ചിഹ്നമായി, ഇനിയാണ് പോര്
text_fieldsമലപ്പുറം: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍ 16 നിയമസഭ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കും നടക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തം. ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ആറ് പേരാണ് രംഗത്തുള്ളത്. 16 നിയമസഭ മണ്ഡലങ്ങളില്‍ 111 പേരും ജനവിധി തേടുന്നു. ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. അതേസമയം, അവസാന ദിവസം 28 പേരാണ് നിയമസഭ മത്സര രംഗത്തുനിന്ന് പിന്മാറിയത്.
താനൂര്‍, തിരൂര്‍, തവനൂര്‍ മണ്ഡലങ്ങളില്‍ പത്ത് വീതം സ്ഥാനാര്‍ഥികളുണ്ട്. പെരിന്തല്‍മണ്ണയിലും വേങ്ങരയിലും തിരൂരങ്ങാടിയിലും എട്ട് വീതവും കൊണ്ടോട്ടിയിലും കോട്ടക്കലിലും മങ്കടയിലും പൊന്നാനിയിലും ഏഴ് വീതവും നിലമ്പൂര്‍, മലപ്പുറം മണ്ഡലങ്ങളില്‍ ആറുപേര്‍ വീതവുമാണുള്ളത്. ഏറനാട്ട് അഞ്ച് സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. വണ്ടൂര്‍, മഞ്ചേരി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ നാല് പേര് വീതവുമാണ് ഗോദയിലുള്ളത്. തിങ്കളാഴ്ച വള്ളിക്കുന്നില്‍ അഞ്ച് പേരും കൊണ്ടോട്ടി, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ മൂന്ന് പേര് വീതവും ഏറനാട്, നിലമ്പൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, തവനൂര്‍ മണ്ഡലങ്ങളില്‍ രണ്ട് പേര് വീതവും വണ്ടൂര്‍, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചു.
ഇടത് സ്വതന്ത്രർക്ക് പ്രിയം ഓട്ടോറിക്ഷ
എൽ.ഡി.എഫ് സ്വതന്ത്രരായ ഡോ. കെ.ടി. ജലീൽ (തവനൂർ), പി.വി. അൻവർ (നിലമ്പൂർ), കാട്ടിപ്പരുത്തി സുലൈമാൻ ഹാജി (കൊണ്ടോട്ടി), കെ.പി.എം മുസ്തഫ (പെരിന്തൽമണ്ണ), കെ.ടി. അബ്ദുറഹിമാൻ (ഏറനാട്) എന്നിവർ ഓട്ടോറിക്ഷ അടയാളത്തിലാണ് മത്സരിക്കുന്നത്. എന്നാൽ, തിരൂരങ്ങാടിയിലെ ഇടത് സ്വതന്ത്രൻ നിയാസ് പുളിക്കലകത്തിന് ഫുട്ബാളാണ് ചിഹ്നം. ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മറ്റൊരു നിയാസിന് ഓട്ടോറിക്ഷ അനുവദിച്ചു.
പെരിന്തൽമണ്ണയിൽ എട്ടിൽ നാലും മുസ്തഫമാർ
പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇടത് സ്വതന്ത്രൻ കെ.പി.എം മുസ്തഫയുടെ പേരിനോട് സാമ്യമുള്ള മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളും. 17 പത്രികകൾ ലഭിച്ചതിൽ 15 എണ്ണം സ്വീകരിച്ചു. പിൻവലിക്കാനുള്ള അവസാന സമയം തീർന്നപ്പോൾ ആകെ പത്രിക എട്ടായി. ഇതിൽ നാലുപേരും മുസ്തഫമാരാണ്. ഇടത് സ്ഥാനാർഥി കെ.പി.എം മുസ്തഫ ആവശ്യപ്പെട്ട ചിഹ്നങ്ങൾ ഒാട്ടോറിക്ഷയും കപ്പും േസാസറും കുടയുമായിരുന്നു. ഒാട്ടോറിക്ഷ ആരും ആവശ്യപ്പെടാത്തതിനാൽ അതു തന്നെ കിട്ടി. ബാലറ്റ് പേപ്പറിൽ ആദ്യ പേര് യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിെൻറയാണ്. അവസാന പേരാണ് കെ.പി.എം മുസ്തഫയുടേത്. മുസ്തഫ കരിക്കുംപുറത്ത്, മുസ്തഫ പൂതൻകോടൻ, മുഹമ്മദ് മുസ്തഫ കുന്നത്തുംപീടിക എന്നിവരാണ് സ്വതന്ത്ര മുസ്തഫമാർ.
