ഏറനാട്ടിലും പോളിങ് ശതമാനത്തിൽ വൻ ഇടിവ്
text_fieldsഅരീക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ പോളിങ് ശതമാനത്തിൽ ഗണ്യമായ കുറവ്. 2019ൽ 81.35 ശതമാനവും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.76 ശതമാനവും വോട്ട് രേഖപ്പെടുത്തിയ മണ്ഡലത്തിലാണ് ഇത്തവണ 69.42 ശതമാനത്തിൽ അവസാനിച്ചത്. മണ്ഡലത്തിൽ വലിയ പ്രചാരണമാണ് നടന്നതെങ്കിലും പോളിങ്ങിൽ ഇതൊന്നും കാണാനാകാത്തത് മുന്നണികൾക്ക് തിരിച്ചടിയാണ്.
ഓരോ മണിക്കൂറിലും 10 ശതമാനത്തിൽ താഴെ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ രീതിയിൽതന്നെയാണ് വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ നടന്നത്. ഏറനാട്ടിൽ 1,84,986 വോട്ടർമാരാണ് ആകെയുള്ളത്. ഇവരിൽ 1,28,430 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ ഏഴു ശതമാനം വോട്ട് കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
1,43,379 വോട്ടർമാരാണ് രാഹുൽ ഗാന്ധി രണ്ടാമതും എം.പിയായ തെരഞ്ഞെടുപ്പിൽ ഏറനാട്ടിൽ വോട്ട് രേഖപ്പെടുത്തിയിരുന്നത്. ആ സ്ഥാനത്ത് പ്രിയങ്ക ഗാന്ധിയെത്തിയപ്പോൾ 14,949 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പായതിനാലാണ് ശതമാനം കുറഞ്ഞതെന്നാണ് മുന്നണിനേതാക്കൾ പറയുന്നത്. ശതമാനം കുറഞ്ഞപ്പോഴും വലിയ വിജയപ്രതീക്ഷതന്നെയാണ് അവർ പങ്കുവെക്കുന്നത്. പ്രിയങ്ക ഗാന്ധിക്ക് രാഹുലിനേക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്നായിരുന്നു യു.ഡി.എഫ് നേതാക്കൾ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.