പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ കുത്തിവെപ്പിന് തിരക്ക്
text_fieldsപെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ കുത്തിവെപ്പെടുക്കാൻ എത്തുന്നവരുടെ തിരക്കിന് കുറവില്ല. 424 പേർ വെള്ളിയാഴ്ച ജില്ല ആശുപത്രിയിൽ നേരിട്ടെത്തി. ആശുപത്രിയുടെ മേൽനോട്ടത്തിൽ പുറത്ത് പഞ്ചമ സ്കൂളിൽ ക്യാമ്പ് നടത്തി 350 പേർക്കുമടക്കം 774 പേർക്കാണ് കുത്തിവെപ്പ് നൽകിയത്.
ആശുപത്രിയിൽ നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാർ എല്ലാവരും എല്ലാ ജോലിയും ചെയ്താണ് കുത്തിവെപ്പ് മുടങ്ങാതെ പോവുന്നത്. അതേസമയം, രണ്ട് വാക്സിനുകളും വെള്ളിയാഴ്ച ആയിരം ഡോസ് വീതം എത്തി. ഇത് രണ്ട് ദിവസത്തേക്കുവരെ ഉണ്ടാവും. കോവിഡ് ഭീതിയിൽ ഒ.പിയിൽ രോഗികളുടെ എണ്ണം വളരെ കുറഞ്ഞു. രോഗികൾ കൂടുതൽ എത്താറുള്ള ജനറൽ മെഡിസിൻ, ശിശുരോഗം, എല്ല് വിഭാഗം, കണ്ണു വിഭാഗം എന്നിവയിൽ നാമമാത്ര രോഗികളാണ് എത്തുന്നത്.
കോവിഡ് ചികിത്സക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ കലക്ടർ നിർദേശിച്ച ഇവിടെ ഡോക്ടർമാരുടെ കുറവില്ല.
24 മണിക്കൂറും സേവനം വേണ്ട കോവിഡ് വാർഡിലേക്ക് നഴ്സിങ് ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയുമാണ് വേണ്ടത്. ശാരീരികാവശതകളുള്ളവരെയും ആരോഗ്യസ്ഥിതി മോശമാവുന്നവരെയുമാണ് കിടത്തിച്ചികിത്സിക്കുന്നത്. 100 രോഗികളെ കിടത്താൻ ഭൗതിക സൗകര്യമുണ്ടെങ്കിലും 50 പേരെയാണിപ്പോൾ കിടത്തുന്നത്.
പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിൽ വ്യാഴാഴ്ച 172 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ നഗരസഭ പരിധിയിൽ 47, ഏലംകുളം 16, കീഴാറ്റൂർ 12, പുലാമന്തോൾ 19, താഴെക്കോട് 10, വെട്ടത്തൂർ ഏഴ് എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.