കൊണ്ടോട്ടിയിൽ സി.വി. ഇബ്രാഹിമും സുലൈമാൻ ഹാജിയും
മുസ്ലിം ലീഗിലെ ടി.വി. ഇബ്രാഹിമും എൽ.ഡി.എഫ് സ്വതന്ത്രന് കാട്ടുപരുത്തി സുലൈമാന്‍ ഹാജിയും മത്സരിക്കുന്ന കൊണ്ടോട്ടിയിൽ ഇരുവർക്കും അപരന്മാരുണ്ട്. ടി.വി. ഇബ്രാഹിം കോണി അടയാളത്തിൽ മത്സരിക്കുമ്പോൾ ജനൽ ചിഹ്നത്തിൽ ജനവിധി തേടുകയാണ് സ്വതന്ത്രന് സി.വി. ഇബ്രാഹിം. എൽ.ഡി.എഫ് സ്വതന്ത്രന് കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയുടെ ചിഹ്നം ഓട്ടോറിക്ഷയും സ്വതന്ത്രൻ സുലൈമാന്‍ ഹാജിയുടേത് ഇസ്തിരിപ്പെട്ടിയുമാണ്.
അപരൻ കെ.ടി. ജലീൽ; ഫിറോസുമാർക്ക് പൈനാപ്പിൾ മുതൽ വെണ്ടക്ക വരെ
എൽ.ഡി.എഫ് സ്വതന്ത്രൻ ഡോ. കെ.ടി. ജലീലും യു.ഡി.എഫിലെ ഫിറോസ് കുന്നംപറമ്പിലും പ്രധാന സ്ഥാനാർഥികളായ തവനൂരിൽ പത്തുപേർ മത്സരരംഗത്തുണ്ട്. ഡോ. കെ.ടി. ജലീൽ (സ്വതന്ത്രൻ) ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് തേടുമ്പോൾ അപരൻ കെ.ടി. ജലീലിന് ഗ്യാസ് സിലിണ്ടറാണ് അടയാളം. കൈപ്പത്തിയിൽ മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പിലിന് പുറമെ നാല് ഫിറോസുമാർ കൂടിയുണ്ട്. ഫിറോസ് കുന്നത്ത് പറമ്പിൽ (പൈനാപ്പിൾ), ഫിറോസ് നെല്ലംകുന്നത് (വെണ്ടക്ക), ഫിറോസ് പരുവിങ്ങൽ (പെൻ നിബ്), ഫിറോസ് നുറുക്ക് പറമ്പിൽ (പ്ലേറ്റ് സ്റ്റാൻഡ്) എന്നിങ്ങനെയാണ് ഇവരുടെ ചിഹ്നം.
എസ്.ഡി.പി.ഐക്ക് കത്രികയും ടെലിവിഷനും
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലും നിയമസഭയിലേക്ക് നിലമ്പൂർ, തിരൂർ, പൊന്നാനി, തവനൂർ തുടങ്ങിയ മണ്ഡലങ്ങളിലും മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാർഥികൾക്ക് പൊതുചിഹ്നമില്ല. ലോക്സഭയിലേക്ക് തസ്ലീം റഹ്മാനി കത്രിക അടയാളത്തിലാണ് ജനവിധി തേടുന്നത്. നിലമ്പൂരിൽ പക്ഷേ ടെലിവിഷനാണ് ചിഹ്നം. മത്സരിക്കുന്ന മറ്റു നിയമസഭ മണ്ഡലങ്ങളിൽ കത്രികയാണ്. വെൽെഫയർ പാർട്ടി സ്ഥാനാർഥികളെല്ലാം ഗ്യാസ് സിലിണ്ടർ ചിഹ്നത്തിലാണ്. വെൽെഫയർ പാർട്ടി മത്സരിക്കാത്ത തവനൂരിൽ ഗ്യാസ് സിലിണ്ടർ ചിഹ്നം സ്വതന്ത്രന് നൽകി.
