എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം;ഒഡിഷ സ്വദേശി പിടിയിൽ
text_fieldsതേഞ്ഞിപ്പലം: പെരുവള്ളൂർ പറമ്പിൽ പീടികയിലുള്ള കനറ ബാങ്ക് എ.ടി.എം കുത്തിത്തുറന്ന് പണം കവരാൻ ശ്രമം, അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡിഷ സ്വദേശി രാമചന്ദ്ര ബന്ദ്രയെയാണ് (20) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് കവർച്ചാശ്രമം നടന്നത്. രാത്രി പത്തരക്ക് മോഷ്ടാവ് എ.ടി.എം കൗണ്ടറിൽ കയറിയതായി സി.സി ടി.വിയിൽ പതിഞ്ഞിരുന്നു. കൗണ്ടറിൽ കയറിയ മോഷ്ടാവ് സാനിറ്റൈസർ ഉപയോഗിച്ചിരുന്നു. 12.30 വരെ മോഷ്ടാവ് എ.ടി.എമ്മിനുള്ളിലുണ്ടായതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മുഖംമൂടി, മാസ്ക്, ഹെൽമറ്റ് ഒന്നും ധരിക്കാതെയായിരുന്നു എത്തിയത്. പത്തരക്ക് അകത്ത് പ്രവേശിച്ചതിന് ശേഷം പിന്നീട് പുറത്തുപോയി പത്ത് മിനിട്ട് കഴിഞ്ഞ് തിരിച്ചെത്തിയാണ് എ.ടി.എം തകർത്തത്.
ഉപകരണങ്ങൾ ഉപയോഗിച്ച് തകർത്തെങ്കിലും പണം നഷ്ടമായില്ല. ഇതേ ദിവസം രാത്രി ഒന്നരക്ക് തേഞ്ഞിപ്പലം പൊലീസ് ഇൗ വഴി പട്രോളിങ് നടത്തിയിരുന്നെങ്കിലും എ.ടി.എം തകർത്തത് ശ്രദ്ധയിൽപെട്ടില്ല. വ്യാഴാഴ്ച രാവിലെ പണമെടുക്കാൻ വന്നയാളാണ് എ.ടി.എം തകർക്കപ്പെട്ടത് ആദ്യം കണ്ടത്. വിവരമറിയിച്ചതനുസരിച്ചെത്തിയ തേഞ്ഞിപ്പലം പൊലീസ് പരിശോധന നടത്തി. സി.സി ടി.വി ദൃശ്യത്തിൽനിന്ന് ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് താമസിക്കുന്ന സ്ഥലം പൊലീസിന് പറഞ്ഞുകൊടുത്തത്.
ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻ, എസ്.ഐ പി. ബാബുരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.പി. സജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ സജീഷ്, വിജേഷ്, വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.