‘എ’ന്തൊരാവേശം!
text_fieldsമലപ്പുറം: വൈകീട്ട് 4.30ഓടെ പെയ്ത കനത്ത മഴയെയും അവഗണിച്ച് ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ അണിനിരന്നത് നൂറുകണക്കിന് പേർ. കെ.പി.സി.സി വിലക്ക് മറികടന്നാണ് ജില്ലയുടെ നാനാദിക്കിൽനിന്നും ആളുകളെത്തിയത്. സ്ത്രീകളടക്കം മഴയെ അവഗണിച്ച് റാലിയിൽ മുൻനിരയിലുണ്ടായിരുന്നു.
മഴയിൽ കുതിർന്നാണ് നേതാക്കളുടെ അടക്കം വാക്കുകൾ ശ്രദ്ധിച്ചത്. ഇതിനിടെ പകുതിയോളം വരുന്നവർ റാലിയിൽ പങ്കെടുക്കാൻ കഴിയാതെ റാലി ആരംഭിച്ച കുന്നുമ്മൽ ടൗൺ ഹാൾ പരിസരത്തുതന്നെ തമ്പടിച്ചു. ബാക്കി വരുന്ന പ്രവർത്തകർ റാലിയായി കിഴക്കേത്തലയിലുമെത്തി. കിഴക്കേത്തലയിലെ പരിപാടികൾ വൈകീട്ട് ആറ് മണിയോടെ പൂർത്തിയാക്കി.
തുടർന്ന് സംഘാടകരായ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. കരീം, റിയാസ് മുക്കോളി തുടങ്ങിയവർ ടൗൺഹാളിലെ പ്രവർത്തകരെ അഭിസംബോധന ചെയ്തു. കാലാവസ്ഥ പ്രതികൂലമായതാണ് രണ്ടിടങ്ങളിൽ പരിപാടി നടത്തേണ്ടിവന്നതെന്ന് സംഘാടകർ വ്യക്തമാക്കി. കിഴക്കേത്തലയിൽ മുന്‍ എം.പി സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഡോ. ഹുസൈന് മടവൂര്‍, ആര്യാടന് ഷൗക്കത്ത്, ആര്.എസ്. പണിക്കര്‍ അടക്കമുള്ള നേതാക്കള്‍ സമാധാനം പുലരാനായി പ്രാവിനെ പറത്തിയാണ് ജനസദസ്സ് ഉദ്ഘാടനം ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് ഫലസ്തീന് ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലി.
ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി, ജനറല്‍ സെക്രട്ടറിമാരായ വി. സുധാകരന്, പി. രാധാകൃഷ്ണന്, ഉമ്മര്‍ കുരിക്കള്‍, അഡ്വ. കെ.എ. പത്മകുമാര്‍, പന്ത്രോളി മുഹമ്മദാലി, ടി.പി. മുഹമ്മദ്, ഒ. രാജന്, സമദ് മങ്കട, ഇഫ്തിഖാറുദ്ദീന്, അഡ്വ. എന്‍.എ. ജോസഫ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി. നിധീഷ്, പി.കെ. നൗഫല്‍ബാബു എന്നിവരും സംസാരിച്ചു.
പട്ടികയിൽ സ്ഥാനം
ലഭിക്കാത്തതിൽ
ഇപ്പോഴും പ്രതിഷേധം
മലപ്പുറം: ജില്ലയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച് പരാതിയിൽനിന്ന് പിറകോട്ട് പോകാതെ എ ഗ്രൂപ്. എ ഗ്രൂപ് ഉന്നയിച്ച തർക്കത്തിൽ ഇപ്പോഴും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞതോടെയാണ് സ്ഥാനത്തെ ചൊല്ലിയുള്ള ഗ്രൂപ്പിന്റെ അമർഷം പുറത്തവന്നത്. ഒരു മാസമായിട്ടും കെ.പി.സി.സി നേതൃത്വം വിഷയത്തിൽ നടപടി സ്വീകരിക്കാത്തതിൽ ഗ്രൂപ് നേതാക്കൾക്കും പ്രവർത്തകർക്കും പ്രതിഷേധമുണ്ട്.
ചർച്ച ചെയ്യാമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നെങ്കിലും ഒന്നിനും നീക്കുപോക്കായിട്ടില്ല.