ഭാഗ്യചിഹ്നത്തിൽ വീണ്ടും അബ്ദുറഹിമാൻ
2014ലെ പൊന്നാനി ലോക്സഭ തെരഞ്ഞെടുപ്പിലാണ് വി. അബ്ദുറഹിമാൻ ആദ്യമായി എൽ.ഡി.എഫ് സ്വതന്ത്രെൻറ വേഷത്തിലെത്തുന്നത്. മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന് കനത്ത വെല്ലുവിളി ഉയർത്തി ഭൂരിപക്ഷം കാൽ ലക്ഷത്തിന് സമീപത്തേക്ക് ഇടിച്ചിറക്കിയ അബ്ദുറഹിമാെൻറ ചിഹ്നം കപ്പും സോസറുമായിരുന്നു. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ താനൂർ, തിരൂർ മണ്ഡലങ്ങളിലെ പല ഇടത് സ്വതന്ത്രരും കപ്പും സോസറും ഏറ്റെടുത്തതോടെ ഇത് സുപരിചിതമായി. 2016ലെ നിയമസഭ തെരെഞ്ഞടുപ്പിൽ ഇതേ ചിഹ്നത്തിൽ മത്സരിച്ചാണ് താനൂരിൽ അബ്ദുറഹിമാൻ വെന്നിക്കൊടി പാറിച്ചത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഈ മേഖലയിൽ പല ഇടത് സ്വതന്ത്രരും കപ്പും സോസറിൽ ജയിച്ചുകയറി. ഭാഗ്യചിഹ്നത്തിൽ ഇക്കുറിയും താനൂരിൽ അബ്ദുറഹിമാൻ ജനവിധി തേടുകയാണ്. വി. അബ്ദുറഹിമാൻ (ഐസ്ക്രീം), അബ്ദുറഹിമാൻ. വി (ഡിഷ് ആൻറിന), ഫിറോസ് (ഓടക്കുഴൽ), ഫിറോസ് (പ്ലേറ്റ് സ്റ്റാൻഡ്) എന്നിവരാണ് പ്രധാന സ്ഥാനാർഥികളുടെ അപരന്മാർ.
ഊന്നുവടിയേന്തി ആറ് സ്വതന്ത്രർ
സ്വതന്ത്രരുടെ മറ്റൊരു ഇഷ്ട ചിഹ്നം ഉൗന്നുവടിയാണ്. നിലമ്പൂരിൽ സി.പി. സജാദ് റഹ്മാൻ, പെരിന്തൽമണ്ണയിൽ പി.ടി. അബ്ദുൽ അഫ്സൽ, ഏറനാട് പി.എൽ. സെബാസ്റ്റ്യൻ, തിരൂരിൽ അബൂബക്കർ സിദ്ദീഖ്, കോട്ടക്കലിൽ ആയിശ, തവനൂരിൽ വെള്ളരിക്കാട്ടിൽ മുഹമ്മദ് റാഫി എന്നിവർ ഈ ചിഹ്നത്തിൽ ജനവിധി തേടുന്നു. ഫുട്ബാളിനോടും സ്ഥാനാർഥികൾക്ക് പ്രിയമുണ്ട്.
മങ്കടയിൽ അലികൾ ഏറെ
മുസ്ലിം ലീഗിന് വേണ്ടി മഞ്ഞളാംകുഴി അലിയും സി.പി.എം സ്ഥാനാർഥിയായി ടി.കെ. റഷീദലിയും ഏറ്റുമുട്ടുന്ന മങ്കടയിൽ ഇരുവർക്കുമുണ്ട് അപരശല്യം. സ്വതന്ത്രരായി അലി മൂലംകുഴിയില്‍, മുഞ്ഞക്കല്‍ അലി, എം. ആലി, റഷീദലി എന്നിവരാണ് മത്സരരംഗത്തുള്ളത്. കോണി അടയാളത്തിൽ മത്സരിക്കുന്ന മഞ്ഞളാംകുഴി അലിക്ക് ജനൽ ചിഹ്നത്തിൽ ജനവിധി തേടുന്ന അലി മൂലംകുഴിയില്‍ വെല്ലുവിളിയാവുമോ എന്ന് കണ്ടറിയണം.
