മുഖ്യമന്ത്രി അറിയാൻ; അരീക്കോടിന് വേണം ആധുനിക സ്റ്റേഡിയം
text_fieldsഅരീക്കോട്: രാജ്യത്തിനും സംസ്ഥാനത്തിനും ഒട്ടനവധി ഫുട്ബാൾ താരങ്ങളെ സംഭാവന ചെയ്ത അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം നാഥനില്ലാതെ അനാഥമാകുന്നു. 12 കോടി ചെലവിട്ടാണ് പത്ത് വർഷം മുമ്പ് സ്റ്റേഡിയം നിര്‍മാണം തുടങ്ങിയത്. 2013ല്‍ തുടങ്ങിയ പ്രവൃത്തിയില്‍ സിന്തറ്റിക് ട്രാക്ക്, നീന്തല്‍കുളം, സ്റ്റേഡിയം കോംപ്ലക്സും പദ്ധതിയിലുണ്ടായിരുന്നുവെങ്കിലും ബാക്കി എല്ലാം പിന്നീട് പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി. ഇതോടെ സംഭവത്തിൽ ഫുട്ബാൾ താരങ്ങളും കായികതാരങ്ങളും നിരവധി തവണ കായിക വകുപ്പ്, മന്ത്രി ഉൾപ്പെെടയുള്ള അധികൃതർക്ക് നിരന്തരം പരാതി നൽകിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഒരു നടപടിയും പിന്നീട് ഉണ്ടായിട്ടില്ല.
ഇതോടെ സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പവലിയൻ, കായിക താരങ്ങൾക്ക് വേണ്ടി നിർമിച്ച വിശ്രമ മുറി, ശുചുമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അടിച്ച് തകർത്തു. മൈതാനത്തിന് ചുറ്റും കമ്പിവേലിയും തീർത്തിരുന്നു. ഇതെല്ലാം ഇപ്പോൾ തുരുമ്പെടുത്ത് കാടും മൂടി കിടക്കുന്ന അവസ്ഥയിലാണ് നിലവിലുള്ളത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും കായിക മന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും വ്യാഴാഴ്ച ഈ സ്റ്റേഡിയത്തിലേക്കാണ് എത്തുന്നത്. ശോച്യാവസ്ഥ മനസ്സിലാക്കി സർക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകുമെന്നാണ് കായികതാരങ്ങളും നാട്ടുകാരും പ്രതീക്ഷിക്കുന്നത്.
വന്യമൃഗശല്യത്തിന് പരിഹാരം വേണം; പ്രതീക്ഷയോടെ മലയോരം
എടക്കര: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലം നവകേരള സദസ്സ് വ്യാഴാഴ്ച വഴിക്കടവ് മുണ്ടയില്‍ നടക്കുമ്പോള്‍ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകര്‍ കാലങ്ങളായി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജനം. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള ജനം നേരിടുന്ന പ്രധാന പ്രശ്നം വന്യമൃഗശല്യമാണ്.
വനാതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമപഞ്ചായത്തുകളില്‍ ആന, പുലി, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ സാനിധ്യം മൂലം കൃഷി അസാധ്യമായെന്ന് മാത്രമല്ല ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്. രാപകല്‍ വ്യത്യാസമില്ലാതെ കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങള്‍ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാണ്.
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ മേഖലയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മാത്രം മുപ്പതില്പരം പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇതിന് പുറമെ കാട്ടുപന്നി ആക്രമണത്തില്‍ മരിച്ചവരും നിരവധിയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലയില്‍ വന്യമൃഗ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ നല്ലൊരു ശതമാനം ആദിവാസികളാണ്.
23 വാര്‍ഡുകളുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് വിഭജിച്ച് മരുത ആസ്ഥാനമായും ചുങ്കത്തറ, പോത്തുകല്‍, ചാലിയാര്‍ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ ചേര്‍ത്ത് കുറുമ്പലങ്ങോട് ആസ്ഥാനമായും പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപവത്കരിക്കണം.
കാലങ്ങളായി മൂത്തേടം പഞ്ചായത്തില്‍ നികുതി സ്വീകരിക്കാതെ ആയിരക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കിയ മിച്ചഭൂമി പ്രശ്നം, പോത്തുകല്‍, ചുങ്കത്തറ, വഴിക്കടവ് ഗ്രാമപഞ്ചായത്തുകളിലെ വനയോര മേഖലകളിലെ ജനങ്ങള്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും നേരിടുന്ന കുടിയിറക്ക് ഭീഷണി, അവതാളത്തിലായി കിടക്കുന്ന മലപ്പുറം-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുണ്ടേരി-മേപ്പാടി മലയോര ഹൈവേ നിര്‍മാണം, നാടുകാണി-പരപ്പനങ്ങാടി പാതയുടെ പൂര്‍ത്തീകരണം എന്നിവ പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങളാണ്.
ഈ വിഷയങ്ങളില്‍ കാലങ്ങളായി മലയോര മേഖലയിലെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. പരിഹാരം വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. വ്യാഴാഴ്ച മുണ്ടയില്‍ നടക്കുന്ന നവകേരള സദസ്സില്‍ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ഏറനാട്ടിൽ ഒരുക്കം പൂർണം; മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് എത്തും
അരീക്കോട്: ഏറനാട് നിയോജക മണ്ഡലത്തിൽ നവകേരള സദസ്സിന്റെ ഒരുക്കം പൂർത്തിയായതായി സംഘാടകർ പറഞ്ഞു. പരിപാടി നടക്കുന്ന അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽതന്നെ പരാതികൾ സ്വീകരിച്ചുതുടങ്ങും. രാവിലെ പെരിന്തൽമണ്ണയിൽ നടക്കുന്ന പ്രഭാതസദസ്സിന് ശേഷം രാവിലെ 11ഓടെ മുഖ്യമന്ത്രിയും മന്ത്രിമാരും അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തും. പൊതുപരിപാടികൾ അവസാനിച്ചാലും പരാതികൾ തീരുന്നതുവരെ സ്വീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
അരീക്കോട് അങ്ങാടിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
അരീക്കോട്: അരീക്കോട് അങ്ങാടിയിൽ വ്യാഴാഴ്ച രാവിലെ മുതൽ നവകേരള സദസ്സ് പൂർത്തിയാകും വരെ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. പരിപാടി തുടങ്ങുന്ന രാവിലെ എട്ടു മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നതുവരെ അരീക്കോട് ടൗണിൽ ഗതാഗത നിയന്ത്രണം തുടരും. പുത്തലം മുതൽ അരീക്കോട് പാലം വരെ വാഹനങ്ങളെ റോഡരികിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. മുക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുറ്റൂളിയിൽനിന്ന് പെരുങ്കടവ് പാലം വഴി പൂങ്കുടി വഴി പോകണം. എടവണ്ണ, കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ പൂങ്കുടി വഴിയും മൈത്ര പാലം വഴിയും പോകണം.
ഈ ഭാഗങ്ങളിൽനിന്ന് വരുന്ന സ്വകാര്യബസുകൾ പുത്തലം പമ്പു വരെ മാത്രമേ യാത്ര അനുവദിക്കൂ. മുക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സുല്ലമുസ്സലാം സയൻസ് കോളജിന്റെ അവിടെ യാത്രക്കാരെ ഇറക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.