നിയമസഭ തെരഞ്ഞെടുപ്പ് : പെരിന്തൽമണ്ണയിലും പൊന്നാനിയിലും സി.പി.എമ്മിൽ കടുത്ത നടപടി
text_fieldsപെരിന്തൽമണ്ണ: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളിൽ കടുത്ത നടപടിയുമായി സി.പി.എം. പെരിന്തൽമണ്ണ മണ്ഡലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ വി. ശശികുമാർ, സി. ദിവാകരൻ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്കും ഏരിയ കമ്മിറ്റി അംഗവും മുൻ നഗരസഭ ചെയർമാനുമായ എം. മുഹമ്മദ് സലീമിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
ഇതോടൊപ്പം അന്വേഷണ കമീഷൻ റിപ്പോർട്ടിൽ പരാമർശിച്ച ഏരിയ കമ്മിറ്റി അംഗങ്ങളായ പെരിന്തൽമണ്ണ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, അഡ്വ. സുൽഫിക്കർ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
പെരിന്തൽമണ്ണ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ മുണ്ടുമ്മൽ ഹനീഫ എന്ന ബാപ്പു, പെരിന്തൽമണ്ണ ടൗൺ ഫയർ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി എം. ഹമീദ് എന്നിവരെ നടപടിയുടെ ഭാഗമായി താക്കീത് ചെയ്തു. അന്വേഷണ കമീഷൻ റിപ്പോർട്ടിൽ പരാമർശിച്ച സംസ്ഥാന കമ്മിറ്റി അംഗം പി.പി. വാസുദേവനെതിരായ നടപടി സംസ്ഥാന കമ്മിറ്റിക്ക് വിട്ടു.
പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിൽ 2016ൽ 500ൽപരം വോട്ടിന് മാത്രമാണ് വി. ശശികുമാറിനെതിരെ മുസ്ലിം ലീഗിലെ മഞ്ഞളാംകുഴി അലി വിജയിച്ചത്. ഇത്തവണ ചിട്ടയായ പ്രവർത്തനങ്ങളോടെ മണ്ഡലത്തിൽ വിജയക്കൊടി നാട്ടാനാവുമെന്ന പ്രതീക്ഷയിൽ മുസ്ലിം ലീഗുകാരനും മലപ്പുറം നഗരസഭ മുൻ അധ്യക്ഷനും വ്യവസായിയുമായ കെ.പി.എം. മുസ്തഫയെയാണ് പാർട്ടി സ്ഥാനാർഥിയാക്കിയത്.
പെരിന്തൽമണ്ണയിൽ എം. മുഹമ്മദ് സലീം സ്ഥാനാർഥിയായേക്കുമെന്ന് പാർട്ടിയിലും അനുഭാവികളിലും ചർച്ച നടന്നുകൊണ്ടിരിക്കെയാണ് പുതിയ സ്ഥാനാർഥിയെത്തിയത്. പ്രചാരണത്തിെൻറ ആദ്യ ദിവസങ്ങളിൽ വലിയ മരവിപ്പായിരുന്നു പാർട്ടി ഘടകങ്ങളിൽ.
സംസ്ഥാനത്താകെ ഇടത് തരംഗം ആഞ്ഞുവീശിയപ്പോഴും പെരിന്തൽമണ്ണയിൽ കേവലം 38 വോട്ടിന് ഇടത് സ്ഥാനാർഥി പരാജയപ്പെട്ടതിെൻറ കാരണങ്ങളാണ് പാർട്ടി നിയോഗിച്ച രണ്ടംഗ കമീഷൻ തേടിയത്. വലിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്വതന്ത്രൻ വിജയിക്കുമെന്ന് കരുതിയിരുന്നത് തകിടംമറിഞ്ഞതിൽ മണ്ഡലത്തിൽനിന്നുള്ള ജില്ല, ഏരിയ കമ്മിറ്റി അംഗങ്ങളുടെ ഉത്തരവാദിത്തം കൂടിയുണ്ടെന്നാണ് പാർട്ടി കണ്ടെത്തിയത്.
പൊന്നാനിയിൽ നടപടി 11 പേർക്കെതിരെ
പൊന്നാനി: മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതായി കണ്ടെത്തിയ പത്തുപേർക്കെതിരെയും നടപടിയുണ്ട്.
ഡി.വൈ.എഫ്.ഐ ജില്ല ജോ. സെക്രട്ടറി ഷിനീഷ് കണ്ണത്ത്, ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് പ്രസിഡൻറും സി.പി.എം ഈഴുവത്തിരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ വി.പി. പ്രബീഷ്, സി.പി.എം ഈഴുവത്തിരുത്തി ലോക്കൽ കമ്മിറ്റി അംഗം എണ്ണാഴിയിൽ മണി, എരമംഗലം ലോക്കൽ കമ്മിറ്റി അംഗങ്ങളായ നവാസ് നാക്കോല, ബിജു, പുതുപൊന്നാനി നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം കെ.പി. അഷ്റഫ്, മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി മഷ്ഹൂദ്, തണ്ണിത്തുറ ബ്രാഞ്ച് കമ്മിറ്റി അംഗം തണ്ണിത്തുറക്കൽ താഹിർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി. ലോക്കൽ കമ്മിറ്റി അംഗമായ എണ്ണാഴിയിൽ മണിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ തെരുവിൽ ഒരുവിഭാഗം നടത്തിയ പ്രകടനത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അന്വേഷണ കമീഷൻ സി.പി.എം നേതാക്കളിൽനിന്ന് മൊഴിയെടുത്തിരുന്നു. ഇവരുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ടി.എം. സിദ്ദീഖിനും വേണ്ടി പോസ്റ്ററുകൾ ഉയർന്ന സാഹചര്യവും കമീഷൻ അന്വേഷിച്ചിരുന്നു. കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങൾ വഴി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് വന്ന വാർത്തകളും പരിശോധിച്ചു. വിഷയത്തിൽ സി.പി.എം ജില്ല കമ്മിറ്റിയും പ്രതിഷേധം അറിയിച്ചിരുന്നു. ചില പാർട്ടി നേതാക്കളുടെ മൗനാനുവാദത്തോടെയാണ് തെരുവിൽ പരസ്യപ്രകടനം നടന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.