മലപ്പുറം അതിജീവിതക്കൊപ്പം: 12ന് ഐകദാർഢ്യ സംഗമം
text_fieldsമലപ്പുറം: ആക്രമിക്കപ്പെട്ട ചലച്ചിത്ര താരത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജൂൺ 12ന് മലപ്പുറത്ത് 'മലപ്പുറം അതിജീവിതക്കൊപ്പം' ഐകദാർഢ്യ സംഗമം. ഉച്ചക്ക് 2 മുതൽ വൈകീട്ട് 6 വരെ മലപ്പുറം കോട്ടപ്പടി ബ്സ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലാണ് സംഗമം. നീതി തേടുന്ന എല്ലാ അതിജീവിതമാർക്കും ഒപ്പമുണ്ടെന്ന് പ്രഖ്യാപിക്കുന്ന സംഗമത്തിൽ സാംസ്കാരിക പ്രവർത്തകരും ആർട്ടിസ്റ്റുകളും പാട്ടുകാരും നർത്തകരും നാടക ചലച്ചിത്ര പ്രവർത്തകരും ഉൾപ്പെടെ വിവിധ മേഖലയിലുള്ളവരുടെ പ്രാതിനിധ്യമുണ്ടാകും. ആടിയും പാടിയും പറഞ്ഞും വരച്ചും എഴുതിയും പ്രതിനിധികൾ ഐകദാർഢ്യം പ്രകടിപ്പിക്കും.
നടി നിലമ്പൂർ ആയിഷ സംഗമം ഉദ്ഘാടനം ചെയ്യും. കെ. അജിത, അഡ്വ. ടി.ബി. മിനി, അഡ്വ. ആശ ഉണ്ണിത്താൻ, എം. സുൽഫത്ത്, ചലച്ചിത്രസംവിധായകൻ ജിയോ ബേബി, കവി എം.എം. സചീന്ദ്രൻ, കഥാകാരി ഷാഹിന കെ. റഫീഖ്, കവയിത്രി ഗിരിജ പാതേയ്ക്കര, കവി ഷൈലൻ, നാടകപ്രവർത്തക ശ്രീജ ആറങ്ങോട്ടുകര, നർത്തകി മൻസിയ, വിജി റഹ്മാൻ, കുസുമം ജോസഫ്, ഷെബി, ആതിര നന്ദൻ, അതുൽ നറുകര, അമ്മു ദീപ, രഗില സജി, ആർട്ടിസ്റ്റ് ദയാനന്ദൻ, സതീഷ് ചളിപ്പാടം, ഷബീബ മലപ്പുറം, എം. കുഞ്ഞാപ്പ തുടങ്ങിയവർ പങ്കെടുക്കും. ബാലചിത്രകാരി നിയ മുനീർ ഐകദാർഢ്യ ചിത്രംവര ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റുകൾ തത്സമയം വരച്ച ചിത്രങ്ങളുടെ പ്രദർശനം, ഫോട്ടോഗ്രാഫർ ശാന്തി കൃഷ്ണയുടെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി പ്രദർശനം, നാടൻപാട്ട്, നൃത്തം, കവിതാലാപനം തുടങ്ങിയ പരിപാടികളും സംഗമത്തിലുണ്ട്.
മലപ്പുറത്തെ സ്ത്രീകളുടെ സ്വതന്ത്ര കൂട്ടായ്മയാണ് സംഘാടകർ. ലൈംഗികമായി ആക്രമിച്ചു കൊണ്ട് സ്ത്രീകളെ വരുതിയിലാക്കാം എന്നത് ആധിപത്യ ചിന്തയിൽ നിന്നും രൂപപ്പെടുന്ന മനോഭാവമാണെന്നും അത്തരം ആക്രമണങ്ങൾക്ക് വിധേയരാവേണ്ടി വരുന്ന സ്ത്രീകൾക്കൊപ്പം നിരുപാധികം നിൽക്കുക എന്നത് പൗരധർമാണ്. തനിക്കുണ്ടായ അനുഭവത്തിൽ ഉടനടി പരാതിപെട്ടും സ്വയം വെളിപ്പെട്ട് ഇരയല്ല അതിജീവിതയാണെന്ന് പ്രഖ്യാപിച്ചും വിട്ടുവീഴ്ചയില്ലാതെ നിയമപോരാട്ടം തുടർന്നുകൊണ്ടു പോകാൻ അതിജീവിത നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ നമുക്ക് ബാധ്യതയുണ്ടെന്ന് സംഘാടക സമിതി പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.