മലപ്പുറം നഗരസഭയിൽ മുഴുവൻ വൃക്കരോഗികള്‍ക്കും സഹായം
text_fieldsമലപ്പുറം: നഗരസഭ പരിധിയിലെ മുഴുവൻ വൃക്കരോഗികള്‍ക്കും ചികിത്സ സഹായം നൽകും. ഇതിെൻറ ഭാഗമായി 40 വാര്‍ഡുകളിലും വൃക്ക മാറ്റിവെച്ചവര്‍, ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവർ, മറ്റു വൃക്കരോഗികള്‍ എന്നിവരുടെ കണക്കെടുക്കും. കൗൺസിലറുടെ നേതൃത്വത്തില്‍ വീടുകള്‍ തോറും പരിശോധന നടത്തി പട്ടിക തയാറാക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പട്ടിക ആരോഗ്യ സ്ഥിരംസമിതിക്ക് കൈമാറും. എത്ര രോഗികളുണ്ടെന്ന് വിലയിരുത്തിയശേഷം ചികിത്സ ചെലവ് കണക്കാക്കി നഗരസഭ ഓരോ വര്‍ഷവും തനത് ഫണ്ടില്‍നിന്ന് നിശ്ചിത തുക പദ്ധതിക്കായി മാറ്റിവെക്കും.
പദ്ധതി ആരംഭിക്കുന്ന 2021-22 വർഷത്തേക്ക് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വൃക്കരോഗ ചികിത്സക്ക് വലിയ സാമ്പത്തിക ബാധ്യത വരുന്നുണ്ട്. ഇത് നിർധനര്‍ക്ക് താങ്ങാന്‍ കഴിയാത്ത സാഹചര്യം മനസ്സിലാക്കിയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളുടെ മാനേജ്മെൻറ് കമ്മിറ്റിയിൽ സ്ഥലം എം.പിയുടെ സ്ഥിരം പ്രതിനിധികളെ നിയമിക്കുന്നത് യോഗത്തിൽ അജണ്ടയായി വന്നു. വോട്ടിനിട്ടാണ് ഇത് പാസാക്കിയത്.
നെച്ചിക്കുറ്റിയിലും ഹാജിയാർപള്ളിയിലും ജൈവവൈവിധ്യ പാർക്കുകൾ
നഗരസഭ പരിധിയിലെ കാവുങ്ങല്‍ ബൈപാസിലെ നെച്ചിക്കുറ്റി, ഹാജിയാര്‍പള്ളി എന്നിവിടങ്ങളില്‍ കടലുണ്ടി പുഴയോരത്ത് ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കാൻ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നേരത്തേ സിവില്‍ സ്റ്റേഷനിലും പാര്‍ക്ക് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍, അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കുന്ന കാര്യം അടുത്തഘട്ടം പരിശോധിക്കും.
അനധികൃത കൈയേറ്റം ഒഴിപ്പിക്കും
ദേശീയപാതക്കരികിൽ നടപ്പാതക്ക് സമാന്തരമായി നിർമിച്ച കൈവരികൾ വ്യാപാര സ്ഥാപനങ്ങളും മറ്റു കച്ചവടക്കാരും കൈയേറുന്ന സാഹചര്യമുണ്ടെന്ന് വികസന സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സക്കീർ ഹുസൈൻ അറിയിച്ചു. കാൽനട സഞ്ചാരം തടസ്സപ്പെടുത്തിയാണ് കച്ചവടം. ഇതിന് പരിഹാരം കാണുമെന്ന് ചെയർമാൻ അറിയിച്ചു.
വലിയവരമ്പിലെ സ്വകാര്യ മാർക്കറ്റിന് അനുമതി നൽകരുത്
വലിയവരമ്പ് ബൈപാസിന് സമീപത്ത് സ്വകാര്യ മാർക്കറ്റ് സ്ഥപിക്കുന്നതിന് അനുമതി നൽകരുതെന്ന് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം ആവശ്യപ്പെട്ടു. മാലിന്യ പ്രശ്നം ഉയർത്തിക്കാട്ടി നാട്ടുകാർ രംഗത്തുണ്ട്. കോടതിയിൽ കേസും നിലവിലുള്ള സാഹചര്യമാണ്. സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം സ്ഥലം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി.
റിങ് കമ്പോസ്റ്റ് വിതരണം
ശുചിത്വ മിഷന് കീഴില്‍ വാര്‍ഡ് തലങ്ങളില്‍ ആവശ്യക്കാര്‍ക്ക് റിങ് കമ്പോസ്റ്റ് വിതരണം ചെയ്യും. ഇതിനായി ആവശ്യമായ ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് നല്‍കണം. 40 വാര്‍ഡുകളില്‍ പ്രധാന കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക്, ഖര മാലിന്യങ്ങള്‍ സംഭരിക്കുന്നതിന് മിനി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) സംവിധാനം ആരംഭിക്കും. നഗരസഭ പരിശോധന വിഭാഗം സ്ഥലം കണ്ട് തിട്ടപ്പെടുത്തിയതിന് ശേഷമാകും സംവിധാനം സ്ഥാപിക്കുക. പൊതുജനങ്ങള്‍ക്ക് സംവിധാനത്തില്‍ മാലിന്യം കൊണ്ടിടാന്‍ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.