ഇതിനിടെ തർക്കം നിലവിലുള്ള മണ്ഡലങ്ങളിൽ പ്രസിഡന്റുമാർ ചുമതലയേൽക്കുകയും ചെയ്തു. ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലടക്കം ആര്യാടൻ മുഹമ്മദിന് അനുകൂലമായിട്ടാണ് മുദ്രാവാക്യം വിളികൾ ഉയർന്നത്. ഒക്ടോബർ ഏഴിന് പുറത്തുവന്ന പട്ടികയിലാണ് തർക്കമുണ്ടാകുന്നതും എ ഗ്രൂപ് നേതാക്കൾ യോഗം ചേർന്ന് ആര്യാടൻ ഫൗണ്ടേഷന് കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തുകയും ചെയ്തത്. ഒക്ടോബർ 21ന് ചേർന്ന ആര്യാടൻ ഫൗണ്ടേഷൻ യുദ്ധമല്ല സമാധാനം എന്ന പേരിൽ സംഘടിപ്പിച്ച ജനസദസ്സ് സ്വാഗതസംഘ രൂപവത്കരണ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കൂടാതെ പട്ടികയിൽ എ ഗ്രൂപ്പിന് അർഹമായ പ്രാധാന്യം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും മുൻ എം.പി സി. ഹരിദാസും കോൺഗ്രസ് പുനഃസംഘടന സമിതിയിൽ നിന്ന് രാജിയും നൽകി.
റാലി വിഭാഗീയ പ്രവര്ത്തനമാകുന്നതെങ്ങനെ -ആര്യാടന് ഷൗക്കത്ത്
മലപ്പുറം: ഫലസ്തിന് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തുന്നത് വിഭാഗീയ പ്രവര്ത്തനമാകുന്നതെങ്ങനെ എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്. റാലിക്കു ശേഷം നടന്ന ജനസദസ്സിലാണ് ചോദ്യം ഉന്നയിച്ചത്. ഫലസ്തീനികളെ കൊന്നൊടുക്കുന്നതിനെതിരെ ലോകത്തെ ജനാധിപത്യവിശ്വാസികളെല്ലാം പ്രതിഷേധിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോടൊപ്പം ഫലസ്തീനിലെ വിമോചന സമരത്തെയും പിന്തുണച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. 1938ല്‍ സുഭാഷ് ചന്ദ്രബോസ് എ.ഐ.സി.സി പ്രസിഡന്റായപ്പോള്‍ നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ ഫലസ്തീനിന്റെ വിമോചന പോരാട്ടത്തെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിട്ടുണ്ട്. ജൂതന്മാര്ക്കു വേണ്ടി ഇസ്രായേല്‍ എന്ന രാജ്യം സൃഷ്ടിച്ചപ്പോള്‍ നിങ്ങള്‍ നരകത്തിലേക്കുള്ള വാതില്‍ തുറക്കുകയാണെന്ന് വിളിച്ചുപറഞ്ഞത് കോണ്‍ഗ്രസാണ്.
അന്നും ഇന്നും ഫലസ്തീനൊപ്പമാണെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും പിന്നെ എന്തുകൊണ്ടാണ് ആര്യാടന് ഫൗണ്ടേഷന്റെ റാലി വിലക്കിയതെന്നും ഷൗക്കത്ത് ചോദിച്ചു. നേരത്തേ ആര്യാടന് ഫൗണ്ടേഷന് വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് താക്കീത് നല്‍കിയിട്ടുണ്ടെന്ന പരാമര്‍ശവും ശരിയല്ല. മൗലാന അബുല്‍കലാം ആസാദ് കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ 100ാം വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി ആസാദിന്റെ ലോകമെന്ന ചരിത്ര സെമിനാറാണ് ആദ്യമായി ഫൗണ്ടേഷന് മലപ്പുറത്ത് നടത്തിയത്. മലപ്പുറം ഡി.സി.സിയോടൊപ്പം ആര്യാടന് മുഹമ്മദ് അനുസ്മരണവും മികച്ച നിയമസഭ സാമാജികന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്യാടന് പുരസ്കാരം നല്‍കലുമായിരുന്നു രണ്ടാമത്തെ പരിപാടി.
സെമിനാറില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസനും എം.പിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും അവാര്‍ഡ് ദാനത്തിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കളുമാണ് പങ്കെടുത്തത്. നേതൃത്വത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടായിരിക്കും ഇത്തരത്തില്‍ നോട്ടീസ് നല്‍കിയതെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കെ.പി.സി.സിക്ക് വിശദമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.