കൂടുതൽ വോട്ടർമാർ തിരൂരിൽ, കുറവ് ഏറനാട്ടിൽ; 25 ട്രാൻസ്ജെൻഡർമാർ പട്ടികയിൽ
മഞ്ചേരി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ട അവസാന തീയതിയും അവസാനിച്ചതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ േവാട്ടർമാർ തിരൂർ മണ്ഡലത്തിൽ. 2,29,458 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഏറനാട് മണ്ഡലത്തിലാണ് കുറവ് - 1,79,786. പട്ടികയിൽ 25 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ എട്ടുപേരും തിരൂരിലാണ്.
ഏറനാട് ഒന്ന്, നിലമ്പൂർ ആറ്, വേങ്ങര രണ്ട്, തിരൂരങ്ങാടി ഒന്ന്, താനൂർ അഞ്ച്, പൊന്നാനി രണ്ട് എന്നിങ്ങനെയാണ് ട്രാൻസ്െജൻഡർ വോട്ടർമാരുടെ കണക്ക്. വണ്ടൂർ, നിലമ്പൂർ എന്നീ മണ്ഡലങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പുരുഷ വോട്ടർമാരും സ്ത്രീ വോട്ടർമാരും കൂടുതലും തിരൂരിലാണ്. ജില്ലയിൽ 33,21,038 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 16,56,996 പുരുഷ വോട്ടർമാരും 16,64,017 സ്ത്രീ വോട്ടർമാരും ആണ്.
പുരുഷന്മാരെ അപേക്ഷിച്ച് 7021 സ്ത്രീ വോട്ടർമാർ കൂടുതലാണ്. ഏറനാട്, വേങ്ങര, താനൂർ, തവനൂർ, പൊന്നാനി എന്നീ മണ്ഡലങ്ങളിൽ ഒരുലക്ഷത്തിൽ താഴെയാണ് പുരുഷ വോട്ടർമാർ. വേങ്ങര, വള്ളിക്കുന്ന്, ഏറനാട്, തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരും ഒരുലക്ഷത്തിൽ താഴെയാണ്.
34,222 ഉദ്യോഗസ്ഥര്‍
മലപ്പുറം: ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലുമായി ജോലികള്‍ക്ക് നിയോഗിച്ചത് 34,222 ഉദ്യോഗസ്ഥരെ. കോവിഡ് പശ്ചാത്തലത്തിലും നിയമസഭ തെരഞ്ഞെടുപ്പും ലോക്സഭ ഉപതെരഞ്ഞെടുപ്പും ഒരുമിച്ച് വന്ന സാഹചര്യത്തിൽ 15,292 ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു. 4,875 പോളിങ് ബൂത്തുകളാണ് ഒരുക്കുക. 2,122 ബൂത്തുകൾ അധികം.
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് തീരുമാനിക്കുന്ന യോഗത്തില്‍ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകരായ അരുണ്‍പ്രസാദ് സെന്‍, അശ്വിനി കുമാര്‍ റായ്, ദീപേന്ദ്ര സിങ് ഖുഷ്വ, അംഗോണ് ശ്രീരംഗനായ്ക്, അമിത് കത്താരിയ, എ.ഡി.എം ഡോ. എം.സി. റെജില്‍, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍ സന്തോഷ്കുമാര്‍, എന്‍.എ.സി ജില്ല ഓഫിസര്‍ പ്രതീഷ്, ഐ.ടി സെല്‍ കോഓഡിനേറ്റര്‍ മദന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അപവാദ പ്രചാരണം: ജനം മറുപടി നൽകും -സുലൈമാൻ ഹാജി
കൊണ്ടോട്ടി: അപവാദങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊണ്ടോട്ടിയിലെ തെൻറ സ്ഥാനാർഥിത്വത്തെ ചൊല്ലി ഉയർന്നതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി കാട്ടുപരുത്തി സുലൈമാൻ ഹാജി. ആരോപണങ്ങൾ തള്ളി പത്രിക സ്വീകരിച്ചതോടെ ആക്ഷേപം ഉന്നയിച്ചവർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഉയർന്ന വിവാം തള്ളുകയാണ്. വ്യക്തിപരമായ ആക്ഷേപങ്ങൾ മാനസികപ്രയാസം ഉണ്ടാക്കുന്നതാണ്. തനിെക്കതിരെ അപവാദം പ്രചരിപ്പിക്കുന്നവർക്ക് ജനം മറുപടി നൽകുമെന്നും സുലൈമാൻ ഹാജി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.