മരുന്നു കമ്പനികൾക്ക് കുടിശ്ശിക; പെരിറ്റോണിയൽ ഡയാലിസിസ് നടത്തുന്നവർ പ്രതിസന്ധിയിൽ
text_fieldsമലപ്പുറം: സംസ്ഥാന സർക്കാർ മരുന്ന് കമ്പനികൾക്ക് കോടിക്കണക്കിന് രൂപ കൊടുത്തുതീർക്കാൻ കുടിശ്ശികയായതോടെ വൃക്കരോഗികളിൽ പെരിറ്റോണിയൽ ഡയാലിസിസ് നടത്തുന്നവർ ജില്ലയിൽ പ്രതിസന്ധിയിൽ. ഡയാലിസിസ് സെന്ററുകളിൽ പോവാതെ സ്വന്തമായി വീടുകളിൽ വെച്ച് രക്തശുദ്ധീകരണ പ്രക്രിയയായ ഡയാലിസിസ് നടത്തുന്നവരാണ് ഇവർ.
ആശുപത്രികളിൽ നിന്ന് വയറിന് ദ്വാരം ഉണ്ടാക്കി വളരെ വിലകൂടിയ മരുന്നുകൾ ഉപയോഗിച്ച് വീട്ടിൽ സ്വന്തം നിലയിൽ ഒരു ദിവസം പല തവണകളിലായി ഡയാലിസിസ് നടത്തുന്ന പ്രക്രിയയാണ് പെരിട്ടോണിയൽ ഡയാലിസിസ്. ഇതിന് ആവശ്യമായ മരുന്നുകൾ നേരത്തേ ആരോഗ്യവകുപ്പ് വൃക്കരോഗികൾക്ക് നൽകിയിരുന്നു.
മരുന്നു കമ്പനികളിൽ നിന്ന് സർക്കാറിന് വേണ്ടി മൊത്തമായി മരുന്നുകൾ വാങ്ങി ആശുപത്രികൾക്കും ആശുപത്രികൾ വഴി രോഗികൾക്കും നൽകിക്കൊണ്ടിരുന്നത് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) ആയിരുന്നു. കെ.എം.എസ്.സി.എൽ മരുന്നുകൾ വാങ്ങിയ വകയിൽ കോടികൾ മരുന്നു കമ്പനികൾക്ക് നൽകാൻ കുടിശ്ശികയായതോടെ മരുന്ന് വിതരണം നിർത്തി.
ഇതാണ് വൃക്കരോഗികൾ വലിയ പ്രതിസന്ധിലായത്. 25,000ത്തിലധികം രൂപയുടെ മരുന്നുകൾ ഓരോ മാസവും ആവശ്യമായി വന്നിരുന്ന ഇവരിൽ പലരും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തിലാണ് ഇപ്പോൾ ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തി പോകുന്നത്. ജില്ലയിൽ നൂറുകണക്കിന് വൃക്കരോഗികൾ പെരിട്ടോണിയൽ ഡയാലിസിസ് നടത്തുന്നവരായി ഉണ്ട്. സംഭവത്തിൽ രോഗികൾ പ്രതിസന്ധി നേരിടുകയാണെന്ന് ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.