയിൽ വാർഡിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രി, പി.കെ. ബഷീർ എം.എൽ.എ തുടങ്ങിയവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആശുപത്രിയുടെ അകത്തെ അസൗകര്യങ്ങളും കെട്ടിടം തകർന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളും മന്ത്രി നേരിട്ട് കണ്ടറിഞ്ഞു. 84 സെന്റ് ഭൂമിയിലാണ് താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്.
അരീക്കോട് താലൂക്ക് ആശുപത്രി; ശോച്യാവസ്ഥ പറയാൻ ആരോഗ്യമന്ത്രിയെ വളഞ്ഞ് ജനക്കൂട്ടം
അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങളും പരാതികളുമായി ആരോഗ്യമന്ത്രി വീണ ജോർജിനെ ജനക്കൂട്ടം വളഞ്ഞു. ആർദ്രം പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മന്ത്രി താലൂക്ക് ആശുപത്രിയിൽ എത്തിയത്.
ഇതിനുമുമ്പുതന്നെ വലിയ ജനക്കൂട്ടം ആശുപത്രിയിലെത്തിയിരുന്നു. പരാതികളുടെ കൂമ്പാരം ആയിരുന്നു ജനക്കൂട്ടം മന്ത്രിക്ക് കൈമാറിയത്. താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം, പ്രസവം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ മന്ത്രിയോട് ആവശ്യപ്പെട്ടു.
2013ലാണ് അരീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. ഈ സമയം ഇവിടെ പ്രസവം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, താലൂക്ക് ആശുപത്രിയായി ഉയർന്ന ശേഷം പിന്നീടുള്ള വികസനം പേരിലും ബോർഡിലും മാത്രമായി ഒതുങ്ങി.
തുടർന്ന് ആറുമണിയോടെ അടക്കുന്ന ജില്ലയിലെ ഏക താലൂക്ക് ആശുപത്രിയായി അരീക്കോട് മാറുകയായിരുന്നു. നിരവധി തവണ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, വിവിധ വകുപ്പുകൾ എന്നിവർക്ക് നിരന്തരം പരാതി നൽകിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. ഇതോടെ ഇവിടെയെത്തുന്ന സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നു.
ഇതോടെയാണ് അവസാന കൈ എന്ന രീതിയിൽ മന്ത്രിയെ നേരിൽ കാണാൻ അവസരം കിട്ടിയപ്പോൾ അരീക്കോട്ടെയും പരിസര പഞ്ചായത്തുകളിലെയും ആളുകൾ അരീക്കോട് താലൂക്ക് ആശുപത്രിയിൽ എത്തിയത്.
ജീവനക്കാരുടെ കുറവ് മന്ത്രിയെ ധരിപ്പിച്ച് എം.എല്‍.എ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റഫറല്‍ ആശുപത്രികൂടിയായ കൊണ്ടോട്ടി താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് മന്ത്രി വീണ ജോർജിന്റെ ശ്രദ്ധയില്‍പെടുത്തി ടി.വി. ഇബ്രാഹിം എം.എല്‍.എ. മന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനവും എം.എല്‍.എ നല്കി.
സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുന്നതും അത്യാഹിത വിഭാഗത്തിലും സായാഹ്ന ഒ.പിയിലും ജീവനക്കാര്‍ കുറവായതും ആതുരാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത് എം.എല്‍.എ ചൂണ്ടിക്കാട്ടി. സാമൂഹികാരോഗ്യ കേന്ദ്രത്തിനു വേണ്ട ജീവനക്കാര്‍ മാത്രമാണ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ടും ഇവിടെയുള്ളത്. ഗൈനക്കോളജി, ശിശുരോഗ വിഭാഗം തുടങ്ങിയ സ്പെഷാലിറ്റി തസ്തികകള്‍ സൃഷ്ടിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിപ്പ വ്യാപനത്തിന്റെ പേരില്‍ പഴം, പച്ചക്കറി കയറ്റുമതിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാത്തതും മന്ത്രിയെ ധരിപ്പിച്ചു. പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.